ദുരന്തമുഖത്ത് നിന്നും പോത്തുകല്ലിലേക്ക് കിലോമീറ്ററുകൾ ഒഴുകിയെത്തിയത് 11 ഓളം മൃതദേഹങ്ങൾ, ദുരന്ത തീരമായി ചാലിയാർ

രാവിലെ മുതൽ പുഴയിൽ വീടിന്‍റെ അവശിഷ്ടങ്ങളും ഗ്യാസ് സിലിണ്ടറും പാത്രങ്ങളുമെല്ലാം ഒഴുകിയെത്തിയതായി നാട്ടുകാർ പറഞ്ഞു. ഇതിന് പിന്നാലെയാണ് മൃതദേഹങ്ങളും ചാലിയാർ തീരത്ത് അടിഞ്ഞത്.

Wayanad landslide latest update 11 bodies have been recovered from the Chaliyar River in Malappuram

നിലമ്പൂർ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരന്ത തീരമായി ചാലിയാർപ്പുഴ. ഉരുൾപൊട്ടലുണ്ടായ മേൽപ്പാടിയിൽ നിന്നും ചാലിയാർ പുഴയിലൂടെ കിലോമീറ്റർ ഒഴുകിയെത്തി മൃതദേഹങ്ങൾ. മലപ്പുറത്ത് ചാലിയാറിന്റെ ഭാഗങ്ങളിൽ ഇതുവരെ കണ്ടെത്തിയത് 11 മൃതദേഹങ്ങളാണ്. പലതും ശരീരഭാഗങ്ങൾ നഷ്ടപ്പെട്ട നിലയിലാണ്. മൂന്ന് വയസ് തോന്നിക്കുന്ന പെൺകുട്ടിയുടേതുൾപ്പടെയുള്ള മൃതദേഹങ്ങളാണ് ദുരന്തഭൂമിയിൽ നിന്നും കിലോമീറ്ററുകൾ അകലെയുള്ള ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തിയത്.

പോത്തുകൽ പഞ്ചായത്തിലാണ് മതതദേഹങ്ങളേറെയും അടിഞ്ഞത്. ഇരുട്ടുകുത്തി, പോത്തുകല്ല്, പനങ്കയം, ഭൂതാനം തുടങ്ങിയ ഭാഗങ്ങളിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചുങ്കത്തറ കുന്നത്തു പൊട്ടി കടവിലും ഒരു മൃതദേഹം കിട്ടി. 15 വയസ് പ്രായം തോന്നുന്ന പെൺകുട്ടിയുടെ മൃതദേഹമാണ് അവസാനമായി കണ്ടെത്തിയത്. കനത്ത മഴയെ തുടർന്ന് ചാലിയാർ പുഴ കഴിഞ്ഞ രണ്ട് ദിവസമായി നിറഞ്ഞ് ഒഴുകുകയായിരുന്നു. ഇതിനിടെയിലാണ് ഇന്ന് പുലർച്ചെ  വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ഉരുൾ പൊട്ടലുണ്ടാകുന്നത്. രാവിലെ മുതൽ പുഴയിൽ വീടിന്‍റെ അവശിഷ്ടങ്ങളും ഗ്യാസ് സിലിണ്ടറും പാത്രങ്ങളുമെല്ലാം ഒഴുകിയെത്തിയതായി നാട്ടുകാർ പറഞ്ഞു.

ഇതിന് പിന്നാലെയാണ് മൃതദേഹങ്ങളും ചാലിയാർ തീരത്ത് അടിഞ്ഞത്. കുനിപ്പാലയിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പിന്നീട് ചാലിയാറിന്റെ വിവിധ ഭാ​ഗങ്ങളിലാണ് മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു. കണ്ടെത്തിയ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എട്ട് മൃതദേഹങ്ങൾ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.  പുഴയിൽ കണ്ടെത്തിയ മൃതദേഹങ്ങൾക്ക് പുറമെ മുണ്ടേരി വനത്തിലും ചാലിയാർ പുഴയിൽ മൃതദേഹങ്ങളുണ്ടാകാമെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചാലിയാർ തീരത്ത് പരിശോധന നടത്തുന്നുണ്ട്.

Read More : 'ആരൊക്കെ പോയി എന്ന് ഒന്നും അറിയില്ല'; 51 പേരുടെ ജീവനെടുത്ത് വയനാട് ഉരുൾപൊട്ടൽ; രക്ഷാദൗത്യത്തിന് നാവികസേനയും

 

Latest Videos
Follow Us:
Download App:
  • android
  • ios