'ജീവിതം തകർത്ത അജ്ഞാത വാഹനം കണ്ടെത്തണം'; 7 മാസമായി ചലനമറ്റ് അനൂജ, ഇന്നും ഞെട്ടൽ മാറാതെ മകൻ, ജീവിതം വഴിമുട്ടി

തൃശൂർ കൊടകരയിൽ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം ഏഴു മാസമായിട്ടും കണ്ടെത്തിയിട്ടില്ലെന്ന് പരാതി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ഏഴു മാസമായി കിടപ്പിൽ. 

vehicle that hit Pedestrians in Kodakara, not found even after seven months woman in bed after being seriously injured

തൃശൂര്‍: തൃശൂർ കൊടകരയിൽ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം ഏഴു മാസമായിട്ടും കണ്ടെത്തിയിട്ടില്ലെന്ന പരാതിയുമായി കുടുംബം. തൃശ്ശൂർ നൂലുവള്ളി സ്വദേശി അനുവിനെയും കുടുംബത്തെയുമാണ് അജ്ഞാത വാഹനം ഇടിച്ചിട്ടുപോയത്. ഗുരുതരമായി പരിക്കേറ്റ അനുവിന്‍റെ ഭാര്യ അനുജ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ജീവിതം തകർത്ത വാഹനം കണ്ടെത്തണമെന്നാണ് അനുവിന്‍റെ ആവശ്യം.

കഴിഞ്ഞ മെയ് 14ന് ആണ് അപകടമുണ്ടായത്. ഭാര്യയുടെ സുഹൃത്തിന്‍റെ അനുജന്‍റെ കല്യാണത്തിന്‍റെ റിസപ്ഷനിൽ പങ്കെടുക്കാൻ വേണ്ടി രണ്ട് ദിവസം മുൻപാണ് തൃശൂരിൽ എത്തിയത്. ഇതിനിടെ, കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിച്ച് വരും വഴി രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. മഴ പെയ്ത് തോര്‍ന്ന സമയമായിരുന്നു. അനുവും ഭാര്യ അനൂജയും മകൻ അര്‍ജുനും കൊടകര കുഴിക്കാണി ഭാഗത്ത് വെച്ച് റോഡരികിലൂടെ നടന്നുവരുകയായിരുന്നു. സമീപത്ത് വഴി വിളക്കുകളൊന്നും ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് ഒരു വാഹനം മൂന്നുപേരെയും ഇടിച്ചുതെറിപ്പിച്ചശേഷം കടന്നുപോയത്. ഇടിയുടെ ആഘാതത്തിൽമൂവരും പലയിടത്തായി തെറിച്ച് വീണു. മകൻ ചെളിക്കുഴിയിലേക്ക് വീണതിനാൽ പരിക്ക് ഗുരുതരമായില്ല. ചോരവാര്‍ന്നു കിടക്കുന്ന അമ്മയുടേയും അച്ഛന്‍റെയും കാഴ്ച അവൻ ഇന്നും മറന്നിട്ടില്ല.

അനുവിന്‍റെ ഭാര്യ അനു അന്ന് കിടപ്പിലായതാണ്, പിന്നെ അവർ എഴുന്നേറ്റിട്ടില്ല. മൂന്ന് ശസ്ത്രക്രിയകൾ കഴിഞ്ഞു. ആരോഗ്യനിലയിൽ ഒരു പുരോഗതിയുമില്ല. ലക്ഷങ്ങളാണ് ഇതിനോടകം ചികിത്സയ്ക്കായി ചെലവായത്. 20 ലക്ഷത്തിലധികം രൂപയുടെ കടവുമുണ്ട്. ഇനിയും ചികിത്സക്കായി സുമനസ്സുകള്‍ കനിയേണ്ട അവസ്ഥയിലാണ് കുടുംബം. വാഹനം കണ്ടെത്തിയാല്‍ ഇന്‍ഷുറന്‍സ് സഹായമെങ്കിലും ലഭിക്കുമെന്നാണ് അനുവും കുടുംബവും കരുതുന്നത്. കോഴിക്കോട്ടെ അപകട വാഹനം മാസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയതാണ് ഇപ്പോഴത്തെ പ്രതീക്ഷയ്ക്ക് കാരണം.

തങ്ങളുടെ ജീവിതം തകര്‍ത്ത ആ വാഹനം കണ്ടെത്തണമെന്ന് അനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപകടശേഷം ചലന ശേഷിയില്ലാത്ത അവസ്ഥയിലാണ് ഭാര്യ. അപകടത്തിനുശേഷം ഭാര്യ മിണ്ടുന്നില്ല. കൈകള്‍ പോലും അനങ്ങുന്നില്ല. ആദ്യത്തെ ഓപ്പറേഷന് പത്തു ലക്ഷത്തിലധികം രൂപയും രണ്ടാമത്തേതിന് ഏഴു ലക്ഷവും പിന്നീടും ശസ്ത്രക്രിയകള്‍ക്കും ചികിത്സകള്‍ക്കുമായി ലക്ഷങ്ങളും ചെലവായെന്ന് അനു പറഞ്ഞു. അപകടത്തിന്‍റെ ആഘാതത്തിലാണ് മകൻ ഇപ്പോഴുമുള്ളത്. കൗണ്‍സിലിങ് ഉള്‍പ്പെടെ നടത്തേണ്ട സാഹചര്യമാണെന്നും അനു പറഞ്ഞു. 

ഏഴു മാസം കഴിഞ്ഞിട്ടും ഭാര്യയുടെ ആരോഗ്യനിലയിൽ യാതൊരു മാറ്റവുമില്ല. മരുന്നുകളും ഭക്ഷണവും ട്യൂബ് വഴിയാണ് നൽകുന്നത്. അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിനാൽ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ അപേക്ഷ നൽകിയിരുന്നു. പിന്നീട് ചാലക്കുടി ഡിവൈഎസ്‍പി വിളിച്ച് അന്വേഷണം നടത്തിയിരുന്നു.  ഇപ്പോഴും അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. ഇടിച്ച വാഹനത്തിന്‍റെ ഡ്രൈവര്‍ അന്ന് അവിടെ നിര്‍ത്തി ആശുപത്രിയിലെത്തിക്കാൻ പോലും തയ്യാറായില്ല. മനുഷ്യത്വ രഹിതമായ കാര്യമാണ് ചെയ്തത്. ഒന്ന് ബ്രേക്ക് ചവിട്ടിയിരുന്നെങ്കില്‍ ഞങ്ങളുടെ കുടുംബം താറുമാറാകില്ലായിരുന്നുവെന്നും അനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നിയന്ത്രണം വിട്ട കാർ ഗ്യാസ് ഏജന്‍സി ജീവനക്കാരനെ തട്ടിയിട്ടു, ഹോട്ടലിലേക്ക് ഇടിച്ചുകയറി, പിന്നാലെ പുക ഉയർന്നു
 

Latest Videos
Follow Us:
Download App:
  • android
  • ios