Transgender Police : ഒന്നിച്ചൊരു ചിത്രമായി ട്രാൻസ്ജെൻഡർ പൊലീസ്; 'കലണ്ടർ മനോഹരം തന്നെ'യെന്ന് സോഷ്യൽമീഡിയ
ചിത്രം കലണ്ടറിൽ നൽകിയ ചത്തിസ്ഗഡ് സർക്കാരിനെ ഏവരും അഭിനന്ദിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടരണമെന്ന ആവശ്യം ഉന്നയിക്കുന്നവരും കുറവല്ല
റായ്പൂർ: ട്രാൻസ്ജെൻഡർ സമൂഹത്തിന് വലിയ തോതിലുള്ള പിന്തുണയാണ് ഛത്തിസ്ഗഡ് സർക്കാർ (Government of Chhattisgarh) നൽകുന്നത്. മറ്റ് പല സംസ്ഥാനങ്ങളും സർക്കാർ സർവ്വീസിൽ ഇവരെ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ഭൂപേഷ് ബാഗൽ (Bhupesh Baghel) സർക്കാർ അത് നടപ്പാക്കി കാണിച്ചിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ 13 ട്രാൻസ്ജെൻഡർമാർക്ക് (Transgender People) പൊലീസിൽ നിയമനം നൽകിയ വാർത്ത അന്ന് ദേശീയ തലത്തിൽ വലിയ കയ്യടിയാണ് നേടിയത്. ഇപ്പോഴിതാ 2022 ലെ സർക്കാർ കലണ്ടർ (Calendar 2022) കണ്ടവരെല്ലാം അതേ കയ്യടി വീണ്ടുമാവർത്തിക്കുകയാണ്.
2022 കലണ്ടറിലെ സെപ്തംബർ മാസത്തിലെ മുഖചിത്രമായിരിക്കുന്നത് സംസ്ഥാന പൊലീസിലെ ട്രാൻസ്ജെൻഡറുകളാണ്. പൊലീസ് വേഷത്തിൽ മനോഹരമായി പുഞ്ചിരിച്ച് നിൽക്കുന്ന അവരുടെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രം കലണ്ടറിൽ നൽകിയ ചത്തിസ്ഗഡ് സർക്കാരിനെ ഏവരും അഭിനന്ദിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടരണമെന്ന ആവശ്യം ഉന്നയിക്കുന്നവരും കുറവല്ല.
2021 മാർച്ചിലായിരുന്നു 13 ട്രാന്‍സ്ജെന്‍ഡര്‍മാരാണ് കോണ്‍സ്റ്റബിള്‍മാരായി ഛത്തിസ്ഗഡ് പൊലീസില്‍ നിയമനം നേടിയത്. തികച്ചും മെറിറ്റിന്‍റെ അടിസ്ഥാനത്തിലായിരുന്നു നിയമനം നേടിയതെന്നത് അവരുടെ തിളക്കം വർധിപ്പിച്ചു. 2017-18 കാലഘട്ടത്തിലായിരുന്നു പരീക്ഷ നടന്നത്. മാര്‍ച്ച് ഒന്നിന് പരീക്ഷ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇവരുടെ നിയമന ഉത്തരവ് വന്നത്. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും അവരോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ മാറ്റം വരുന്നതിനുമാണ് ഈ ചരിത്ര നീക്കമെന്ന് സര്‍ക്കാര്‍ അന്ന് വ്യക്തമാക്കിയിരുന്നു.
13 പേര്‍ക്ക് നിയമനം നല്‍കിയെന്നും രണ്ടുപേര്‍ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് ഛത്തിസ്ഗഡ് ഡിജിപി ഡിഎം അവാസ്തി അന്ന് പറഞ്ഞത്. 13 പേരില്‍ എട്ടുപേര്‍ തലസ്ഥാന നഗരമായ റായ്പുരിൽ നിന്നുള്ളവരായിരുന്നു. രണ്ടുപേര്‍ രാജ്‌നന്ദഗോണ്‍ സ്വദേശികൾ, ബിലാസ്പുര്‍, കോര്‍ബ, സുര്‍ഗുജ സ്വദേശികളാണ് മറ്റുള്ളവർ. എല്ലാവരെയും പൊലീസ് സേനയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഭാവിയില്‍ ട്രാന്‍സ്‌ജെന്‍ഡർ സമൂഹത്തിൽ നിന്നുള്ള കൂടുതൽ പേർ പൊലീസ് സേനയുടെ ഭാഗമാകട്ടെയെന്നും ഡിജിപി അന്ന് ആശംസിച്ചിരുന്നു.