ഡിങ്കോയിസം ശരിക്കും പിളര്‍ന്നോ; സമൂസ ത്രികോണാധ്യായ തുറന്നുപറയുന്നു
ശരിക്കും ഡിങ്കോയിസം പിളര്‍ന്നോ, അല്ല ഇതും ഒരു സ്വയം ട്രോളാണോ?
ആശയപരമായ ഭിന്നത എന്നത് സത്യമാണ്, എന്റെ ഡിങ്കോയിസം മാനവികതയാണ്. അതിനാല്‍ തന്നെ ഡിങ്കോയിസം (മ) എന്നതാണ് ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്ന ആശയം. തീര്‍ത്തും ശാസ്ത്രീയമായ വിഷയത്തിലുള്ള ഭിന്നതയാണ് ഇത്തരം ഒരു തര്‍ക്കത്തിലേക്കും ഭിന്നിപ്പിലേക്കും നയിച്ചത് എന്നത് തീര്‍ത്തും പോസിറ്റീവായാണ് ഞാന്‍ കാണുന്നത്. ഏകകോശ ജീവി വളര്‍ന്ന് പിളര്‍ന്ന് വീണ്ടും പിളര്‍ന്ന് പിളര്‍ന്നാണ് പുതിയ ജീവി വിഭാഗങ്ങളുണ്ടായത്. ഒരേ അഭിപ്രായമുള്ളവരെന്ന സംഘമില്ല. ഒരാളുടെ തീരുമാനം അനുസരിക്കുന്ന വിധത്തിലേക്ക് സംഘം മാറിയാല്‍ അതില്‍ ജൈവികതയുണ്ടാകില്ല. ചര്‍ച്ചകള്‍ ഒരു സംഘത്തിനകത്ത് മാത്രം നിന്നാല്‍പോര, അത് പുറത്തും ആശയസംവാദങ്ങളുണ്ടാകണം. അതിനാല്‍ തന്നെ സ്‌കൂള്‍ ഓഫ് ഡിങ്കോയിസമെന്ന തലത്തിലേക്ക് പുതിയ മതമായ ഡിങ്കോയിസം (മാ) ഉയരും. ഡിങ്കോയിസം (മ)യില്‍ തത്കാലം ഞാന്‍ മാത്രമേ ഉണ്ടാകൂ.
ഹോമിയോപതി എന്നത് വിശാലമായ മറ്റ് വിഷയങ്ങള്‍ക്കിടയില്‍ നമുക്ക് അത്രവലിയ കാര്യമല്ലെന്നും അതിനോട് കാണിക്കുന്ന അമിത ശത്രുത ശരിയല്ലെന്നുമാണ് എന്റെ നിലപാട്.
ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഡിങ്കോയിസത്തിന്റെ പിളര്‍പ്പിലേക്ക് നയിച്ചത് എന്ന് കേള്‍ക്കുന്നുണ്ടല്ലോ?
ഹോമിയോപ്പതിയാണ് ശാസ്ത്രീയമായ അഭിപ്രായ ഭിന്നതയുണ്ടാക്കിയത് എന്നത് ശരിയാണ്, ഒരു ആശയ സംവാദത്തിന്റെ ഭാഗമാണ് അത്. ശരിക്കും ഹോമിയോപ്പതിയുടെ ശാസ്ത്രീയതയല്ല തര്‍ക്കത്തിലേക്ക് നയിച്ചത്. വിശ്വാസത്തിന്റെ ശാസ്ത്രീയതയാണ്.
'മതം' പോലുള്ള വിശ്വാസത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടുക എന്നതല്ലേ ശരിക്കും ഡിങ്കോയിസം ചെയ്യുന്നത്. അപ്പോള്‍ പിന്നെ വിശ്വാസത്തിലെ ശാസ്ത്രീയത എന്നത് നിലനില്‍ക്കുന്ന വിഷയമാണോ?
പൂര്‍ണ്ണമായും അത് ശരിയാണെന്ന് പറയാന്‍ പറ്റില്ല, ഹോമിയോപ്പതി എന്നത് ഒരു സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സാധനമായി പഠിക്കേണ്ടതാണ് എന്ന് എനിക്ക് അഭിപ്രായമില്ല, ഒരു നാട്ടുവൈദ്യം പഠിക്കും പോലെ വേണമെങ്കില്‍ പ്രാക്ടീസ് ചെയ്യാം. ശാസ്ത്രീയമായി ഇവിടെ ഒരു വിഭാഗം പറയുന്ന പല കാര്യങ്ങളും ശരിയാണ്. എന്നാല്‍ അനുഭവങ്ങളുടെ പേരിലുള്ള വിശ്വാസം വച്ച് പുലര്‍ത്തുന്നവരെ പൂര്‍ണ്ണമായും തള്ളിക്കളയുന്നത് ശരിയല്ല. ഹോമിയോ മരുന്നുകള്‍ ശാസ്ത്രീയമല്ല, പക്ഷെ അത് ഉണ്ടാക്കുന്ന ഒരു വിശ്വാസമുണ്ട് അത് മാനസികമായി നമ്മെ സ്വാധീനിക്കുകയും ഒരു മനുഷ്യനെ ചിലപ്പോള്‍ സുഖപ്പെടുത്തുകയും ചെയ്യും. അതിന് ശാസ്ത്രീയമായ വശം ഉണ്ടാകും.. ആ വിശ്വാസത്തെ മനുഷ്യത്വപരമായി കാണണം, അതേ സമീപനം ശാസ്ത്രീയ വശമില്ലെങ്കിലും ഹോമിയോപ്പതിയോട് കാണിക്കണം. മതത്തിന് പുറത്ത് വളര്‍ന്ന ഒരു സ്വതന്ത്ര്യ ശാഖയല്ലേ ഹോമിയോപതി. ആ സഹിഷ്ണുതയെങ്കിലും കേവലമായ ശാസ്ത്രീയവാദം ഉയര്‍ത്തി നിരോധിക്കണം എന്നൊക്കെ മുറവിളി കൂട്ടും മുന്‍പ് നടത്തണം.
മതത്തിന് പുറത്ത് വളര്‍ന്ന ഒരു സ്വതന്ത്ര ശാഖയല്ലേ ഹോമിയോപതി. കേവലമായ ശാസ്ത്രീയവാദം ഉയര്‍ത്തി നിരോധിക്കണം എന്നൊക്കെ മുറവിളി കൂട്ടും മുന്‍പ് ആ സഹിഷ്ണുതയെങ്കിലും കാണിക്കണം
ഡിങ്കോയിസം ഈ ഹോമിയോ സംവാദത്തിലേക്ക് കടന്നുവരുന്നത് എങ്ങനെയാണ്?
ഇത്തരം ഒരു മാനവിക മുഖം ഉണ്ടെന്ന് തോന്നിയത് കൊണ്ട് ഒരു ചര്‍ച്ചയില്‍ 'ഡിങ്കന്‍ സപ്പോര്‍ട്ട് ഹോമിയോ' എന്ന പോസ്റ്റ് ഞാന്‍ ഇട്ടു. അതിന് എതിരെ വരുന്ന വാദങ്ങളും സ്വീകരിച്ച് ഒരു ചര്‍ച്ച മുന്നോട്ട് കൊണ്ട് പോകാം, വിശ്വാസം സംബന്ധിച്ച എന്റെ ധാരണകളെ പുതുക്കി പണിയുന്നെങ്കില്‍ ആകാം എന്നൊക്കെയാണ് ഇതുവഴി കരുതിയത്. എന്നാല്‍ ഡിങ്കനെ ഇതില്‍ വലിച്ചിഴയ്ക്കുന്നത് എന്തിന് എന്നതായിരുന്നു ഉയര്‍ന്ന വാദം. ഈ കമന്റ് കേട്ടാല്‍ തന്നെ മനസിലാകും, നാം എന്തിനാണോ ഡിങ്കനെ കൊണ്ടുവന്നത്, ആ ഡിങ്കന്‍ ഒരു ബിംബമായി മാറിയെന്ന്. തെറ്റെന്നോ ശരിയെന്നോ നോക്കാതെ ഡിങ്കനോ, മറ്റേതോ ഒരു രൂപം കാണും അതിനെയോ, ചര്‍ച്ചയിലൂടെ അല്ലേ ശാസ്ത്രീയമായി രൂപപ്പെടുത്തേണ്ടത്. അതല്ലാതെ ഒരു പക്ഷത്ത് ആദ്യമേ നിര്‍ത്തുകയാണോ വേണ്ടത്.?
ശാസ്ത്രീയമായി വിശ്വാസത്തിന് ഒരു ബലവും ഇല്ലെന്നല്ലേ എതിര്‍പക്ഷത്തിന്റെ വാദം?
ഇന്നത്തെ ലോകത്ത് ശാസ്ത്രം എന്ന ഒറ്റവാദം വച്ച് മതത്തെ എതിര്‍ക്കാന്‍ സാധിക്കും എന്ന് തോന്നുന്നില്ല. നാടകീയമായി ജീവിക്കാനും അത്തരം സംഭവങ്ങളിലൂടെ മുന്നോട്ട് പോകാനും ആഗ്രഹിക്കുന്നവരാണ് ഒരു ജനത. അതാണ് എത്രയോ കാലമായി പറഞ്ഞിരുന്ന മത വിമര്‍ശനങ്ങള്‍ ഡിങ്കോയിസം കലയിലൂടെ പറഞ്ഞപ്പോള്‍ പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടത്. അതിനാല്‍ തന്നെ പറയുന്ന കാര്യങ്ങള്‍ക്ക് ഒരു മാനവികത വേണം. ശാസ്ത്രം ഇന്നത്തെ സമൂഹത്തില്‍ ഒരു ഭരണകൂട ഉപാധിയാണ്, ഈ ഭരണകൂടത്തെ മതമാണ് നിയന്ത്രിക്കുന്നത്.. മോഡേണ്‍ മെഡിസിന്റെ നല്ല വശങ്ങള്‍ പറയുമ്പോള്‍ നാം മരുന്ന് പരീക്ഷണത്തിന്റെ ഇരകളെക്കുറിച്ചും പറയേണ്ടിവരും. ശാസ്ത്ര നേട്ടങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഭരണകൂടം ഏറ്റവും കൂടുതല്‍ പണം മുടക്കുന്നത് ആയുധനിര്‍മ്മാണത്തിനാണെന്നും അതിന്റെ അടിസ്ഥാനം വികസിച്ച ശാസ്ത്രമാണെന്നും പറയേണ്ടിവരും. അതിനാല്‍ ശാസ്ത്രത്തെ മാനവികവത്കരിക്കുകയാണ് വേണ്ടത്. വിശ്വാസത്തെ മാനവികതയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ വത്കരിക്കുകയാണ് വേണ്ടത്. അതിനുള്ള പാതയിലെ ഒരു ശ്രമമായി ഡിങ്കോയിസത്തെ കാണണം. ലളിതമായ യുക്തികളാണ് കഠിനമായ സത്യങ്ങളിലേക്ക് ജനതയെ അടുപ്പിക്കാനുള്ള മാര്‍ഗം.
സ്വന്തം അമ്മ മരിച്ച് ശവമടക്ക് കഴിഞ്ഞ് അമ്മ കിടന്ന കട്ടിലിന് അടുത്ത് ഒരു മണിക്കൂര്‍ ഇരുന്നാല്‍ ആശ്വാസം കിട്ടുമെന്ന് ഒരാള്‍ വിശ്വസിച്ചാല്‍ അയാളുടെ വിശ്വാസത്തെ മാനിക്കണം, അല്ലാതെ ജീവിതം തീര്‍ന്നു, സംസ്‌കരിച്ചാല്‍ പിന്നെ ഒന്നുമില്ല എന്ന ശാസ്ത്രീയ തത്വം ഒന്നും അയാളെ സമാധാനപ്പെടുത്തില്ല.
എങ്കിലും എല്ലാ വിശ്വാസത്തെയും ഇങ്ങനെ കണക്കിലെടുക്കാന്‍ കഴിയുമോ?
ഡിങ്കോയിസവുമായി ബന്ധപ്പെട്ട ഗ്രൂപ്പിലെ തര്‍ക്കത്തില്‍ ഒരാള്‍ ചോദിച്ചത്, ഭൂമി പരന്നത് എന്ന് വിശ്വസിക്കുന്ന ഒരാളോട്, നിങ്ങളുടെ വിശ്വാസം ശരിയാണെന്ന് സമ്മതിക്കണോ എന്നാണ്. എന്നാല്‍ എനിക്കുള്ള ഉത്തരം ഇതായിരുന്നു.. അത് തിരുത്തണം, എന്നാല്‍ സ്വന്തം അമ്മ മരിച്ച് ശവമടക്ക് കഴിഞ്ഞ് അമ്മ കിടന്ന കട്ടിലിന് അടുത്ത് ഒരു മണിക്കൂര്‍ ഇരുന്നാല്‍ ആശ്വാസം കിട്ടുമെന്ന് ഒരാള്‍ വിശ്വസിച്ചാല്‍ അയാളുടെ വിശ്വാസത്തെ മാനിക്കണം, അല്ലാതെ ജീവിതം തീര്‍ന്നു, സംസ്‌കരിച്ചാല്‍ പിന്നെ ഒന്നുമില്ല എന്ന ശാസ്ത്രീയ തത്വം ഒന്നും അയാളെ സമാധാനപ്പെടുത്തില്ല. അതിനാല്‍ തന്നെ ഹോമിയോപതി എന്നത് വിശാലമായ മറ്റ് വിഷയങ്ങള്‍ക്കിടയില്‍ നമുക്ക് അത്രവലിയ കാര്യമല്ലെന്നും അതിനോട് കാണിക്കുന്ന അമിത ശത്രുത ശരിയല്ലെന്നുമാണ് എന്റെ നിലപാട്.
Image Courtesy: Manoj
പുതിയ ആശയങ്ങളുമായി മുന്നോട്ട് തന്നെയാണോ?
മുമ്പ് പറഞ്ഞല്ലോ ഇത് ഞാന്‍ മാത്രം പിന്തുടരുന്ന ആശയമാണ്, ഡിങ്കോയിസം (മ). സംവാദങ്ങള്‍ ഡിങ്കോയിസത്തെ മുന്നോട്ട് കൊണ്ടുപോകുക മാത്രമേ ചെയ്യു. വിശ്വാസത്തിന്റെ ശാസ്ത്രീയതയാണ് ഇവിടെ ഭിന്നതയുടെ കാരണം. അതിന് അപ്പുറം യോജിക്കാവുന്ന ആശയങ്ങളില്‍ എന്നും ഡിങ്കോയിസത്തോടൊപ്പം തന്നെ ഉണ്ടാകും.