12ാം നിലയിൽ നിന്ന് താഴേക്ക് വീണ കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് ഡെലിവറി ഡ്രൈവർ
വാഹനത്തിന്റെ വിന്റോയിലൂടെ നോക്കിയപ്പോൾ 12ാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് തൂങ്ങി നിൽക്കുകയാണ് 2 വയസ്സുള്ള കുഞ്ഞ്...
ഹനോയ്: അതിസാഹസികമായി ഒരു കുഞ്ഞിനെ രക്ഷിച്ച ഡെലിവറി ഡ്രൈവറെ പ്രശംസിക്കുകയാണ് ഇപ്പോൾ ഇന്റർനെറ്റ്. ഒരു കെട്ടിടത്തിന്റെ 12ാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണ കുഞ്ഞിനെ കൈകളിലൊതുക്കിയാണ് ഇയാൾ തരംഗമായി മാറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ വൈറലാകുന്നത്.
വിയറ്റ്നാമിലാണ് സംഭംവം. ഒരു ഫ്ളാറ്റിന് മുന്നിലെ റോഡിൽ ഡെലിവറി വാഹനത്തിൽ ഇരിക്കുകയായിരുന്നു 31കാരനായ ങ്ക്യുയെൻ ങ്കോഗ് മാൻ. പെട്ടന്നാണ് ഒരു സ്ത്രീയുടെ ശബ്ദം ഇയാൾ കേട്ടത്. വാഹനത്തിന്റെ വിന്റോയിലൂടെ നോക്കിയപ്പോൾ 12ാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് തൂങ്ങി നിൽക്കുകയാണ് 2 വയസ്സുള്ള കുഞ്ഞ്.
മുന്നിലുണ്ടായിരുന്ന ഫ്ലാറ്റിന്റെ മതിൽ ചാടിക്കടന്ന് അപ്പുറത്തെത്തുകയും കുഞ്ഞ് താഴേക്ക് പതിച്ചപ്പോൾ നിമിഷ നേരംകൊണ്ട് കൈകളിൽ ഏറ്റുവാങ്ങുകയും ചെയ്തു. കുട്ടി താഴെയുള്ള മെറ്റാലിക് റൂഫിലേക്കാകും വീഴുകയെന്ന് മനസ്സിലാക്കിയ ഇയാൾ ഓടി അതിന് മുകളിൽ കയറിയാണ് കുഞ്ഞിനെ പിടിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ റൂഫ് പൊട്ടി ഇയാളുടെ കാൽ താഴേക്ക് തൂങ്ങി നിൽക്കുന്നത് വീഡിയോയിൽ കാണാം.
കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചു. ചെറിയ പരിക്കുകൾ മാത്രമാണ് കുഞ്ഞിന് സംഭവിച്ചത്. വീഡിയോ വൈറലായതോടെയ ഡെലിവറി ഡ്രൈവറെ ഏറ്റെടുത്തിരിക്കുകയാണ് ഇന്റർനെറ്റ്.