ഭംഗി കണ്ട് അതിശയിക്കേണ്ട, കൊടുംവിഷമുള്ള ഭീകരനാണ്; ഓൺലൈൻ ലോകം ഏറ്റെടുത്ത നീലപാമ്പിന്റെ വിശേഷങ്ങൾ
ലൈഫ് ഓൺ എർത്ത് എന്ന ട്വിറ്റർ അക്കൗണ്ടാണ് ഈ നീലപാമ്പിന്റെ 12 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഷെയർ ചെയ്തത്.
ഇൻഡോനീഷ്യ: ചുവന്ന റോസാപ്പൂവിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന നീലനിറമുള്ള പാമ്പ്. ഒറ്റനോട്ടത്തിൽ തന്നെ ആരും പറഞ്ഞു പോകും എന്തൊരു ഭംഗി എന്ന്. കഴിഞ്ഞ ദിവസം ഓൺലൈനിലെ വൈറൽ താരമായിരുന്നു നീലനിറമുള്ള ഈ സുന്ദരൻ പാമ്പ്. ലൈഫ് ഓൺ എർത്ത് എന്ന ട്വിറ്റർ അക്കൗണ്ടാണ് ഈ നീലപാമ്പിന്റെ 12 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഷെയർ ചെയ്തത്.
പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. എല്ലാവർക്കും പറയാനുള്ളത് ഈ പാമ്പിന്റെ ഭംഗിയെക്കുറിച്ചാണ്. അവിശ്വസനീയമായ വിധത്തിൽ മനോഹരമായത് എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്. ബ്ലൂ പിറ്റ് വൈപർ എന്ന് പേരുള്ള വിഷപാമ്പാണിത്. ഈ പാമ്പിന്റെ കടിയേറ്റാൽ ആന്തരികമായും ബാഹ്യമായും രക്തസ്രാവം സംഭവിക്കും. ഇന്തോനീഷ്യയിലും കിഴക്കൻ തിമോറിലും കാണപ്പെടുന്ന വൈറ്റ് ലിപ്ഡ് ഐലൻഡ് പിറ്റ് വൈപ്പർ എന്നയിനത്തിന്റെ വകഭേദമാണ് ഈ പാമ്പെന്ന് മോസ്കോ സൂ അധികൃതർ വ്യക്തമാക്കി.