അരിക്കൊമ്പന്‍റെ 'കലിപ്പ്', അന്നം മുടക്കി റേഷൻ കട ആക്രമിച്ചത് 11 തവണ, ഒടുവിൽ കാട് കയറ്റി, പുതിയ റേഷൻ കട റെഡി

അരിക്കൊമ്പനെ കാട് കടത്തി ആറു മാസങ്ങൾക്ക് ശേഷമാണ് കട പ്രവർത്തന സജ്ജമായത്.

ration shop destryed by arikkomban reconstructed SSM

മൂന്നാര്‍: അരിക്കൊമ്പന്‍റെ ആക്രമണത്തിൽ തകർന്ന റേഷൻ കട പുനർനിർമിച്ചു. ചിന്നക്കനാൽ പന്നിയാറിലെ കടയാണ് അരിക്കൊമ്പനെ കാട് മാറ്റി ആറ് മാസങ്ങൾക്ക് ശേഷം പ്രവർത്തന സജ്ജമാക്കിയത്. ഒരു വർഷത്തിനിടയിൽ 11 തവണയാണ് ഈ റേഷൻ കടയ്ക്ക് നേരെ അരിക്കൊമ്പൻ ആക്രമണം നടത്തിയത്. 

ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു അരിക്കൊമ്പൻ. വീടുകൾക്കും കടകൾക്കും നേരെ ആക്രമണം നടത്തുന്നത് അരിക്കൊമ്പന്‍റെ പതിവായിരുന്നു. ആനയിറങ്കലിലെയും ചിന്നക്കനാലിലെയും റേഷൻ കടകൾക്ക് നേരെ അക്രമണങ്ങൾ നടത്തിയിരുന്നെങ്കിലും ഏറ്റവും അധികം ആക്രമണം നേരിട്ടത് പന്നിയാർ തോട്ടം മേഖലയിൽ  സ്ഥിതി ചെയ്തിരുന്ന റേഷൻ  കട ആയിരുന്നു. 

നാടിനെ വിറപ്പിച്ച അരിക്കൊമ്പനെ കാട് കടത്തിയതിന് തൊട്ട് മുൻപുള്ള മാസവും പല തവണ റേഷന്‍ കടയ്ക്ക് നേരെ അക്രമണം ഉണ്ടായി. റേഷൻ വിതരണം പോലും സ്ഥിരമായി മുടങ്ങുന്ന സാഹചര്യം ഉണ്ടായി. ഇതോടെ പുതിയ കെട്ടിടം നിർമിക്കാൻ മന്ത്രിയുടെയും കലക്ടറുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തില്‍ ആണ് തീരുമാനമുണ്ടായത്. 

ഒരു മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കണമെന്നായിരുന്നു നിർദേശം എങ്കിലും അരിക്കൊമ്പനെ കാട് കടത്തി ആറു മാസങ്ങൾക്ക് ശേഷമാണ് കട പ്രവർത്തന സജ്ജമായത്. കടയുടെ ഉത്ഘാടനം ശാന്തൻപാറ പഞ്ചായത്ത്‌ പ്രസിഡന്റ് ലിജു വര്‍ഗീസ് നിർവ്വഹിച്ചു. ആക്രമണം സ്ഥിരമായതോടെ പന്നിയാറിൽ റേഷൻ കടയും സ്കൂളും പ്രവർത്തിക്കുന്ന മേഖലയിൽ വനം വകുപ്പ് ഹാങ്ങിങ് സോളാർ ഫെൻസിങ് ഒരുക്കിയിരുന്നു. ആനയുടെ ആക്രമണത്തിൽ തകർന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിന് പകരം പുതിയ കെട്ടിടം നിര്‍മിച്ചതോടെ ഇനി റേഷൻ വിതരണം മുടങ്ങില്ല എന്ന ആശ്വാസത്തിലാണ് തോട്ടം തൊഴിലാളികൾ.

'റോഡിലേക്ക് പാഞ്ഞെത്തി, കാർ കൊമ്പുകൊണ്ട് കോർത്തു', കലിപ്പിലായ കബാലിയെ പ്രകോപിപ്പിച്ച് യുവാവ്

Latest Videos
Follow Us:
Download App:
  • android
  • ios