വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് ലച്ചു; ഹിന്ദി മ്യൂസിക് വീഡിയോ ട്രെന്‍ഡിംഗ് ലിസ്റ്റില്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാള്‍
സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ലച്ചു. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്ന് എവിക്ഷനിലൂടെ അല്ലാതെതന്നെ ലച്ചു പുറത്തെത്തുകയായിരുന്നു. ബിഗ് ബോസില്‍ ഒരു മാസം പൂര്‍ത്തിയാക്കിയതിനു ശേഷമായിരുന്നു മടക്കം. നടിയും നര്‍ത്തകിയുമൊക്കെയായ ലച്ചു അഭിനയിച്ച ഒരു പുതിയ മ്യൂസിക് വീഡിയോ ഇപ്പോഴിതാ പുറത്തെത്തിയിരിക്കുകയാണ്.
റഹ് ഗയി അധൂരീ എന്നാരംഭിക്കുന്ന ഗാനത്തിന് ഈണമിട്ടിരിക്കുന്നതും പാടിയിരിക്കുന്നതും മാനസ് കൃഷ്ണയാണ്. സൈലേഷ് ശശീന്ദ്രനാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ലച്ചുവിനൊപ്പം അക്ഷയ് രാധാകൃഷ്ണനാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം ലൂക്ക് ജോസ്, എഡിറ്റിംഗ് ഹരിലാല്‍ രാജീവ്, ചീഫ് അസോസിയേറ്റ് അരുണ്‍, ക്രിയേറ്റീവ് ഡയറക്ടര്‍ സൊഹാല്‍ മുഹമ്മദ്, കോസ്റ്റ്യൂം ആന്‍ഡ് സ്റ്റൈലിസ്റ്റ് ജോ എലിസ് ജോയ്, അസിസ്റ്റന്‍റ് ഡയറക്ടര്‍ സായ് കൃഷ്ണ. മെയ് 12 ന് പുറത്തെത്തിയ വീഡിയോ ഇപ്പോഴും യുട്യൂബിന്‍റെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉണ്ട്.
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തില്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയി 2021 ല്‍ പുറത്തെത്തിയ തിങ്കളാഴ്ച നിശ്ചം എന്ന ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിലൂടെ എത്തി വലിയ ബ്രേക്ക് നേടിയ താരമാണ് ഐശ്വര്യ സുരേഷ്. ഇത്രയും ശ്രദ്ധ നേടുന്നത് ആദ്യമാണെങ്കിലും ഐശ്വര്യ ആദ്യമായി അഭിനയിച്ച സിനിമയല്ല അത്. ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, കളി, സേഫ് എന്നീ മലയാള ചിത്രങ്ങളിലും ജയം രവിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങാനിരിക്കുന് തമിഴ് ചിത്രം ഇരൈവനിലും ലച്ചു അഭിനയിച്ചിട്ടുണ്ട്.
ഒരു മാസമേ നിന്നുള്ളൂവെങ്കിലും ബിഗോ ബോസ് ഷോയിലൂടെ നിരവധി ആരാധകരെ നേടിയാണ് ലച്ചു മടങ്ങിയത്. "ഇത്രയും ദിവസം എനിക്ക് ഇവിടെവന്ന് നില്‍ക്കാന്‍ പറ്റി. ലാലേട്ടനെ കാണാന്‍ പറ്റി. ഞാന്‍ ചെറുപ്പം തൊട്ട് ലാലേട്ടന്‍റെ സിനിമകള്‍ കണ്ട് വളര്‍ന്ന വ്യക്തിയാണ്. ആ ലാലേട്ടനെ കാണാന്‍ പറ്റി, ഉമ്മ കിട്ടി, കെട്ടിപ്പിടിക്കാന്‍ പറ്റി, കൈനീട്ടം കിട്ടി. ഇതിനേക്കാള്‍ വലുത് എന്താണ്. ഇത്രയും വലിയ പ്ലാറ്റ്ഫോമില്‍ എത്തിപ്പെടാന്‍ പറ്റി. ഇതൊക്കെ ഞാന്‍ വലിയ ഭാഗ്യമായിട്ട് കാണുന്നു. എനിക്ക് ഇത്രയും അടിപൊളിയായിട്ടുള്ള ചേട്ടന്മാരെയും ചേച്ചിമാരെയും കിട്ടി. ഫാമിലിയെ കിട്ടി. അതില്‍ ഒത്തിരി സന്തോഷമുണ്ട് എനിക്ക്. കുറേ കാര്യങ്ങള്‍ ഞാന്‍ മിസ് ചെയ്യാന്‍ പോകുന്നുണ്ട്. ഇവിടെ നിന്ന് പോകുമ്പോള്‍ ഞാന്‍ ചിരിച്ചുകൊണ്ടായിരിക്കും പോവുന്നത്. നിങ്ങളും ചിരിച്ചുകൊണ്ട് പോവുക. ഇനിയുള്ള ഗെയിം മൊത്തം നിങ്ങള്‍ അടിപൊളിയായി കളിക്കുക. ഞാന്‍ കാണുന്നുണ്ടാവും പുറത്തുനിന്ന്. നിങ്ങളെ സപ്പോര്‍ട്ടും ചെയ്യുന്നുണ്ടാവും. എല്ലാവരെയും ഞാന്‍ മിസ് ചെയ്യും", ഷോയില്‍ നിന്ന് പുറത്താവും മുന്‍പ് ലച്ചു പറഞ്ഞിരുന്നു.
ALSO READ : 'റോബിന്‍ അവിടിരിക്കൂ'; തര്‍ക്കം പരിഹരിക്കാനെത്തിയ 'അതിഥി'യോട് അഖില്‍ മാരാര്‍