സെപ്റ്റംബറിൽ ആകെ യുപിഐ ഇടപാടുകളിൽ നേരിയ ഇടിവ് ഉണ്ടായെങ്കിലും പ്രതിദിന ഇടപാടുകൾ ചരിത്രത്തിലാദ്യമായി 80 കോടി കടന്നു. ഉത്സവ സീസൺ ആരംഭിച്ചതോടെ വലിയ തുകകളുടെ കൈമാറ്റമാണ് ഇതിന് കാരണമായത്. ഒക്ടോബർ 15 മുതൽ ചില യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനിരിക്കുന്നത് വ്യാപാരികളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ യുപിഐ ഇടപാടുകളില്‍ നേരിയ ഇടിവ്. എന്നാല്‍, ഒരു ദിവസം നടക്കുന്ന യുപിഐ ഇടപാടുകളുടെ എണ്ണം ചരിത്രത്തിലാദ്യമായി 80 കോടി കടന്നു എന്ന പ്രത്യേകതയും ഈ മാസത്തിനുണ്ട്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യപുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒക്ടോബര്‍ 15 മുതല്‍ തിരഞ്ഞെടുക്കപ്പെട്ട യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

കണക്കുകള്‍ പറയുന്നത്...

സെപ്റ്റംബറിലെ ആകെ യുപിഐ ഇടപാടുകളുടെ എണ്ണം 1.8 ശതമാനം കുറഞ്ഞ് 2407 കോടിയായി. ഓഗസ്റ്റില്‍ ഇത് 2451 കോടിയായിരുന്നു. കൈമാറ്റം ചെയ്യപ്പെട്ട തുകയുടെ അടിസ്ഥാനത്തില്‍ 1.5 ശതമാനം ഇടിവാണ് ഉണ്ടായത്. 29.82 ലക്ഷം കോടി രൂപയില്‍ നിന്ന് 29.37 ലക്ഷം കോടി രൂപയായി ഇത് കുറഞ്ഞു. എങ്കിലും പ്രതിദിന ശരാശരി കണക്കെടുത്താല്‍, ഒരു ദിവസം ഇന്ത്യക്കാര്‍ നടത്തിയത് 97,913 കോടി രൂപയുടെ 80.2 കോടി യുപിഐ ഇടപാടുകളാണ്. ഇത് എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്.

ഉത്സവ സീസണ്‍

ഉത്സവസീസണ്‍ ആരംഭിച്ചതാണ് ഈ മുന്നേറ്റത്തിന് കാരണം. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ പ്രതിദിന ഇടപാടുകള്‍ ഏകദേശം 96,000 കോടി രൂപയായിരുന്നു. അന്ന് ചെറിയ തുകകളുടെ ഇടപാടുകള്‍ വര്‍ധിച്ചതായിരുന്നു കാരണം. എന്നാല്‍ സെപ്റ്റംബര്‍ പകുതിയോടെ ഗണേശ ചതുര്‍ഥി അടക്കമുള്ളവ വന്നതോടെ ആളുകള്‍ വലിയ തുകകള്‍ യുപിഐ വഴി കൈമാറാന്‍ തുടങ്ങി.

യുപിഐക്ക് ഇനി ഫീസ് വരുമോ?

കഴിഞ്ഞ ആറു വര്‍ഷമായി യുപിഐ പൂര്‍ണമായും സൗജന്യമായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 15 മുതല്‍ പി2പി യുപിഐ ഇടപാടുകള്‍ക്ക് എന്‍പിസിഐ ഫീസ് ഏര്‍പ്പെടുത്തുകയാണ്. ഇതിനെപ്പറ്റി വ്യാപാരികള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.