ഗുണ്ടാ ഗ്യാങ്ങിനൊപ്പം 'ആവേശ'ത്തിൽ ട്രിപ്പ്, വീഡിയോ പുറത്ത് വിട്ട് 'കൂട്ടുകാർ',പൊലീസുകാരന് സസ്പെൻഷൻ
ഡിവൈഎഫ്ഐ നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഉളുക്ക് ഉണ്ണിയെന്ന് വിളിപ്പേരുള്ള ഉണ്ണി. ഉണ്ണിക്കും കൂട്ടുകാർക്കുമൊപ്പമാണ് കഴിഞ്ഞ മാർച്ചിൽ ആലപ്പുഴ എ.ആർ.ക്യാമ്പിലെ എഎസ്ഐ ശ്രീനിവാസൻ ഉല്ലാസ യാത്ര നടത്തിയത്.
ആലപ്പുഴ: ഗുണ്ടയ്ക്കൊപ്പം വിനോദയാത്ര പോയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഉല്ലാസ യാത്രയുടെ ദൃശ്യങ്ങൾ കൂട്ടുകാർ പുറത്തുവിട്ടതിന് പിന്നാലെയാണ് ആലപ്പുഴ എ.ആർ.ക്യാമ്പിലെ എഎസ്ഐ ശ്രീനിവാസനെതിരായ നടപടി. ഗുണ്ടകളുമൊത്തുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ഉല്ലാസ യാത്രയുടെ ദൃശ്യങ്ങൾ ഈയിടെയാണ് പുറത്ത് വന്നത്. ഡിവൈഎഫ്ഐ നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഉളുക്ക് ഉണ്ണിയെന്ന് വിളിപ്പേരുള്ള ഉണ്ണി.
ഉണ്ണിക്കും കൂട്ടുകാർക്കുമൊപ്പമാണ് കഴിഞ്ഞ മാർച്ചിൽ ആലപ്പുഴ എ.ആർ.ക്യാമ്പിലെ എഎസ്ഐ ശ്രീനിവാസൻ ഉല്ലാസ യാത്ര നടത്തിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ എസ്ഐയെ സസ്പെൻഡ് ചെയ്തു. ഉല്ലാസ യാത്ര സംഘത്തിൽ ഉണ്ടായിരുന്നവർ തന്നെയായിരുന്നു ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഗുണ്ടാ സംഘത്തിനൊപ്പം മദ്യപിക്കുന്നതിന്റേയും നൃത്തം വയ്ക്കുന്നതിന്റെയുമായ ചിത്രങ്ങളാണ് പുറത്ത് വന്നത്.
മറ്റൊരു സംഭവത്തിൽ എക്സൈസ് ഇൻസ്പെക്ടർ ചമഞ്ഞു പണം തട്ടിയ ആൾ കോഴിക്കോട് പൊലീസ് പിടിയിലായി. മയക്കുമരുന്ന് കേസിൽ പിടിയിലായ യുവാവിനെ രക്ഷിക്കാമെന്ന് പറഞ്ഞാണ് കുടുംബത്തിന്റെ കയ്യിൽ നിന്നും പ്രതി പണം തട്ടിയത്. നേരത്തെ ഐബി ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലും പ്രതിയായ ആളാണ് കുടുങ്ങിയത്. മലപ്പുറം കൊട്ടോണ്ടി സ്വദേശി മുഹമ്മദ് ഷിബിലി ആണ് അറസ്റ്റിലായത്. കോഴിക്കോട് കസബ പൊലിസാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ചമഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്.
മയക്കുമരുന്ന് കേസിൽ പിടിയിലായ യുവാവിന്റെ അമ്മയെയാണ് ഇയാൾ തട്ടിപ്പിനിരയാക്കിയത്. ജയിൽ പരിസരത്ത് നിന്നും പരിചയപ്പെട്ട അമ്മയോട് താൻ മകനെ പുറത്തിറക്കാൻ സഹായിക്കാമെന്ന് അറിയിക്കുകയായിരുന്നു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ ആണെന്നും കേസ് ഫയൽ എന്റെ കയ്യിൽ ഉണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. 3 ലക്ഷം രൂപ ആവശ്യപ്പെടുകയും 85000 രൂപ കൈ പറ്റുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം