40 ഇനങ്ങളിലായി 2500 ബോൺസായ് വൃക്ഷങ്ങൾ; ടെറസ്സിൽ 'ചെറുവനം' സൃഷ്ടിച്ച് സോഹൻലാൽ
250 ഓളം ബോൺസായി വൃക്ഷങ്ങൾ നട്ടുവളർത്തിയ, മുംബൈ സ്വദേശിനിയായ സ്ത്രീയെക്കുറിച്ചുള്ള ഒരു ലേഖനമാണ് തന്റെ പ്രചോദനമെന്ന് സോഹൻലാൽ വ്യക്തമാക്കുന്നു.
കൊൽക്കത്ത: മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയാണ് സോഹൻലാൽ ദ്വിവേദി. പരിസ്ഥിതി ദിനത്തിൽ ഇദ്ദേഹത്തെക്കുറിച്ച് പരാമർശിക്കാൻ ഒരു കാരണമുണ്ട്. ഇദ്ദേഹത്തിന്റെ വീടിന്റെ ടെറസ്സിൽ ഒരു കൊച്ചുവനമുണ്ട്. 40 ഇനങ്ങളിലായി 2500 ബോൺസായ് വൃക്ഷങ്ങളാണ് സോഹൻലാൽ ദ്വിവേദിയുടെ വീടിന്റെ ടെറസിലുള്ളത്. സംസ്ഥാന വൈദ്യുതി ബോർഡിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. 250 ഓളം ബോൺസായി വൃക്ഷങ്ങൾ നട്ടുവളർത്തിയ, മുംബൈ സ്വദേശിനിയായ സ്ത്രീയെക്കുറിച്ചുള്ള ഒരു ലേഖനമാണ് തന്റെ പ്രചോദനമെന്ന് സോഹൻലാൽ വ്യക്തമാക്കുന്നു.
ഇവരെക്കുറിച്ച് വായിച്ചറിഞ്ഞപ്പോൾ സമാനമായ രീതിയിൽ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയെന്ന് സോഹൻലാലിന്റെ വാക്കുകൾ. ''ഏകദേശം നാൽപത് വർഷങ്ങൾക്ക് മുമ്പ് 250 ലധികം ബോൺസായ് വൃക്ഷങ്ങൾ നട്ടുവളർത്തിയ മുംബൈ സ്വദേശിനിയായ യുവതിയെക്കുറിച്ച് ഒരു ലേഖനം വായിച്ചു. അവരിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഞാൻ 2500 ബോൺസായ് വൃക്ഷങ്ങൾ നട്ടുവളർത്തിയത്.'' സോഹൻലാലിന്റെ വാക്കുകൾ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പൂർണ്ണവലിപ്പത്തിലുള്ള വൃക്ഷങ്ങളും ചെറുരൂപങ്ങളാണ് ബോൺസായ് വൃക്ഷങ്ങൾ. ആപ്പിൾ, പിയർ, പുളി തുടങ്ങിയ വൃക്ഷങ്ങളുൾപ്പെടെ നാൽപത് ഇനം വൃക്ഷങ്ങളുടെ ബോൺസായ് രൂപങ്ങളാണ് സോഹൻലാലിന്റെ പക്കലുള്ളത്.
''വൈദ്യുത ബോർഡിൽ ജോലി ചെയ്യുന്ന സമയത്ത് ലഭിക്കുന്ന ശമ്പളത്തിന്റെ ഭൂരിഭാഗവും ബോൺസായ് വൃക്ഷങ്ങൾക്ക് വേണ്ടിയാണ് ചെലവഴിച്ചത്. പ്രകൃതിസംരക്ഷണത്തിനും ചെടികൾക്കുമായി സമയം ചെലവഴിക്കാൻ ആളുകൾ തയ്യാറാകാതിരുന്ന സമയത്ത്, ഞാനേറ്റവും കൂടുതൽ സമയം ചെലവഴിച്ചത് പച്ചപ്പ് നിറഞ്ഞ ഈ ചെടികൾക്കൊപ്പം എന്റെ ടെറസിലായിരുന്നു.'' സോഹൻലാൽ പറഞ്ഞു. ബോൺസായ് വൃക്ഷങ്ങൾ വായു ശുദ്ധമായി നിലനിൽത്തുകയും പരിസ്ഥിതിയെ സഹായിക്കുകയും ചെയ്യുന്നവയാണെന്നും സോഹൻലാൽ ദ്വിവേദി പറഞ്ഞു.