പുതിയ ട്രെന്‍ഡ് 'കൊക്ക് മാസ്ക്'; കൊവിഡ് വീണ്ടും സജീവമാകുന്നതിനിടെ ചിരിപ്പിക്കും വീഡിയോ
2019ലാണ് കൊവിഡ് ലോകത്തെ വ്യാപകമായി അടച്ചിടലുകളിലേക്ക് എത്തിച്ചത്. ആ ആശങ്കകള്‍ വീണ്ടും സജീവമാകുന്നതിനിടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്
ദില്ലി: കൊവിഡ് ഭീതി വീണ്ടും സജീവമാകുന്നതിനിടെ വൈറലായി ഒരു വീഡിയോ. പ്രത്യേക തരം മാസ്ക് ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്ന യുവാവിന്‍റെ വീഡിയോയാണ് വൈറലാവുന്നത്. 2019ലാണ് കൊവിഡ് ലോകത്തെ വ്യാപകമായി അടച്ചിടലുകളിലേക്ക് എത്തിച്ചത്. ആ ആശങ്കകള്‍ വീണ്ടും സജീവമാകുന്നതിനിടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഒമിക്രോണ്‍ ബി എഫ് 7നാണ് നിലവില്‍ ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പ്രേരിപ്പിക്കുന്നത്.
പതിമൂന്ന് സെക്കന്‍ഡുള്ള വീഡിയോയില്‍ പക്ഷിയുടെ ചുണ്ടിന് സമാനമായ ഒരു മാസ്ക് ധരിച്ച് ഭക്ഷണം കഴിക്കുന്ന യുവാവിനെയാണ് കാണിക്കുന്നത്. ചുണ്ടിന്റെ നടുവിലുള്ള മധ്യത്തിലുള്ളവിടവിലൂടെയാണ് ഭക്ഷണം കഴിപ്പ്. മാസ്ക് ചെറിയ വള്ളികൊണ്ട് ചെവിയിലൂടെ കെട്ടിയിട്ടുമുണ്ട്. മാസ്കിന്‍റെ പുതിയ വകഭേദമെന്ന പേരിലാണ് വീഡിയോ വൈറലാവുന്നത്. എന്നാല്‍ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.
അതേസമയം കൊവിഡ് വ്യാപനത്തിൽ ജാഗ്രത കൂട്ടി കേന്ദ്രം. ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ വിദേശത്തുനിന്ന് എത്തുന്നവരിൽ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരിൽ തെർമൽ സ്കാനിംഗ് നടത്തും. പുതുവത്സരാഘോഷങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും മാസ്ക് ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. അടുത്ത ഒരാഴ്ച സ്ഥിതി വിലയിരുത്തിയ ശേഷമാകും തുടർനടപടികൾ.