Wild Elephant : മൂന്നാറില്‍ ചാക്കില്‍ക്കെട്ടിവച്ചിരുന്ന പച്ചക്കറിയുമായി കടന്നുകളഞ്ഞ് 'പടയപ്പ'
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്താണ് ആളും ആരവുമില്ലാത്ത മൂന്നാര്‍ മൂന്നാര്‍ ടൗണിലേക്ക് പടയപ്പ എത്തിയത്. പിന്നീട് പൂര്‍ണമായി കാട്ടിലേക്ക് മടങ്ങാന്‍ പടയപ്പ തയ്യാറായില്ല.
മൂന്നാര്‍: കാടിറങ്ങിയ കരിവീരന്‍ ചാക്കില്‍ക്കെട്ടി വെച്ചിരിരുന്ന പച്ചക്കറി ചാക്കുമായി കടന്നുകളഞ്ഞു. മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ മനോഹരന്റെ പച്ചക്കറി ചാക്കുമായാണ് പടയപ്പയെന്ന് വിളിപ്പേരുള്ള ആന കാട്ടിലേക്ക് കടന്നത്. പുലര്‍ച്ചെ 5 മണിയോടെയാണ് വട്ടക്കാട്ടില്‍ നിന്നും റോഡ് മാര്‍ഗ്ഗം പടയപ്പയെന്ന് വിളിപ്പേരുന്ന ഒറ്റയാന ചൊക്കനാട്ടിലെത്തിയത്. ഈ സമയം മനോഹരന്റെ തോട്ടത്തില്‍ വിളയിച്ച കാരറ്റും ഉരുളക്കിഴങ്ങും ചാക്കില്‍ കെട്ടി മൂന്നാറിലെത്തിക്കാന്‍ റോഡിന്റെ സമീപത്ത് വെച്ചിരുന്നു. ആറോളം ചാക്കുകളാണ് വാഹനത്തില്‍ കയറ്റികൊണ്ടുപോകാന്‍ സൂക്ഷിച്ചിരുന്നത്.
അതുവഴി എത്തിയ പടയപ്പ ആദ്യം തുമ്പികൈ കൊണ്ട് ചാക്കിന്റെ കെട്ടുകള്‍ അഴിച്ചുമാറ്റി നാലോളം ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന പച്ചക്കറികള്‍ അകത്താക്കി. പിന്നാലെ ഒരു ചാക്കുമായി കാട്ടിലേക്ക് പോകുകയും ചെയ്തു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന കാട്ടാനകള്‍ക്കിടയില്‍ വ്യത്യസ്തനാണ് പടയപ്പ. നാളിതുവരെ നിരവധി തവണ ജനവാസ മേഖലയില്‍ എത്തിയിട്ടുണ്ടെങ്കിലും ആരെയും ഉപദ്രവിക്കുന്നതിനോ ആക്രമിക്കുന്നതിനോ ശ്രമിച്ചിട്ടില്ല. ഭഷ്യവസ്തുകള്‍ക്കള്‍ കണ്ടാല്‍ അതെല്ലാം ഭക്ഷിക്കാതെ മടങ്ങില്ലെന്ന് മാത്രമാണ് പടയപ്പയേക്കൊണ്ടുള്ള ബുദ്ധിമുട്ട്.
പടയപ്പ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഈ കാട്ടാന കാടിറങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്താണ് ആളും ആരവുമില്ലാത്ത മൂന്നാര്‍ മൂന്നാര്‍ ടൗണിലേക്ക് പടയപ്പ എത്തിയത്. പിന്നീട് പൂര്‍ണമായി കാട്ടിലേക്ക് മടങ്ങാന്‍ പടയപ്പ തയ്യാറായില്ല. എസ്റ്റേറ്റ് റോഡുകളില്‍ പ്രത്യക്ഷപ്പെടുന്ന ആന വാഹനങ്ങളെയും ഇതുവരെ ആക്രമിച്ചിട്ടില്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍ മൂന്നാര്‍ ടൗണിലെത്തിയ പടയപ്പ പെട്ടിക്കട തകര്‍ത്ത് ഇരുപതിനായിരം രൂപയുടെ പഴവര്‍ഗങ്ങള്‍ അകത്താക്കിയിരുന്നു. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ ആളുകളള്‍ ചുറ്റും കൂടി ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് കവലയിലെ പെട്ടിക്കടയുടെ മുന്‍ഭാഗം തകര്‍ത്ത് പഴങ്ങള്‍ അകത്താക്കിയത്. ഓറഞ്ച്, ആപ്പിള്‍, പൈനാപ്പിള്‍ തുടങ്ങിയ ഇരുപതിനായിരത്തിലധികം രൂപയുടെ പഴങ്ങള്‍ നിമിഷ നേരംകൊണ്ടാണ് പടയപ്പ അകത്താക്കിയത്.
പഴക്കട നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന ഔസേപ്പിൻറെ പെട്ടിക്കട പടയപ്പയുടെ ആക്രമണത്തിന് ഇരയായത് നിരവധി തവണയാണ്. പടയപ്പ കടയിലെത്തിയ സമയത്ത് കടയിലുണ്ടായിരുന്ന ഇയാള്‍ക്ക് പരിക്കേല്‍ക്കാതിരുന്നത് തലനാരിഴയ്ക്കാണ്. നേരത്തെ കച്ചവടക്കാരുടെ പരാതിയില്‍ വനംവകുപ്പ് കാട്ടാനയെ പടക്കം ഉപയോഗിച്ച് വിരട്ടിയോടിച്ചിരുന്നു. കാടുകയറിയ പടയപ്പയെ കുറച്ചുകാലം ആരും കണ്ടിരുന്നില്ല. ഇതിനിടെ പടയപ്പക്ക് വാര്‍ധക്യം ബാധിച്ചെന്നും നടക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിയെന്നും മറ്റും ചില റിപ്പോര്‍ട്ടുകള്‍ വന്നു.
വനപാലകരുടെ നേതൃത്വത്തില്‍ കാടുകളില്‍ തിരച്ചില്‍ ആരംഭിച്ചതിനിടെ ഒക്ടോബറില്‍ മാട്ടുപ്പെട്ടി എക്കോ പോയിന്റിന് സമീപത്ത് ഉച്ചയോടെ പടയപ്പ എത്തിയത്. നാളികേരം കുട്ടിയിട്ടിരുന്ന ഭാഗത്ത് ഇറങ്ങിയ ആന റോഡിലൂടെ എത്തിയ വാഹനങ്ങള്‍ക്ക് സൈഡ് നല്‍കുകയും നാളികേരം വയറ്റിലാക്കി മണിക്കൂറുകള്‍ക്ക് ശേഷം കാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.