'പ്രിയപ്പെട്ട അമ്മേ, ഈ ദിവസം മോശമായിരുന്നെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുന്നു,' ആറുവയസ്സുകാരി അമ്മയോട് പറഞ്ഞത്..
ഒരു മോശം ദിവസമാണ് ഈ കുറിപ്പ് വായിക്കുന്നതെങ്കിൽ, ഇത് നമ്മുടെ ദിവസത്തെ മാറ്റിമറിച്ചേക്കാം. സന്തോഷിപ്പിച്ചേക്കാം.
ഭൂമിയിലെ ഏറ്റവും മനോഹരമായ ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ളത്. അവർ തമ്മിലുള്ള ബന്ധത്തിന് ഒരു പ്രത്യേക ഭംഗിയും സൗന്ദര്യവുമുണ്ട്. ഇക്കാര്യങ്ങൾ ഊട്ടിയുറപ്പിക്കുന്ന പല വീഡിയോ ദൃശ്യങ്ങളും സംഭവങ്ങളും നമ്മുടെ കൺമുന്നിൽ സംഭവിക്കാറുണ്ട്. അമ്മയോട് അഗാധമായ സ്നേഹം പ്രകടിപ്പിക്കുന്ന ആറുവയസ്സുകാരിയായ കുട്ടി അമ്മക്കെഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറൽ.
ഒരു മോശം ദിവസമാണ് ഈ കുറിപ്പ് വായിക്കുന്നതെങ്കിൽ, ഇത് നമ്മുടെ ദിവസത്തെ മാറ്റിമറിച്ചേക്കാം. സന്തോഷിപ്പിച്ചേക്കാം. ഒറ്റ വരി മാത്രമേ ഈ കുറിപ്പിലുള്ളൂ. അതിങ്ങനെയാണ്, 'പ്രിയപ്പെട്ട അമ്മേ നിങ്ങൾക്ക് ഇന്നൊരു മോശം ദിവസമായിരുന്നെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു.'
ഈ ഒറ്റവരിയിൽ തന്നെയുണ്ട് അവൾക്ക് അമ്മയോടുള്ള സ്നേഹവും കരുതലും. അമ്മയുടെ പ്രയാസങ്ങളും സങ്കടങ്ങളും മനസ്സിലാക്കി, അമ്മക്കൊപ്പം നിൽക്കുന്നു എന്ന് കൂടി വരികൾക്ക് അർത്ഥമുണ്ട്. ആറുവയസ്സുകാരിയായ മകൾ തന്നെ മനസ്സിലാക്കിയതിന്റെ സന്തോഷം അമ്മയും മറച്ചു വെക്കുന്നില്ല. ഈ കുറിപ്പിന് അമ്മ പറഞ്ഞ മറുപടിയാണ് അതിനേക്കാൾ ഹൃദ്യം. 'ആറുവയസ്സുകാരി എഴുതിയ കുറിപ്പാണിത്. മരണം വരെ താനീ കുറിപ്പ് സൂക്ഷിച്ചുവെക്കും' എന്നാണ് അമ്മയുടെ മറുപടി.
ഈ കുറിപ്പ് ഹൃദയത്തോട് ചേർത്തുവെച്ച് സൂക്ഷിക്കാനാണ് സോഷ്യൽ മീഡിയ വായനക്കാരും അമ്മയോട് ആവശ്യപ്പെടുന്നത്. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിന് നിരവധി പേരാണ് ലൈക്ക് നൽകിയതും പ്രതികരണം അറിയിച്ചതും. മക്കളിൽ നിന്ന് തങ്ങൾക്ക് ലഭിച്ച സ്നേഹസമ്മാനങ്ങളെക്കുറിച്ചും കുറിപ്പുകളെക്കുറിച്ചും നിരവധി മാതാപിതാക്കൾ ഈ പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.