'ആ സൈക്കിൾ തിരിച്ചു തരാമോ? ഒരുപാട് മോഹിച്ച് വാങ്ങിയതാണ്, അച്ഛന്‍റെ ബർത്ത്ഡേ ​ഗിഫ്റ്റാണ്'!

''എനിക്ക് ആദ്യമായി കിട്ടിയ ​ഗിയർ സൈക്കിളാണത്. എന്റെ കഴിഞ്ഞ പിറന്നാളിന് അച്ഛൻ ​ഗിഫ്റ്റായി വാങ്ങിത്തന്നതാണ്.'' 

viral poster of student who lost his bicycle

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപത്തെ മെട്രോ സ്റ്റേഷന് സമീപം സൈക്കിൾ പൂട്ടി വെച്ചിട്ട് സ്കൂളിൽ പോയതാണ് പ്ലസ് വൺ വിദ്യാർത്ഥിയായ പവേൽ സമിത്. എന്നാൽ തിരിച്ചു വന്നപ്പോൾ വച്ചിരുന്നിടത്ത് സൈക്കിളില്ല. ആരോട് ചോദിക്കും? ആരാണെടുത്തതെന്ന് എങ്ങനെ അറിയും? ഒടുവിൽ എടുത്തുകൊണ്ട് പോയവർ അറിയാൻ പവേൽ ഒരു കുറിപ്പെഴുതി അടുത്ത് പതിച്ചു. അതിങ്ങനെ, 'ഞാൻ പവേൽ സമിത്, തേവര എസ് എച്ച് സ്കൂളില്‍ പഠിക്കുന്നു. രാവിലെ ഇവിടെ സൈക്കിൾ വെച്ചിട്ടാണ് സ്കൂളിൽ പോകുന്നത്. ഇന്നലെ തിരിച്ച് വന്നപ്പോഴേക്കും സൈക്കിൾ നഷ്ടപ്പെട്ടു. ഒരുപാട് മോ​ഹിച്ച് വാങ്ങിയതാണ്. എടുത്ത ചേട്ടൻമാർ തിരിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.' ഫോൺ നമ്പറുൾപ്പെടെയായിരുന്നു പവേലിന്റെ പോസ്റ്റർ

രാവിലെ സ്റ്റേഡിയത്തിൽ എത്തിയ വ്യക്തിയാണ് ഈ ചിത്രമെടുത്ത് ഫേസ്ബുക്കിലിട്ടത്. ഒപ്പം കേരള പൊലീസിനെയുള്‍പ്പെടെ നിരവധി പേരെ ടാ​ഗ് ചെയ്യുകയും ചെയ്തു. കുറിപ്പ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ഒപ്പം പവേലും. ''നവംബർ 22 നാണ് സൈക്കിൾ മോഷണം പോകുന്നത്. അന്ന് തന്നെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു. അവർ അന്വേഷിക്കാം എന്ന് പറഞ്ഞു. വീട്ടിൽ എത്തിയപ്പോൾ അച്ഛൻ‌ പറഞ്ഞു, പൊലീസിന്റെ ഭാ​ഗത്ത് നിന്ന് അവർക്ക് ചെയ്യാൻ സാധിക്കുന്നത് അവർ ചെയ്യും. ഒരു പോസ്റ്ററെഴുതി ഒട്ടിക്കാം. നമുക്ക് നഷ്ടപ്പെടാനൊന്നുമില്ലല്ലോ?''. അങ്ങനെയാണ് പോസ്റ്ററെഴുതി ഒട്ടിച്ചതെന്ന് പവേൽ. ഒരാഴ്ചക്ക് ശേഷമാണ് ഈ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. 

viral poster of student who lost his bicycle

പവേലിന്‍റെ പോസ്റ്റര്‍  നിരവധി പേരാണ് ഷെയര്‍ ചെയ്തത്.  സോഷ്യൽ മീഡിയയിലെ കുറിപ്പിന് താഴെ പവേലിന് പുതിയ സൈക്കിൾ വാങ്ങിത്തരാമെന്ന വാ​ഗ്ദാനങ്ങളും ആളുകൾ നൽകുന്നുണ്ട്. എന്നാൽ അതൊക്കെ സ്നേഹപൂർവ്വം നിരസിക്കുന്നു എന്നാണ് പവേലിന്റെ നിലപാട്. സൈക്കിൾ വെച്ചിരുന്ന ഭാ​ഗത്ത് സിസിടിവി വിഷ്വൽ ഇല്ല. അതുകൊണ്ട് തന്നെ ആരാണ് എടുത്തതെന്ന് ആ രീതിയിലും അറിയാൻ കഴിയില്ല. രണ്ടാഴ്ച മുമ്പ് അവിടെ നിന്നും മറ്റൊരാളുടെ സൈക്കിളും മോഷണം പോയിരുന്നു. അതും തിരികെ കിട്ടിയിട്ടില്ല.

​ആ സൈക്കിളിനോട് മറ്റൊരു വൈകാരിക അടുപ്പം കൂടിയുണ്ടെന്ന് പവേൽ പറയുന്നു. ''എനിക്ക് ആദ്യമായി കിട്ടിയ ​ഗിയർ സൈക്കിളാണത്.  എന്റെ കഴിഞ്ഞ പിറന്നാളിന് അച്ഛൻ ​ഗിഫ്റ്റായി വാങ്ങിത്തന്നതാണ്. അത് നഷ്ടപ്പെട്ടതിൽ അങ്ങനെയൊരു സങ്കടം കൂടിയുണ്ട്.'' കൊച്ചി കോൺവെന്റ് റോഡിൽ ബിസിനസ് ചെയ്യുകയാണ് പവേലിന്റെ അച്ഛൻ സുധീന്ദ്രൻ.

''മോന്‍ ട്യൂഷന് പോയിക്കൊണ്ടിരുന്നത് ആ സൈക്കിളിലായിരുന്നു. സൈക്കിൾ നഷ്ടപ്പെട്ടതിന് ശേഷം  നടന്നാണ് പോകുന്നതും വരുന്നതും. എടുത്തുകൊണ്ട് പോയത് ആരാണെങ്കിലും അത് തിരിച്ചു തരണമെന്നാണ് ആ​ഗ്രഹിക്കുന്നത്. ഇനിയാർക്കും ഈ അവസ്ഥ വരരുതെന്ന് കൂടി ആ​ഗ്രഹമുണ്ട്.'' പവേലിന്റെ അമ്മ സിനി പറയുന്നു. തേവര എസ് എച്ച് കോളേജിലെ ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് പവേൽ സമിത്. ഇത്രയും വൈറലായ സ്ഥിതിക്ക് സൈക്കിൾ കൊണ്ടു പോയവർ തിരിച്ചു തരുമെന്ന പ്രതീക്ഷയിലാണ് പവേൽ. 

ഏറെ മോഹിച്ച് വാങ്ങിയ സൈക്കിള്‍ മോഷണം പോയി; പ്ലസ് വൺ വിദ്യാര്‍ത്ഥിയുടെ അപേക്ഷ വൈറല്‍
'ഗുരുവായൂരിലെ വിവാഹത്തിന് വരനും സംഘവും കോയമ്പത്തൂരിൽ നിന്ന് എത്തിയത് സൈക്കിൾ ചവിട്ടി'

Latest Videos
Follow Us:
Download App:
  • android
  • ios