സിസിടിവിയില്ല, മാല പൊട്ടിച്ചയാളുടെ 'രൂപം' തുണയായി, തൊണ്ടിയോടെ 33കാരെ പിടികൂടി പൊലീസ്
മാള മാമ്പിള്ളി റോഡിലൂടെ തയ്യൽ കടയിലേക്ക് പോവുകയായിരുന്ന സ്ത്രീയുടെ രണ്ടര പവൻ തൂക്കം വരുന്ന മാലയാണ് സ്കൂട്ടറിലെത്തിയ 33കാരൻ പൊട്ടിച്ചത്
മാള: തൃശ്ശൂർ മാളയിൽ മധ്യവയസ്കയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവ് പിടിയിൽ. തലശ്ശേരി സ്വദേശി ഫാസിലാണ് അറസ്റ്റിലായത്. മോഷ്ടിച്ച സ്കൂട്ടറിൽ എത്തിയാണ് മാല പൊട്ടിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഫാസിൽ സമ്മതിച്ചു. 33കാരനായ തലശ്ശേരി കടപ്പുറംചാലിൽ സ്വദേശി ഫാസിലിനെ മാള ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 17നായിരുന്നു മാല മോഷണം. മാള മാമ്പിള്ളി റോഡിലൂടെ തയ്യൽ കടയിലേക്ക് പോവുകയായിരുന്ന സ്ത്രീയുടെ രണ്ടര പവൻ തൂക്കം വരുന്ന മാലയാണ് സ്കൂട്ടറിലെത്തിയ ഫാസിൽ പൊട്ടിച്ചത്.
ആ ഭാഗത്ത് സിസിടിവി ദൃശ്യങ്ങൾ ഇല്ലായിരുന്നു എന്നത് പൊലീസിനെ കുഴപ്പിച്ചു. പ്രതിയുടെ രൂപം കൃത്യമായി പൊലീസിനോട് പറയാൻ പരാതിക്കാരിക്കായി. ഇതും മോഷണ രീതിയും വിലയിരുത്തിയതോടെ മാല പൊട്ടിച്ചത് സ്ഥിരം കുറ്റവാളിയായ ഫാസിലാണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസെത്തി. കഴിഞ്ഞ ദിവസം മറ്റൊരു മോഷണ കേസിൽ പെരുന്പാവൂർ പൊലീസ് ഫാസിലിനെ അറസ്റ്റ് ചെയ്തു.
ഇതോടെ മാള സംഘം പെരുന്പാവൂരിലെത്തി ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയുമായി തെളിവെടുപ്പ് നടത്തി. ആലുവയിൽ വിറ്റ സ്വർണം കണ്ടെടുക്കുകയും ചെയ്തു. കോഴിക്കോട്, തളിപ്പറന്പ്, കണ്ണൂർ, തൃശൂർ വെസ്റ്റ്, ഈസ്റ്റ്, വലപ്പാട്, ചേർത്തല. പുത്തൻകുരിശ്ശ് സ്റ്റേഷനുകളിൽ കളവ്, പോക്സോ കേസ്സുകളിൽ പ്രതിയാണ് ഫാസിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം