കാമുകിക്ക് "സർപ്രൈസ് സമ്മാനം": കാമുകന്‍ പോലീസ് പിടിയില്‍
ദില്ലി മോഡൽ ടൗൺ സ്വദേശി വൈഭവ് ഖുറാന (22) ആണ് അറസ്റ്റിലായത്. ജന്മദിനത്തിൽ കാമുകിക്ക് നൽകാനാണ് ഡെലിവറി ബോയിയെ കബളിപ്പിച്ച് വൈഭവ് വാച്ച് മോഷ്ടിച്ചത്.
ദില്ലി: കാമുകിക്ക് സർപ്രൈസ് സമ്മാനം നൽകാൻ 90,000 രൂപ വില വരുന്ന റാഡോ വാച്ച് മോഷ്ടിച്ച കാമുകൻ പിടിയിൽ. ദില്ലി മോഡൽ ടൗൺ സ്വദേശി വൈഭവ് ഖുറാന (22) ആണ് അറസ്റ്റിലായത്. ജന്മദിനത്തിൽ കാമുകിക്ക് നൽകാനാണ് ഡെലിവറി ബോയിയെ കബളിപ്പിച്ച് വൈഭവ് വാച്ച് മോഷ്ടിച്ചത്.
90,000 രൂപ വില വരുന്ന റാഡോ ലേഡീസ് വാച്ച് ഓഫറിൽ 67,000 രൂപക്കാണ് വൈഭവ് ഒാൺലൈനിൽ ഓർഡർ ചെയ്തത്. എന്നാൽ വാച്ച് വാങ്ങാനുള്ള പണം ഇയാളുടെ കയ്യിലില്ലായിരുന്നു. തുടർന്ന് ക്യാഷ് ഓൺ ഡെലിവറി സംവിധാനത്തിലൂടെ വാച്ച് ബുക്ക് ചെയ്തു. ഇതിനായി വ്യാജ അഡ്രസ്സാണ് ഇയാൾ സൈറ്റിൽ നൽകിയത്.
വാച്ച് നൽകാനായി ഡെലിവറി ബോയ് വൈഭവിനെ ബന്ധപ്പെട്ടപ്പോൾ കശ്മീരി ഗേറ്റ് മെട്രോ സ്റ്റേഷന് പുറത്ത് വരാൻ ആവശ്യപ്പെട്ടു. എന്നാൽ ഇവിടെവച്ച് പണം വീട്ടിലാണെന്ന് പറഞ്ഞ് ഇയാൾ ഡെലിവറി ബോയിയെയും കൂട്ടി സിവിൽ ലൈനിലേക്ക് പോയി. തുടർന്ന് പ്രദേശത്തെ ഒരു വീട് ചൂണ്ടിക്കാട്ടി തന്റെതാണെന്ന് പറയുകയും വീടിൻെറ കോളിങ്ങ് ബെല്ലമർത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ ഡെലിവറി ബാഗുമെടുത്ത് വൈഭവ് ബൈക്കിൽ കടന്നുകളയുകയായിരുന്നു.
തുടർന്ന് ഡെലിവറി ബോയ് സഹു പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഓർഡർ ചെയ്ത മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. ഡൽഹിയിലെ ജിടിബി നഗറിലെ വീരേന്ദർ നാഥ സുക്ലുവെന്നയാളുടെ പേരിലുള്ള നമ്പറിലാണ് വൈഭവ് വാച്ച് ഓർഡർ ചെയ്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ ഈ നമ്പർ ഉപയോഗിക്കുന്നില്ലെന്ന് മനസ്സിലായി.
പിന്നീട് ഈ നമ്പറിൽ നിന്നും തുടർച്ചയായി പോയ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാമുകിയുടെ നമ്പർ കണ്ടെത്തിയത്. ഇവരാണ് വൈഭവിനെകുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. ഇയാളുടെ പക്കൽനിന്നും മോഷ്ടിച്ച വാച്ച് പൊലീസ് കണ്ടെടുത്തു. ബിടെക് ബിരുദധാരിയായ വൈഭവ് ഗുരുഗ്രാമിലെ ഒരു ഹോട്ടലിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയാണ്.