വളര്‍ത്തുപൂച്ചക്ക് അയല്‍ക്കാരി ഭക്ഷണം നല്‍കുന്നത് വിലക്കാന്‍ ദമ്പതികള്‍ ചെലവിട്ടത് 18 ലക്ഷം
പൂച്ചയെ തുടര്‍ച്ചയായി വീട്ടില്‍ നിന്ന് കൂടുതല്‍ സമയം കാണാതാവാന്‍ തുടങ്ങുകയും ഓരോ തവണ തിരികെയെത്തുമ്പോള്‍ തങ്ങളുടേതല്ലാത്ത ബെല്‍റ്റുകള്‍ പൂച്ചയുടെ കഴുത്തില്‍ കാണാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് ദമ്പതികള്‍ക്ക് സംശയം തുടങ്ങിയത്.
ലണ്ടന്‍: വളര്‍ത്തുപൂച്ചയെ വ്യത്യസ്ത ഭക്ഷണം നല്‍കി മയക്കിയെടുക്കാന്‍ ശ്രമിച്ച അയല്‍ക്കാരിക്കെതിരെ കോടതിയെ സമീപിച്ച് യുവദമ്പതികള്‍. ലണ്ടനിലെ ഹാമ്മര്‍സ്മിത്ത് ഗ്രോവിലാണ് സംഭവം. ജോണ്‍ ഹോള്‍, ജാക്കി ദമ്പതികളാണ് അയല്‍ക്കാരിയായ നിക്കോള ലെസ്ബിരലിനെതിരെ കോടതിയിലെത്തിയത്. നീളംകൂടിയ രോമങ്ങളും ഇടതൂര്‍ന്ന രോമമുള്ള വാലുകളും ഇണക്കമുള്ളതുമായ മെയ്ൻ കൂൺ പൂച്ച വിഭാഗത്തില്‍പ്പെടുന്ന ഓസി എന്ന പൂച്ചയാണ് വ്യവഹാരങ്ങളുടെ കാരണഹേതു.
ഓസിയെ തുടര്‍ച്ചയായി വീട്ടില്‍ നിന്ന് കൂടുതല്‍ സമയം കാണാതാവാന്‍ തുടങ്ങുകയും ഓരോ തവണ തിരികെയെത്തുമ്പോള്‍ തങ്ങളുടേതല്ലാത്ത ബെല്‍റ്റുകള്‍ പൂച്ചയുടെ കഴുത്തില്‍ കാണാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് ദമ്പതികള്‍ക്ക് സംശയം തുടങ്ങിയത്. പൂച്ചയുടെ ബെല്‍റ്റില്‍ ജിപിഎസ് ഘടിപ്പിച്ച ദമ്പതികള്‍ നിക്കോളയുടെ വീട്ടിലേക്കാണ് ഓസി പോവുന്നതെന്ന് കണ്ടെത്തി. പിന്നീട് ദമ്പതികള്‍ നടത്തിയ അന്വേഷണത്തില്‍ നിക്കോള ഓസിക്ക് മാംസാഹാരം നല്‍കുന്നത് കണ്ടെത്തുകയായിരുന്നു.
തങ്ങളുടെ പൂച്ചയ്ക്ക് ഭക്ഷണം നല്‍കുന്നത് നിര്‍ത്തണമെന്ന് നിരവധി തവണ ദമ്പതികള്‍ ആവശ്യപ്പെട്ടെങ്കിലും നിക്കോള അത് പരിഗണിക്കാതെ വന്നതോടെയാണ് ദമ്പതികള്‍ കോടതിയിലെത്തിയത്. നാലുവര്‍ഷമായി നടന്നുവരുന്ന നിയമ പോരാട്ടത്തിനാണ് ഒടുവില്‍ പൂച്ചയ്ക്ക് ഭക്ഷണം നല്‍കില്ലെന്ന് നിക്കോള കോടതിയില്‍ സമ്മതിക്കുകയായിരുന്നു. 2014ല്‍ വാങ്ങിയ ഓസിയെ 2015 മുതലാണ് നിക്കോളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
കോടതിയില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വാദിച്ച നിക്കോളെ ഓസിക്ക് ഏത് വീട് വേണമെന്ന് അറിയാമെന്നും വാദിച്ചു. 18.47 ലക്ഷം രൂപയാണ് നാലുവര്‍ഷമായി നീളുന്ന കേസിനായി ഇതുവരെ ചിലവിട്ടിരിക്കുന്നത്. പ്രമുഖ ലാന്‍ഡ്സ്കേപ് പൂന്തോട്ട വിദഗ്ധയായ നിക്കോളിനോട് ഓസിക്ക് ഭക്ഷണം നല്‍കരുതെന്ന് വിശദമാക്കിയാണ് കോടതി കേസ് തീര്‍പ്പാക്കിയത്.