Asianet News MalayalamAsianet News Malayalam

സിബിൽ സ്കോറില്ല, ഇഎംഐയിൽ ഫോൺ വാങ്ങാൻ ചെറിയൊരു സഹായം; ഇരുപതോളം പരിചയക്കാരെ വെള്ളംകുടിപ്പിച്ച യുവാവ് പിടിയിൽ

സഹായിക്കാൻ പോയ അയൽക്കാർ ആരും പരസ്പരം അറിഞ്ഞിരുന്നില്ല. ഇരുപതോളം പേരെ പല ദിവസങ്ങളിലും പല സമയങ്ങളിലുമായി കടയിൽ കൊണ്ടുപോയി അവരുടെ പേരിൽ ഫോണുകൾ വാങ്ങുകയായിരുന്നു.

sought help from neighbours to buy new phone on emi claiming low cibil score and everyone trapped
Author
First Published Sep 28, 2024, 8:47 PM IST | Last Updated Sep 28, 2024, 8:47 PM IST

തിരുവനന്തപുരം: പരിചയക്കാരുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് തവണ വ്യവസ്ഥയിൽ മൊബൈൽ ഫോൺ വാങ്ങി തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ നെടുവാൻ വിള തെക്കേമഠവിളാകം വീട്ടിൽ, അജി എന്ന് വിളിക്കുന്ന അജീഷിനെയാണ് നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത്. 

പരിചയക്കാരുടെ ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിങ്ങനെയുള്ള വാങ്ങിയ ശേഷം അത് ഉപയോഗിച്ച് തവണ വ്യവസ്ഥയിൽ മൊബൈൽ ഫോണുകൾ വാങ്ങുകയായിരുന്നു ഇയാൾ ചെയ്തത്. ഇരുപതോളം പേരിൽ നിന്നും ഇങ്ങനെ രേഖകൾ വാങ്ങി തട്ടിപ്പ് നടത്തി. അജീഷിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും തട്ടിപ്പിനിരയായവർ ഇപ്പോൾ വാങ്ങാത്ത ഫോണിന് മാസംതോറും ഇഎംഐ ഗതികേടിലായി.

അയൽവാസികളും പരിചയക്കാരുമായ ആളുകളെ പറഞ്ഞു പറ്റിച്ച് അവരുടെ തിരിച്ചറിയൽ രേഖകൾ നെയ്യാറ്റിൻകരയിലെ ഒരു മൊബൈൽ കടയിൽ നൽകിയാണ് ഫോണുകൾ വാങ്ങിയത്. തനിക്ക് ഫോൺ ഇല്ലെന്നും അതുകൊണ്ട് വായ്പ അടിസ്ഥാനത്തിൽ ഫോൺ എടുക്കാൻ രേഖകൾ നൽകിയാൽ താൻ തന്നെ കൃത്യമായി പണം തിരിച്ചടച്ചുകൊള്ളാമെന്നും പറഞ്ഞാണ് അജീഷ് അയൽക്കാരെ സമീപിച്ചത്. അയൽവാസികളായ ഇരുപതോളം പേരെ പാറശ്ശാലയിൽ മാത്രം പറ്റിച്ചുവെന്നാണ് ഇപ്പോഴത്തെ വിവരം.

സിബിൽ സ്കോർ കുറവായതിനാൽ തന്റെ പേരിൽ ഇഎംഐ ആയി ഫോൺ വാങ്ങാൻ കഴിയുന്നില്ലെന്നാണ് എല്ലാവരോടും പറഞ്ഞത്. രേഖകൾ നൽകാൻ തയ്യാറായ അയൽക്കാരെ ഓരോരുത്തരായി നെയ്യാറ്റിൻകരയിലെ കടയിൽ പല ദിവസങ്ങളിലായി കൊണ്ടുവന്ന് ഫോണുകൾ വാങ്ങുകയായിരുന്നു. 20,000 രൂപ മുതൽ 90,000 രൂപവരെ വില വരുന്ന ഫോണുകളാണ് ഇവരെ കൊണ്ട് വാങ്ങിപ്പിച്ചത്. അയൽവാസികൾ ആരും ഇത് പരസ്പരം പറഞ്ഞതുമില്ല.

ദിവസങ്ങൾ കഴി‌ഞ്ഞും ഇഎംഐ അടയ്ക്കാതെ വന്നപ്പോൾ പല സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ളവർ അയൽക്കാരെ  സമീപിച്ചതോടെയാണ് നടന്നത് തട്ടിപ്പായിരുന്നുവെന്ന് അവർ അറിയുന്നത്. നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പ് ഉടമയുടെ സഹായത്തോടെയാണ് ഒരുപാട് പേരെ പറ്റിച്ചതെന്നും എന്നാൽ മൊബൈൽ ഷോപ്പ് ഉടമകളുടെ പേരിൽ കേസെടുത്തില്ലെന്നും കബളിപ്പിക്കപ്പെട്ടവർ ആരോപിക്കുന്നു. 

തട്ടിപ്പ് നടത്തിയ അജീഷിനെ നെയ്യാറ്റിൻകര പൊലീസ് പിടികൂടിയെങ്കിലും അയൽക്കാരെയും പരിചയക്കാരെയും കബളിപ്പിച്ച് ഇയാൾ വാങ്ങിക്കൂട്ടിയ ഫോണുകൾ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിന് പൊലീസ് തയ്യാറാവുന്നില്ലെന്നാണ് തട്ടിപ്പിനിരയായവരുടെ ആരോപണം. ഫോണുകൾ കണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios