പശുവിന്റെ വായിൽ കടിച്ച് പിറ്റ്ബുൾ, പിടിവിടുവിക്കാൻ പെടാപാട് പെട്ട് ഉടമ, പശുവിന് ഗുരുതര പരിക്ക്
പശുവിനെ രക്ഷിക്കാൻ ഉടമയും മറ്റുള്ളവരും ചേര്‍ന്ന് കഠിനമായി ശ്രമിക്കുന്നുണ്ടെങ്കിലും നായ അതിനെ വിടാതെ പിടികൂടുകയായിരുന്നു.
ലക്നൗ : പിറ്റ്ബുൾ നായയുടെ കടിയേറ്റ് ഗുരുതര പരിക്കുമായി പശു. ഉത്തര്‍പ്രദേശിലെ കാൺപൂരിലാണ് സംഭവം നടന്നത്. പശുവിന്റെ വായിൽ തന്നെയാണ് പിറ്റ് ബുൾ കടിച്ചത്. കടിയേറ്റ് പണിപ്പെടുന്ന പശുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പശുവിനെ രക്ഷിക്കാൻ ഉടമയും മറ്റുള്ളവരും ചേര്‍ന്ന് കഠിനമായി ശ്രമിക്കുന്നുണ്ടെങ്കിലും നായ അതിനെ വിടാതെ പിടികൂടുകയായിരുന്നു. വലിയ മുറിവാണ് നായയുടെ ആക്രമണത്തിൽ പശുവിന്റെ വായിൽ ഉണ്ടായത്.
പശുവിന് ആന്റി റാബിസ് വാക്സിൻ നൽകുമെന്ന് ചീഫ് മെഡിക്കൽ ഓഫീസര്‍ ആര്‍ കെ നിരഞ്ജൻ പറഞ്ഞു. വലിപ്പം കുറവാണെങ്കിലും വലിയ അക്രമകാരികളായ നായകളാണ് പിറ്റ് ബുള്ളുകൾ. കൃത്യമായി പരിപാലിക്കാനാകാത്ത ആളുകളുടെ കൈയ്യിൽ പെടുമ്പോൾ ഇവ കൂടുതൽ അക്രമകാരികളാകാറുണ്ട്. പിറ്റ് ബുള്ളുകൾ ആക്രമിച്ചതിന്റെ നിരവധി റിപ്പോര്‍ട്ടുകളാണ് അടുത്ത കാലത്തായി പുറത്തുവന്നിരിക്കുന്നത്.
അതേസമയം പിറ്റ് ബുൾ വര്‍ഗത്തിൽപ്പെട്ട നായ കടിച്ച് ഉടമയുടെ അമ്മ മരിച്ച സംഭവം മാസംങ്ങൾക്ക് മുമ്പ് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. അതിന് പിന്നാലെ ഇപ്പോഴിതാ പിറ്റ് ബുള്ളുകളെ അതിന്റെ ഉടമകൾ ഒന്നടങ്കം ഉപേക്ഷിക്കുകയാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. നോയിഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു എൻജിഒയുടെ നോയിഡയിലെ തെരുവ് നായകൾക്കായുള്ള ആലയത്തിന് മുന്നിൽ ആറ് ബിറ്റ് ബുള്ളുകളെയാണ് അതിന്റെ ഉടമകൾ ഉപേക്ഷിച്ച് പോയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഇത്രയും പിറ്റ്ബുള്ളുകൾ ഉപേക്ഷിക്കപ്പെട്ടതെന്ന് എൻജിഒ സ്ഥാപകൻ സഞ്ജയ് മൊഹാപത്ര പറഞ്ഞു.
രാജ്യത്ത് അങ്ങോളമിങ്ങളമുള്ള പിറ്റ് ബുൾ് ഉടമകളിൽ നിന്നായി 200 ലേറെ ഫോൺ കോളുകളാണ് ഇതിനോടകം ഇവര്‍ക്ക് ലഭിച്ചത്. ലക്നൗവിൽ ഉടമയുടെ അമ്മയെ പിറ്റ് ബുൾ നായ കൊന്നതിന് പിന്നാലെയാണ് ഇതെന്നും ഇവര്‍ പറയുന്നു. 82 കാരിയായ സ്ത്രീയെയാണ് നായ കടിച്ചുകൊന്നത്. നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ അധികം വൈകാതെ മരിക്കുകയായിരുന്നു. ഇതോടെ പിറ്റ് ബുള്ളിനെ വീട്ടിൽ വളര്‍ത്താൻ ആളുകൾക്ക് ഭയമായതാണ് ഉപേക്ഷിക്കലിന് കാരണം.
Read More : വളർത്തുനായയുടെ ആക്രമണം, സ്ത്രീ മരിച്ചു, പിറ്റ് ബുൾ അപകടകാരിയോ