'എല്ലാം മറന്ന്..'; ഹൃദയസ്പർശിയായ പാട്ടുമായി ഒരുകൂട്ടം ഡോക്ടർമാർ, റിയൽ ഹീറോകളെന്ന് സൈബർ ലോകം- വീഡിയോ
57 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു ഡോക്ടർ അതിമനോഹരമായി ഗാനം ആലപിക്കുന്നതും മറ്റ് ഡോക്ടർമാർ ഏറ്റുപാടുന്നതും കാണാം.
കൊവിഡ് 19 എന്ന മഹാമാരിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ലോക ജനത. നിരവധി ഡോക്ടർമാരും നഴ്സുമാരുമാണ് തങ്ങളുടെ ഉറ്റവരെയും നാടും വീടും ഉപേക്ഷിച്ച് മറ്റുള്ളവരുടെ ആരോഗ്യത്തിനായി അഹോരാത്രം പ്രയത്നിക്കുന്നത്. ഈ അവസരത്തിൽ ഒരു കൂട്ടം ഡോക്ടർമാരുടെ പാട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
രാജസ്ഥാനിലെ ഒരു ആശുപത്രിയിലെ ഡോക്ടർമാരാണ് 'ഹം ഹിന്ദുസ്ഥാനി' എന്ന സിനിമയിലെ 'ചോഡോ കൽ കി ബാത്തേ' എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുന്നത്. രാജസ്ഥാൻ മെഡിക്കൽ ഹെൽത്ത് ആന്റ് ഫാമിലി വെൽഫെയർ ഗവൺമെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി രോഹിത് കുമാർ സിംഗാണ് ഇതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.
57 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു ഡോക്ടർ അതിമനോഹരമായി ഗാനം ആലപിക്കുന്നതും മറ്റ് ഡോക്ടർമാർ ഏറ്റുപാടുന്നതും കാണാം. സംരക്ഷണ വസ്ത്രങ്ങളും മാസ്ക്കും ധരിച്ചിരിക്കുന്നതിനാൽ വീഡിയോയിൽ ഇവരുടെ മുഖം ദൃശ്യമല്ല. ആറ് ഡോക്ടർമാരാണ് വീഡിയോയിലുള്ളത്.
മാർച്ച് 25ന് ഷെയർ ചെയ്യപ്പെട്ട വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേരാണ് ഡോക്ടർമാരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. 'ഇവരാണ് യഥാർത്ഥ ഹീറോകൾ, നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു' എന്നൊക്കെയാണ് സൈബർ ലോകത്തിന്റെ പ്രതികരണങ്ങൾ.