'ഞാന്‍ ട്രാന്‍സ് ജെന്‍ഡറല്ല; എന്നെ പെണ്ണെന്ന് വിളിക്കൂ'
ഒരാണിന്റെ ശരീരത്തില്‍ പെട്ട് കിടക്കുന്ന ഒരു പെണ്ണായിരുന്നു ഞാന്‍. ഞാന്‍ ആണാണോ പെണ്ണാണോ എന്ന നിരന്തര സംശയം ആയിരുന്നു എന്റെ ജീവിതം. എന്റെ വിഷമങ്ങളൊക്കെ എല്ലാവര്‍ക്കും ഒരു തമാശയായിരുന്നു. എന്നെ മനസ്സിലാക്കാന്‍ എനിക്കേ കഴിയു എന്ന് ഞാന്‍ മനസ്സിലാക്കി. ആ തിരിച്ചറിവാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവ്'-പറയുന്നത് അഞ്ജലി അമീര്‍.
ഇതാണ് അഞ്ജലി അമീര്‍. ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷ ശരീരം ഉപേക്ഷിച്ചു പൂര്‍ണമായും സ്ത്രീയായി മാറിയവള്‍. അഞ്ജലി പറയുന്നത്- 'സ്ത്രീയാണ് ഞാന്‍. എനിക്ക് ഗര്‍ഭപാത്രം മാത്രമേ ഇല്ലാത്തതുള്ളൂ. ഗര്‍ഭം ധരിക്കാത്തവരെയും കുഞ്ഞുങ്ങളുണ്ടാവാത്തവരെയും സ്ത്രീയായി നിങ്ങള്‍ പരിഗണിക്കാറില്ലേ? ഞാനും സ്ത്രീയാണ്'-എന്നാണ്.
'ഐ വാസ് ലോസ്റ്റ്, അണ്‍ഹാപ്പി, കണ്‍ഫ്യൂസ്ഡ്, ഒരാണിന്റെ ശരീരത്തില്‍ പെട്ട് കിടക്കുന്ന ഒരു പെണ്ണായിരുന്നു ഞാന്‍. ഞാന്‍ ആണാണോ പെണ്ണാണോ എന്ന നിരന്തര സംശയം ആയിരുന്നു എന്റെ ജീവിതം. എന്റെ വിഷമങ്ങളൊക്കെ എല്ലാവര്‍ക്കും ഒരു തമാശയായിരുന്നു. എന്നെ മനസ്സിലാക്കാന്‍ എനിക്കേ കഴിയു എന്ന് ഞാന്‍ മനസ്സിലാക്കി. ആ തിരിച്ചറിവാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവ്'-പറയുന്നത് അഞ്ജലി അമീര്‍. ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെത്തിയ പുതിയ മല്‍സരാര്‍ത്ഥി.
ജീവിതം പറയുമ്പോള്‍ അവള്‍ക്ക് ചാന്ത് പൊട്ട് എന്ന സിനിമയെക്കുറിച്ച് പറയാതിരിക്കാനാവില്ല. ജീവിതത്തിന്റെ വഴിത്തിരിവുകളെക്കുറിച്ച് അഞ്ജലി ഇങ്ങനെ പറയുന്നു:
'അങ്ങനെയിരിക്കുമ്പോള്‍ ദിലീപ് നായകനായി അഭിനയിച്ച ചാന്തുപൊട്ട് സിനിമ ഇറങ്ങി. അതോടെ ആളുകളുടെ പരിഹാസവും കളിയാക്കലും കൂടി. എന്റെ പ്രശ്‌നം വീട്ടില്‍ പറഞ്ഞു ഞാന്‍. ഉള്ളില്‍ പെണ്‍കുട്ടിയാണ് എന്ന കാര്യം അവര്‍ അംഗീകരിച്ചു. എന്റെ ഇഷ്ടപ്രകാരം നൃത്തം പഠിപ്പിക്കാന്‍ വിട്ടു'.
'അങ്ങനെ ഡാന്‍സ് ക്‌ളാസില്‍ പോകുമ്പോഴാണ് ഒരു കൂട്ടുകാരനെ കിട്ടുന്നത്. അവന്റെ ഒരു പ്രണയം തകര്‍ന്നു നില്‍ക്കുന്ന സമയമാണ്. എന്നോടുള്ള സൗഹൃദം പ്രണയമായി മാറി. പെണ്ണായി വന്നാല്‍ ജീവിതത്തിലേക്ക് കൂട്ടാമെന്ന് അവന്‍ പറഞ്ഞു. അങ്ങനെ അതേക്കുറിച്ച് ചിന്തിച്ചു. ചെന്നൈയിലാണ് ചികിത്സയെന്നൊക്കെ മനസ്സിലാക്കി. പക്ഷേ, ആ തീരുമാനം വീട്ടുകാര്‍ക്ക് ഇഷ്ടമായില്ല. അവരോടൊക്കെ വഴക്കടിച്ച് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകാന്‍ തന്നെ ഉറപ്പിച്ചു. നാട്ടുകാരും വീട്ടുകാരും തന്റെ സ്വത്വം അംഗീകരിക്കുന്നില്ല എന്ന ഘട്ടം വന്നപ്പോള്‍ നാടുവിട്ടുപോയി.
കാമുകനാണ് ചെന്നൈയിലേക്ക് യാത്രയയക്കാനായി റെയില്‍വേ സ്റ്റേഷനിലേക്ക് വന്നത്. പക്ഷേ, ചികിത്സ ആരംഭിച്ച് മൂന്ന് നാല് മാസങ്ങള്‍ക്ക് ശേഷം കാമുകന്റെ വിളി നിന്നു. നാട്ടില്‍ അന്വേഷിച്ചപ്പോള്‍ അവന്‍ പണ്ട് പ്രണയിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്നാണ് അറിയുന്നത്. ചികിത്സ തീര്‍ന്ന ഉടന്‍ അവനെ കാണാനായി നാട്ടിലേക്ക് വന്നു. വിവാഹം ഉറപ്പിച്ചവള്‍ മതിയെന്ന് അവന്‍ പറഞ്ഞു'
ഇതാണ് അഞ്ജലി അമീര്‍. ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷ ശരീരം ഉപേക്ഷിച്ചു പൂര്‍ണമായും സ്ത്രീയായി മാറിയവള്‍. അഞ്ജലി പറയുന്നത്- 'സ്ത്രീയാണ് ഞാന്‍. എനിക്ക് ഗര്‍ഭപാത്രം മാത്രമേ ഇല്ലാത്തതുള്ളൂ. ഗര്‍ഭം ധരിക്കാത്തവരെയും കുഞ്ഞുങ്ങളുണ്ടാവാത്തവരെയും സ്ത്രീയായി നിങ്ങള്‍ പരിഗണിക്കാറില്ലേ? ഞാനും സ്ത്രീയാണ്'-എന്നാണ്.
ഈ അഞ്ജലി ബിഗ് ബോസ് വീട്ടിലെത്തുമ്പോള്‍ ഷോയില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള രസകരമായ ട്വിസ്റ്റുകള്‍ എന്തൊക്കെയായിരിക്കും? രഞ്ജിനിയുടെ വളരെ അടുത്ത സുഹൃത്താണ് അഞ്ജലി. അതിലുപരി രഞ്ജിനിക്ക് ഈ വിഷയങ്ങളിലൊക്കെ കൃത്യമായ ധാരണയുമുണ്ട്. വരും ദിവസങ്ങളില്‍ രഞ്ജിനി, അര്‍ച്ചന, അഞ്ജലി കൂട്ടുകെട്ട് ഉണ്ടാവാനുള്ള ഒരു സാധ്യത തെളിഞ്ഞു വരുന്നുണ്ട്.
ദിയ സന ട്രാന്‍സ്ജെന്‍ഡര്‍ അല്ലാത്ത ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ്' ആണ്. ആ കമ്മ്യൂണിറ്റിയിലുള്ള എല്ലാവരും അത് അംഗീകരിക്കുന്നുമില്ല. ചിലരുടെ പിന്തുണ ദിയക്കുണ്ട്. എങ്കിലും എതിര്‍ക്കുന്നവരും ധാരാളം ഉണ്ട്. ഈ സാഹചര്യത്തില്‍ ദിയയും അഞ്ജലിയും തമ്മിലുള്ള സംസാരങ്ങള്‍, ദിയയുടെ ഈ വിഷയത്തിലുള്ള നിലപാടുകള്‍ ഒക്കെ വരും ദിവസങ്ങളില്‍ വളരെ പ്രസക്തമായിരിക്കും.
കൂടാതെ മറ്റംഗങ്ങള്‍ക്ക് ഈ വിഷയത്തിലൊക്കെയുള്ള നിലപാടുകള്‍ എന്തൊക്കെ ആയിരിക്കും എന്നതും മുന്നോട്ടുള്ള ദിവസങ്ങളെ നിര്‍ണയിക്കും.
ഇന്ത്യയിലാദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ പോളിസി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. 2014 ലെ സുപ്രീം കോടതി വിധിയനുസരിച്ചാണ് ട്രാന്‍സ്ജെന്‍ഡര്‍ പോളിസി കേരളത്തില്‍ വന്നത്. ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അടക്കമുള്ളവ നിലവില്‍ വന്നെങ്കിലും സമൂഹത്തിലെ വലിയൊരു വിഭാഗം മനുഷ്യര്‍ക്ക് ഇപ്പോഴും ട്രാന്‍സ്ജെന്‍ഡര്‍ അല്ലെങ്കില്‍ ട്രാന്‍സ് സെക്ഷ്വല്‍ എന്നൊക്കെ പറഞ്ഞാല്‍ തീരാത്ത സംശയം തന്നെയാണ്. പലരും കരുതുന്നത് ഇവര്‍ വെറുതെ വേഷം കെട്ടി നടക്കുന്നുവെന്ന് തന്നെയാണ്.
ഈ അടുത്ത ദിവസമാണ് ശ്യാമ എസ് പ്രഭയെ പി സി ജോര്‍ജ് എം എല്‍ എ നിയമസഭക്ക് പുറത്തു വച്ച് കണ്ടപ്പോള്‍ 'അതെന്താ, നീ ആണല്ലേ? പിന്നെന്തിനാ പെണ്ണിന്റെ വേഷം കെട്ടി നടക്കുന്നത്?' എന്ന് ചോദിച്ചത്. പൊതുപ്രവര്‍ത്തകരടക്കമുള്ളവര്‍ക്ക് ഇപ്പോഴും ഇക്കാര്യത്തിലൊന്നും വലിയ വിവരമില്ല എന്നത് തന്നെയാണ് സത്യം.
അങ്ങനെയൊരു സാഹചര്യത്തിലാണ് നമ്മുടെ സ്വീകരണ മുറിയിലേക്ക് എല്ലാ ദിവസവും അഞ്ജലി അമീര്‍ എത്താന്‍ പോകുന്നത്. എങ്ങനെയായിരിക്കും മലയാളി പ്രേക്ഷകര്‍ അഞ്ജലിയെ സ്വീകരിക്കുക? അവര്‍ക്ക് അഞ്ജലി അമീറില്‍ നിന്നും എന്തൊക്കെ പഠിക്കാനുണ്ടാവും?
ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് സ്വീകാര്യത കിട്ടാനായി പോരാടുന്ന സൂര്യയെയും ശ്യാമയെയും ശീതളിനെയും പോലുള്ളവരെ പോലും അപമാനിക്കുന്ന മലയാളിയുടെ സ്വീകരണ മുറിയാണ് അത്.
ഏഷ്യനെറ്റ് ഇവരിലൊരാളെ ഷോയിലേക്ക് കൊണ്ട് വരുമ്പോള്‍ അതൊരു സാമൂഹിക മാറ്റത്തിനു തന്നെ കാരണമാവുമെങ്കില്‍ ഈ ഷോ ചരിത്രത്തിന്റെ ഭാഗമായി മാറും. മനുഷ്യരുടെ നിരവധി തെറ്റിദ്ധാരണകള്‍ തിരുത്താനും തുറന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിടാനും അഞ്ജലി അമീറിനു ബിഗ് ബോസില്‍ ലഭിച്ച ഈ അവസരം ഉപയോഗപ്പെടും.
അഞ്ജലി പറയുന്നത് പോലെ 'മറ്റുള്ളവര്‍ ഇന്നെന്നെ ഉള്‍ക്കൊള്ളുന്നുണ്ട് എന്നെനിക്കറിയാം. മറ്റുള്ളവര്‍ എന്നെ ഉള്‍ക്കൊള്ളുന്നത് ഞാന്‍ എന്നെ ഉള്‍ക്കൊള്ളുന്നത് കൊണ്ട് മാത്രമാണ്. ഞാന്‍ എന്നില്‍ വിശ്വസിച്ചത് കൊണ്ട് മാത്രമാണ്'-എന്നതില്‍ വലിയ കാര്യമുണ്ട്. അവനവനില്‍ വിശ്വസിച്ചു കൊണ്ട്, സ്വപ്നങ്ങള്‍ കണ്ടു കൊണ്ട്, അത് യാഥാര്‍ഥ്യമാക്കാന്‍ പ്രയത്‌നിച്ചവളാണ് അഞ്ജലി. അഞ്ജലി മമ്മൂട്ടിയുടെ നായികയായി സിനിമയിലും എത്തിക്കഴിഞ്ഞു. റിലീസാകാന്‍ പോകുന്ന പേരന്‍പിലെ നായികയാണ് അഞ്ജലി.
കഠിനമായ ജീവിത സാഹചര്യങ്ങളിലൂടെയാണ് അഞ്ജലിയടക്കമുള്ള എല്‍ ജി ബി റ്റി മനുഷ്യര്‍ കടന്നു പോകേണ്ടി വരുന്നത്. പലപ്പോഴും കഥകളും വേദനകളും പോലും സമാനമായിരിക്കും.
'ശസ്ത്രക്രിയ ചെയ്ത് സ്ത്രീയായി മാറുന്നതിന് മുന്‍പ് സ്ത്രീയുടെ മനസ്സുമായി ജീവിക്കുമ്പോള്‍ പലരീതിയിലുള്ള അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടണ്ട്. 'നീയെന്താ വേഷം കെട്ടി നടക്കുന്നതാണോ' എന്ന് ചോദിച്ച് മുടി പിടിച്ചു വലിക്കുകയും മുഖത്തടിക്കുകയും ചെയ്തിട്ടുണ്ട'-എന്ന് അഞ്ജലി തുറന്നു പറഞ്ഞിട്ടുണ്ട്. ഇന്നിപ്പോള്‍ മമ്മൂട്ടിയുടെ നായികയായും ബിഗ് ബോസിലെ താരമായും നില്‍ക്കുന്നത് കാണുമ്പൊള്‍ ഇവരുടെ ജീവിതം സുഖകരമാണ് എന്ന് ധരിക്കരുത്. കടുത്ത നിന്ദയും അവഗണനയും പരിഹാസവും കുത്തുവാക്കുകളും നിരാകരണവും ദാരിദ്ര്യവും ഒക്കെ സഹിച്ചാണ് ഇവര്‍ ഓരോരുത്തരും അതിജീവിക്കുന്നത്.
കോഴിക്കോട്ടെ ഒരു യാഥാസ്ഥിതിക മുസലിം തറവാട്ടിലാണ് അഞ്ജലി ജനിച്ചത്. ഒരുവയസ്സുള്ളപ്പോള്‍ ഉമ്മ മരിച്ചു. പിന്നീട്, ഉമ്മയുടെ സഹോദരിമാരാണ് അഞ്ജലിയെ വളര്‍ത്തുന്നത്. വളരെ ചെറുപ്പത്തില്‍ ആറോ ഏഴോ വയസ്സുള്ളപ്പോല്‍ തന്നെ തനിക്കെന്തോ പ്രശ്‌നമുണ്ടെന്നും എല്ലാവരെ പോലെയല്ല താനെന്നും അഞ്ജലി തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. കൂട്ടുകാരൊക്കെ പെണ്‍കുട്ടികളായിരുന്നു. ആണിന്റെ ശരീരത്തിനുള്ളില്‍ കുടുങ്ങി പോയ പെണ്ണിന്റെ മനസ്സുമായുള്ള മത്സരമായിരുന്നു അഞ്ജലിയുടെ ജീവിതം.
പുരുഷനായി നാടുവിട്ടു പോയ അഞ്ജലി സ്ത്രീയായി മടങ്ങി എത്തി. അഞ്ജലിയുടെ നിശ്ചയദാര്‍ഢ്യം തന്നെയാണ് അതിനു പിന്നില്‍. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷവും തന്നെ ചിലരെങ്കിലും സ്ത്രീയായി അംഗീകരിക്കുന്നില്ല എന്നതില്‍ അഞ്ജലിക്ക് വിഷമമുണ്ട്. അഞ്ജലി പറയുന്നത് 'സാധാരണ ഒരാളെ പരിചയപ്പെടുത്തുമ്പോള്‍ അവര്‍ ആണോ പെണ്ണോ എന്ന് നമ്മള്‍ പറയാറില്ല. എന്നാല്‍, അഞ്ജലി അമീറിന്റെ കൂടെ ചിലര്‍ പ്രത്യേകമായി ട്രാന്‍സ്ജെന്‍ഡര്‍ എന്നു ചേര്‍ക്കുന്നു. അതിന്റെ ആവശ്യമില്ല. അഞ്ജലി ഇപ്പോള്‍ പെണ്ണാണ്. ലിംഗമാറ്റം ചെയ്തവര്‍ ഏതു ലിംഗത്തിലേക്കാണോ മാറിയത് അതായിരിക്കും അവരുടെ ലിംഗം. അതായത് ഒന്നുകില്‍ ആണ്‍ അല്ലെങ്കില്‍ പെണ്‍. അതിലപ്പുറം മറ്റൊരു വിശേഷണം എല്ലായ്പ്പോഴും പറയേണ്ട കാര്യല്ല. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ തന്നെ ഇപ്പോഴും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുത്തുന്നതില്‍ വിഷമമുണ്ട്. മനസ്സുകൊണ്ടും ശരീരം കൊണ്ടും സ്ത്രീ ആയി മാറിയ ഒരാളെ ഇങ്ങനെ വിശേഷിപ്പിക്കുന്നത് തെറ്റാണ് '-അഞ്ജലി അമീര്‍ സ്ത്രീ എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്നു.
കൃത്യമായ നിലപാടും ഏത് വിഷയത്തിലും അഭിപ്രായം പറയാന്‍ മടിയുമില്ലാത്ത വ്യക്തിയാണ് അഞ്ജലി. അഞ്ജലി സിനിമാഭിനയത്തെ കുറിച്ച് പറഞ്ഞത് 'ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വീട്ടില്‍ നിന്നു നേരിടുന്നതിനെക്കാള്‍ ബുദ്ധിമുട്ട് പുറത്ത് നിന്നും അനുഭവിക്കും. നീ ട്രാന്‍സ് അല്ലേ, നിനക്ക് ആ കഥാപാത്രം ചേരില്ല എന്ന് ചിലര്‍ പറയാറുണ്ട്. എനിക്ക് പ്രസവിക്കാന്‍ സാധിക്കില്ല എന്നേയുള്ളൂ. സിനിമയില്‍ വരുന്നത് ആ നിര്‍മ്മാതാവിനെ അല്ലെങ്കില്‍ സംവിധായകനെ കല്യാണം കഴിച്ച് കുഞ്ഞിനെ പ്രസവിക്കാനല്ലല്ലോ, ആ റോള്‍ ഭംഗിയാക്കാനല്ലേ. പിന്നെ എന്തുകൊണ്ട് ഇത്തരത്തിലൊരു വിവേചനമുണ്ടെന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല' എന്നാണ്.
ഇത്തരത്തിലുള്ള തീ പാറുന്ന സംസാരങ്ങളും നിലപാടുകളും ബിഗ് ബോസ് വീട്ടില്‍ എങ്ങനെയായിരിക്കും സ്വീകരിക്കപ്പെടുക? നമ്മുടെ സ്വീകരണ മുറിയില്‍ എത്തുന്ന അഞ്ജലിയെ നാമെങ്ങനെയായിരിക്കും സ്വീകരിക്കുക?
ട്രാന്‍സ്ജെന്‍ഡര്‍ മനുഷ്യരെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ നിന്നും മാറ്റാനും ഇവരെ സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കാനും അഞ്ജലിക്കും ബിഗ് ബോസിനും കഴിയട്ടെ. അഞ്ജലിയുടെ കഠിനാധ്വാനവും അര്‍പ്പണബോധവും ആത്മവിശ്വാസവുമൊക്കെ ഇരുട്ടില്‍ മുഖമില്ലാതെ ജീവിക്കുന്ന പലര്‍ക്കും പ്രചോദനമാവട്ടെ.
(അഞ്ജലിയുടെ ഉദ്ധരണികള്‍ വിവിധ അഭിമുഖങ്ങളില്‍ നിന്നും എടുത്തത് )