കാർണെഗി ഇന്ത്യ ഗ്ലോബൽ ടെക്നോളജി സമ്മിറ്റ് നവംബർ 29 മുതൽ
ഓൺലൈൻ ആയി ഗ്ലോബൽ ടെക്നോളജി സമ്മിറ്റിൽ പങ്കെടുക്കാനാകും. ഇതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.
കാർണെഗി ഇന്ത്യ എല്ലാ വർഷവും ആഗോള വിദഗ്ധരെ പങ്കെടുപ്പിച്ച് നടത്തുന്ന ഗ്ലോബൽ ടെക്നോളജി സമ്മിറ്റ് (GTS - The Global Technology Summit) നവംബർ 29 മുതൽ ഡിസംബർ ഒന്ന് വരെ ന്യൂഡൽഹിയിൽ നടക്കും. ഇന്ത്യയുൾപ്പെടെ ലോകത്തിലെ അഞ്ച് രാജ്യങ്ങളിലെ നഗരങ്ങളിൽ പ്രവർത്തിക്കുന്ന, 150-ന് മുകളിൽ വിദഗ്ധർ ഉൾപ്പെടുന്ന ഒരു തിങ്ക്-ടാങ്ക് ആണ് കാർണെഗി എൻഡോവ്മെന്റ് ഫോർ ഇന്റർനാഷണൽ പീസ്.
ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം സഹപ്രായോജകരായ പരിപാടിക്ക് കർണാടക സംസ്ഥാന സർക്കാരും ഇന്ത്യയിലെ പ്രധാനപ്പെട്ട ടെക്നോളജി കമ്പനികളും പിന്തുണ നൽകുന്നു.
ജിയോപൊളിറ്റിക്സ് ഓഫ് ടെക്നോളജി (Geopolitics of Technology) എന്നതാണ് ഇത്തവണത്തെ സമ്മിറ്റിന്റെ പ്രമേയം. ടെക്നോളജി നയം, സൈബർ റെസിലിയൻസ്, ഡിജിറ്റൽ ഹെൽത്, സെമികണ്ടക്ടേഴ്സ്, ഇന്ത്യയുടെ ജി20 അധ്യക്ഷപദവി തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ വരും.
ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ള മന്ത്രിതല സാന്നിധ്യവും സർക്കാർ, വ്യവസായം, അക്കാദമിക്, പൊതുസമൂഹം എന്നിവിടങ്ങളിൽ നിന്നുള്ള ചർച്ചകളും നടക്കും. ഇന്ത്യയുടെ ജി20 ഷെർപ അമിതാഭ് കാന്ത്, കേന്ദ്ര സർക്കാരിന്റെ മുഖ്യ സയന്റിഫിക് അഡ്വൈസർ അജയ് കുമാർ സൂദ് എന്നിവർ പങ്കെടുക്കും.
ജപ്പാന്റെ സാമ്പത്തിക സുരക്ഷാ മന്ത്രി സനേ തകായ്ചി, ഇന്ത്യയുടെ ദേശീയ ആരോഗ്യ അഥോറിറ്റി സി.ഇ.ഒ ആർ.എസ്. ശർമ്മ, ഇന്റൽ കോർപ്പറേഷൻ ഇന്ത്യയുടെ അധ്യക്ഷ നിവൃതി റായ്, മൈക്രോസോഫ്റ്റ് ഏഷ്യ റീജ്യണൽ ഡയറക്ടർ മാർകസ് ബാർട്ട്ലി ജോൺസ്, മെറ്റ പ്രൈവസി പോളിസി ഡയറക്ടർ മെലിൻഡ ക്ലേബോ, യൂണിസെഫ് ഡിജിറ്റൽ ഹെൽത് സെന്റർ ഓഫ് എക്സലൻസ് കോർഡിനേറ്റർ ഷോൺ ബ്ലാസ്കെ, ഐക്യരാഷ്ട്രസഭ മുഖ്യ ഓൺവോയ് (ടെക്നോളജി) അമൻദീപ് സിങ് ഗിൽ എന്നിവരും സംസാരിക്കും.
വ്യവസായ പ്രമുഖർ, ബിസിനസ് നേതാക്കൾ, രാഷ്ട്രീയക്കാർ, അക്കാദമിക് വിദഗ്ധർ എന്നിവരെ കേൾക്കാനുള്ള അവസരമാണ് ദി ഗ്ലോബൽ ടെക്നോളജി സമ്മിറ്റ്. ക്ഷണിതാക്കൾക്ക് മാത്രമാണ് പരിപാടിയിലേക്ക് നേരിട്ട് പ്രവേശനമുള്ളൂ. ഓൺലൈൻ ആയി സമ്മിറ്റിൽ പങ്കെടുക്കാനാകും. ഇതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.
കാർണെഗി ഇന്ത്യ സംഘടിപ്പിക്കുന്ന ഏഴാമത്തെ സമ്മിറ്റാണിത്. ന്യൂഡൽഹിക്ക് പുറമെ ബെയ്ജിങ്, ബെയ്റൂട്ട്, ബ്രസ്സൽസ്, വാഷിങ്ടൺ എന്നിവിടങ്ങളിലാണ് കാർണെഗി എൻഡോവ്മെന്റ് ഫോർ ഇന്റർനാഷണൽ പീസ് പ്രവർത്തിക്കുന്നത്. സാങ്കേതികവിദ്യ, സമൂഹം, പൊളിറ്റിക്കൽ ഇക്കോണമി, സെക്യൂരിറ്റി സ്റ്റഡീസ് എന്നിവയാണ് സംഘടന പ്രധാന്യം നൽകുന്ന മേഖലകൾ.
ഗ്ലോബൽ ടെക്നോളജി സമ്മിറ്റിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യാം.