ശക്തമായ മഴയിൽ നാല് മണിക്കൂർ നടുറോഡിൽ നിന്ന് ട്രാഫിക് നിയന്ത്രണം, ഒടുവിൽ പൊലീസുകാരന് സർപ്രൈസ്
തിരക്കേറിയ വിവിഡി ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനായിരുന്നു ശക്തമായ മഴയിലും മുത്തുരാജിന്റെ ശ്രമം. ഒരുമിനുട്ട് ദൈർഘ്യമുള്ള വീഡിയോയിൽ റെയിൻരകോട്ട് ധരിച്ച് മുത്തുരാജ് ട്രാഫിക് നിയന്ത്രിക്കുന്നത് കാണാം.
തൂത്തുക്കുടി: വെയിലായാലും മഴയായാലും ഡ്യൂട്ടി തന്നെ ഫസ്റ്റ്! പ്രത്യേകിച്ച് ട്രാഫിക് നിയന്ത്രണത്തിൽ വെയിലും മഴയുമൊന്നും മാറിനിൽക്കാൻ കാരണമാകാറേയില്ല. അത്തരമൊരു കാഴ്ചയാണ് തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് വരുന്നത്. നാല് മണിക്കൂർ തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്ന് പൊലീസുകാരന്റെ വീഡിയോയാണ് വൈറലാകുന്നത്. കോൺസ്റ്റബിൾ മുത്തുരാജാണ് മഴയെപ്പോലും വകവയ്ക്കാതെ തന്റെ ജോലിയിൽ വ്യാപൃതനായത്.
തിരക്കേറിയ വിവിഡി ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനായിരുന്നു ശക്തമായ മഴയിലും മുത്തുരാജിന്റെ ശ്രമം. ഒരുമിനുട്ട് ദൈർഘ്യമുള്ള വീഡിയോയിൽ റെയിൻരകോട്ട് ധരിച്ച് മുത്തുരാജ് ട്രാഫിക് നിയന്ത്രിക്കുന്നത് കാണാം.
പൊലീസ് സൂപ്രണ്ട് എസ് ജയകുമാറിന്റെ ശ്രദ്ധയിൽ വീഡിയോ പെട്ടതോടെ മുത്തുരാജിന് കിട്ടിയത് സർപ്രൈസാണ്. സംഭവസ്ഥലത്തേക്ക് നേരിട്ടെത്തിയ എസ്പി മുത്തുരാജിന് സമ്മാനം നൽകി. അദ്ദേഹത്തിന്റെ ഉത്തരവാദിത്വം തിരിച്ചറിയപ്പെടണമെന്ന് എസ്പി പറഞ്ഞു. കായികതാരവും ബിരുദധാരിയുമാണ് 34കാരനായ മുത്തുരാജ്.