‘കരുണയുടെ കരങ്ങൾ‘; യാത്രക്കാർക്ക് ഭക്ഷണവും മാസ്കും നൽകി എയർപോർട്ട് ജീവനക്കാർ- വീഡിയോ വൈറൽ
ഫ്ലൈറ്റ് കാത്തിരിക്കുന്ന യാത്രക്കാർക്കാണ് ജീവനക്കാർ ഭക്ഷണവും മാസ്കും കൈമാറുന്നത്. ദില്ലി എയർപോർട്ടിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
കൊവിഡ് 19നുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. അത്തരത്തിൽ എയർപോർട്ടിൽ എത്തുന്ന യാത്രക്കാർക്ക് മാസ്കും ഭക്ഷണപ്പൊതികളും നൽകുന്ന ജീവനക്കാരുടെ വീഡിയോ സമൂഹമാധ്യമങ്ങൾ വൈറലാകുകയാണ്. ദില്ലി ഇന്റർനാഷണൽ എയർപോർട്ടിലാണ് സംഭവം.
ഫ്ലൈറ്റ് കാത്തിരിക്കുന്ന യാത്രക്കാർക്കാണ് ജീവനക്കാർ ഭക്ഷണവും മാസ്കും കൈമാറുന്നത്. ദില്ലി എയർപോർട്ടിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. "ഈ പരീക്ഷണ സമയത്ത്, നിങ്ങളുടെ അഭിനന്ദനമാണ് ഞങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത്. യാത്രക്കാരെ സഹായിക്കാനും സാധ്യമായ എല്ലാ പിന്തുണയും നൽകാനും ഞങ്ങൾ പരമാവധി ശ്രമിക്കുന്നു," എന്ന കുറിപ്പും വീഡിയോയ്ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.
ഹർഷാരവത്തോടെ ജീവനക്കാർക്ക് നന്ദി അറിയിക്കുന്ന യാത്രക്കാരെയും വീഡിയോയിൽ കാണാം. യാത്രക്കാർക്ക് ഭക്ഷണവും മാസ്ക്കും വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങളും ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. എന്തായാലും വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധിപേരാണ് ജീവനക്കാരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.