3 വർഷം, ട്രെയിൻ തട്ടി മരിച്ചത് 1327 പേർ, ജനുവരിയിൽ മാത്രം 28; പാളങ്ങളിൽ ജീവനൊടുക്കുന്നവരുടെ എണ്ണം ഞെട്ടിക്കും!
ഒരു ഇത്തിരി സമയം ലാഭിക്കാൻ, അൽപം കൂടുതൽ നടക്കുന്നത് ഒഴിവാക്കാൻ. പാളം മുറിച്ചു കടക്കുന്നവർക്ക് പറയാൻ കാരണങ്ങളേറെയുണ്ട്.
പാലക്കാട്: പാലക്കാട് റെയിൽവെ ഡിവിഷന് കീഴിൽ ട്രെയിൻ തട്ടി മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന. കഴിഞ്ഞ 3 വർഷത്തിനിടെ ട്രെയിൻ തട്ടി മരിച്ചത് 1327 പേരാണ്. ഇക്കഴിഞ്ഞ ജനുവരിയിൽ മാത്രം മരിച്ചത് 28 പേരും. പാളങ്ങളിൽ ജീവനൊടുക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്.
ഒരു ഇത്തിരി സമയം ലാഭിക്കാൻ, അൽപം കൂടുതൽ നടക്കുന്നത് ഒഴിവാക്കാൻ. പാളം മുറിച്ചു കടക്കുന്നവർക്ക് പറയാൻ കാരണങ്ങളേറെയുണ്ട്. ഇങ്ങനെ പാളത്തിലൂടെ അശ്രദ്ധരായി നടക്കുന്നവരാണ് ട്രെയിൻ തട്ടി മരിക്കുന്നവരിൽ ഏറെയും. പാളങ്ങൾക്ക് സമീപം താമസിക്കുന്നവരാണ് ഇവരിൽ ഏറെ. ഇതിനു പുറമെ ആത്മഹത്യ ചെയ്തവരും ഏറെയാണ്. 2021ൽ ട്രെയിൻ തട്ടിയുള്ള മരണങ്ങളിൽ 44 ഉം ആത്മഹത്യയാണ്. 2022ലെത്തിയപ്പോൾ ഇത് 63 ആയി. കഴിഞ്ഞ വർഷം 67 ആയും ഈ കണക്ക് ഉയർന്നു.
കേരളത്തിലേക്ക് കടക്കുമ്പോഴാണ് ഇത്തരം അപകടങ്ങൾ കൂടുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ട്രെയിൻ തട്ടി മരിക്കുന്ന കന്നുകാലികളുടെ എണ്ണവും കൂടുതലാണ്. മനുഷ്യരും മൃഗങ്ങളും കടക്കാത്ത രീതിയിൽ പാളങ്ങൾ സുരക്ഷിതമാക്കാനുള്ള നടപടികൾ റയിൽവെ ആരംഭിച്ചിട്ടുണ്ട്. ഇതു കൂടാതെ ആത്മഹത്യയ്ക്കെതിരെ റയിൽവെ സ്‌റ്റേഷനുകളിൽ കൗൺസിലിങ്ങും ബോധവൽകരണ ക്ലാസുകളും നടത്തും.