'കൊട്ടിക്കയറും താളം'; വിവാഹ വേഷത്തിൽ ചെണ്ടയിൽ കൊട്ടിക്കയറി വധു, കൂട്ടിന് അച്ഛനും വരനും - വൈറൽ വീഡിയോ
വിവാഹ ചടങ്ങുകളിലെ പതിവ് രീതികളിൽ നിന്നും വിത്യസ്തമായി വധു ചെണ്ടയുമായി വേദിയിലെത്തിയപ്പോൾ ആദ്യം സദസ്സ് അമ്പരന്നു. കൂടെ കൊട്ടാൻ സകല ചുവടുമായി പൊന്നൻസ് ശിങ്കാരിമേളത്തിലെ കലാകാരൻമാർക്കൊപ്പം വധുവും, അച്ഛനും, വരനും കൂടി എത്തിയപ്പോൾ അതിഥികളായി എത്തിയവരും ശിങ്കാരിമേളത്തിനൊപ്പം ചുവടു വച്ചു.
തൃശ്ശൂർ: വിവാഹ ചടങ്ങുകളിലെ പതിവ് രീതികളിൽ നിന്നും വിത്യസ്തമായി വധു ചെണ്ടയുമായി വേദിയിലെത്തിയപ്പോൾ ആദ്യം സദസ്സ് അമ്പരന്നു. കൂടെ കൊട്ടാൻ സകല ചുവടുമായി പൊന്നൻസ് ശിങ്കാരിമേളത്തിലെ കലാകാരൻമാർക്കൊപ്പം വധുവും, അച്ഛനും, വരനും കൂടി എത്തിയപ്പോൾ അതിഥികളായി എത്തിയവരും ശിങ്കാരിമേളത്തിനൊപ്പം ചുവടു വച്ചു.
ഗുരുവായൂർ ശ്രികൃഷ്ണ ക്ഷേത്രത്തിൽ താലി കെട്ടിനു ശേഷം രാജ വത്സത്തിൽ ഞായറാഴ്ച നടന്ന വിവാഹ ചടങ്ങിലാണ് വധു ഇഷ്ടവാദ്യത്തിനൊപ്പം, കല്യാണ വേഷത്തിൽ ചെണ്ടയിൽ കൊട്ടിക്കയറിയത്. കണ്ടാണശേരി ചൊവ്വല്ലൂർ സ്വദേശി പാലിയത്ത് ശ്രീകുമാറിന്റെയും രശ്മിയുടെയും മകളാണ് ശില്പ.
കഴിഞ്ഞ എട്ട് വർഷമായി ദല എന്ന സംഘടനയിലുടെ ഷൈജു കണ്ണൂർ, രാജീവ് പാലക്കാട്, സദനം രാജേഷ് എന്നിവരുടെ കീഴിൽ പാണ്ടിമേളത്തിലും, പഞ്ചാരിമേളത്തിലും, ഒപ്പം ശിങ്കാരിമേളത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട് ശിൽപ. യു എ ഇയിലെ വിവിധ വേദികളിലും, ആഘോഷങ്ങളിലും ചെണ്ടയിൽ വിസ്മയം തീർത്ത് കൈയ്യടി നേടി.
കഴിഞ്ഞ 35 വർഷമായി ശ്രീകുമാറും കുടുംബവും യുഎഇയിലാണ്. അബുദാബി പോർട്ടിന് കീഴിൽ ഗ്ലോബൽ ഷിപ്പിംഗ് എന്ന സ്ഥാപനത്തിലാണ് ശ്രീകുമാർ ജോലി ചെയ്യുന്നത്. മകൾ ശില്പ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം പുർത്തിയാക്കി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ ഫസിലിറ്റി മാനേജ്മെൻ്റ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. വരൻ കണ്ണൂർ സ്വദേശി ദേവാനന്ദ് എഞ്ചിനീയറായി യുഎഇയിൽ ജോലി ചെയ്യുകയാണ്.