ഇസ്രയേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിനോ പ്രതിപക്ഷത്തിനോ ഭൂരിപക്ഷം നേടാനായില്ല. വിദേശസഹായത്തോടെ അറബ് പാർട്ടികൾ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് നെതന്യാഹു ആരോപിക്കുമ്പോൾ, ഖത്തർ ഇത് നിഷേധിച്ചു. പുതിയ സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇസ്രയേലിൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നേക്കാം.
ഇസ്രയേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന് ഇത്തവണ ശക്തനായ എതിരാളിയുണ്ടായിട്ടും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ല. നെസറ്റിൽ (Knesset) 120 സീറ്റ്. നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റ്. പ്രതിപക്ഷത്തിന് 48, അറബ് പാർട്ടികൾക്ക് 19. എന്നാൽ, ഭരിക്കാൻ വേണ്ട 61 സീറ്റ്. അതാർക്കുമില്ല. ഇക്കഴിഞ്ഞ പാർലമെന്റിൽ നെതന്യാഹുവിന് ഉണ്ടായിരുന്നത് 68 സീറ്റാണ്. ഇനി പുതിയ സർക്കാർ രൂപീകരിക്കുന്നതുവരെ നെതന്യാഹു കാവൽ പ്രധാനമന്ത്രിയായി തുടരും. അറബ് പാർട്ടികൾ വിദേശസഹായത്തോടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നാണ് നെതന്യാഹുവിന്റെ ആരോപണം. ഇസ്രയേൽ സുപ്രീംകോടതി ജഡ്ജിന് മുന്നിലും ഗുരുതരമായ ആരോപണങ്ങളെത്തി. സുരക്ഷാ ഏജൻസിയായ ഷിൻബത്തിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരിക്കയാണ് ജഡ്ജി.
ആരോപണം ഖത്തറിന് നേരെ?
വിദേശ സഹായമെന്ന് നെതന്യാഹു ഉദ്ദേശിച്ചത് ഖത്തറിനെയാണെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ഖത്തർ ഇളകി. നിഷേധക്കുറിപ്പിറക്കി, ആരോപണങ്ങൾ അപകടകരമെന്ന് ആരോപിച്ചു. ഖത്തറിനെ ഉന്നമിടാനുള്ള കാരണം മറ്റൊന്നാണ്, ഹമാസ് നേതാക്കൾക്ക് കാലങ്ങളായി ഖത്തറാണ് അഭയം നൽകുന്നത്. കൊല്ലപ്പെട്ട ഇസ്മയിൽ ഹന്യയടക്കം ഖത്തറിലായിരുന്നു താമസിച്ചിരുന്നത്. ഹമാസിന് ഖത്തർ ഫണ്ടടക്കം നൽകുന്നുണ്ട്. പക്ഷേ, അത് തുടങ്ങിയത് നെതന്യാഹു ആവശ്യപ്പെട്ടതനുസരിച്ചാണെന്നത് മറ്റൊരു വിരോധാഭാസം. ഒക്ടോബർ 7 -ന് ഹമാസിന്റെ ആക്രമണവിവരവും ബന്ദികളെ കൊണ്ടുപോയെന്നതും തൊട്ടടുത്ത മണിക്കൂറിൽ തന്നെ അമേരിക്കയെ അറിയിച്ചത് ഖത്തറാണ്. സന്ധിസംഭാഷണം തുടങ്ങണമെന്നും മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്നും അറിയിച്ചു. ഇസ്രയേലിൽ തന്നെ കാര്യങ്ങൾ വ്യക്തമാകുംമുമ്പ് ഖത്തർ എങ്ങനെ അറിഞ്ഞുവെന്ന് ഇസ്രയേലിൽ അന്നേ ചോദ്യമുയർന്നതാണ്. എന്തായാലും അന്വേഷണം നടക്കുകയാണ്, ക്ലാസിഫൈഡ് ഇന്റലിജൻസിന്റെ അടിസ്ഥാനത്തിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഗാഡി ഐസൻകോട്ട്സ് എന്ന എതിരാളി
നെതന്യാഹുവിന്റെ പ്രധാന തെരഞ്ഞെടുപ്പ് എതിരാളി, അറബ് പാർട്ടികളായിരുന്നില്ല. മറിച്ച് അത് മുൻ സൈനിക മേധാവിയായിരുന്ന ഗാഡി ഐസൻകോട്ട്സ് (Gadi Eisenkot) ആയിരുന്നു. ഖത്തറിന്റെ ഇടപെടൽ ആരോപണം ഐസൻകോട്ട് പക്ഷേ, തള്ളിക്കളഞ്ഞില്ല. ഖത്തറിന്റെ ഇടപെടൽ ഇപ്പോഴെങ്കിലും അംഗീകരിക്കുന്നില്ലാ എന്നായിരുന്നു മറുപടി. നെതന്യാഹുവിന്റെ അടുത്ത അനുയായികൾ പലരും ഖത്തറിന്റെ സഹായം സ്വീകരിച്ചിരുന്നുവെന്നത് മുമ്പേയുള്ള ആരോപണമാണ്.
അറബ് ജനത
അറബ് പാർട്ടികളുടെ പിന്തുണയുണ്ടെങ്കിൽ പ്രതിപക്ഷത്തിന്, സർക്കാർ രൂപീകരിക്കാം. ആകെ ജനസംഖ്യയുടെ 20 ശതമാനമാണ് ഇസ്രയേലിലെ അറബ് വംശജർ. പലസ്തീനോടുള്ള അവരുടെ ചായ്വ് നെതന്യാഹുവിന്റെ പ്രചാരണവിഷയമായിരുന്നു. ഇപ്പോഴത്തെ അട്ടിമറിയാരോപണം, അവർ സർക്കാരിന്റെ ഭാഗമാകുന്നത് തടയാനുംകൂടിയാണെന്ന് അറബ് പാർട്ടികൾ സംശയിക്കുന്നു. അതുകൊണ്ട് അന്വേഷണം അവരും സ്വാഗതം ചെയ്യുന്നു. 2021 -ന് ശേഷമിതുവരെ അറബ് പാർട്ടികൾ സർക്കാരിന്റെ ഭാഗമായിട്ടില്ല. അറബ് സമൂഹത്തെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്താതെ അന്വേഷിച്ച് സത്യം തെളിയിക്കട്ടെ എന്നാണ് പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ (Isaac Herzog) നിലപാട്.
അതേസമയം ഇസ്രയേലിൽ എല്ലാവരും സഖ്യരൂപീകരണത്തിനുള്ള ശ്രമത്തിലാണ്. അറബ് പാർട്ടികളുമായി സഖ്യമുണ്ടാവില്ലെന്ന നിലപാട് ഐസൻകോട്ട് തിരുത്തിയാലേ അങ്ങനെയൊരു സഖ്യം രൂപപ്പെടൂ. ഇനി അഥവാ പല ശ്രമങ്ങൾക്കുശേഷവും സർക്കാർ രൂപീകരിക്കാൻ ആയിട്ടില്ലെങ്കിൽ, വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. രാഷ്ട്രീയതന്ത്രങ്ങൾക്ക് പേരുകേട്ട നെതന്യാഹു എങ്ങനെ കരുക്കൾ നീക്കുമെന്നത് പ്രവചിക്കാൻ കഴിയില്ല. അതാണ് ഇതുവരെയുള്ള കഥ.






