ലോക്ക്ഡൗൺ ലംഘിച്ചെന്ന പരാതിയെ തുടർന്ന് പൊലീസെത്തി യുവാവിനെ പിടികൂടി; ഒടുവിൽ കണ്ണുനിറഞ്ഞ് ഉദ്യോഗസ്ഥർ
പള്ളിത്തോട് കേന്ദ്രീകരിച്ച് കൊവിഡ് വ്യാപനം വളരെ കൂടുതലായതുകൊണ്ട് പൊലീസ് നിയന്ത്രണം കടുപ്പിച്ചപ്പോൾ നിരവധി പേരുടെ വീടുകൾ പട്ടിണിയിലായി. ഇതാണ് തീരദേശത്തെ പല കുടുബങ്ങളുടെയും ഇപ്പോഴത്തെ അവസ്ഥ.
ചേർത്തല: യുവാവ് ലോക്ക്ഡൗൺ ലംഘിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എത്തി പിടികൂടി. കാര്യമറിഞ്ഞപ്പോൾ പൊലീസുകാരുടെ പോലും കണ്ണ് നിറഞ്ഞു. സംഭവം ഇങ്ങനെ; പള്ളിത്തോട്ടിലെ യുവാവായ മത്സ്യത്തൊഴിലാളി വ്യാഴാഴ്ച രാവിലെ പൊന്തു വള്ളത്തിൽ മത്സ്യബന്ധനത്തിനു പോയി. കണ്ടെയ്മെന്റ് സോൺ നിലവിൽ വന്നതോടെ തീരദേശത്ത് മത്സ്യബന്ധനവും, വില്പനയും നിരോധിച്ചിട്ടുള്ളതാണ്. മത്സ്യബന്ധനം നടത്തുന്നതു കണ്ട നാട്ടുകാര്‍ ആരോഗ്യപ്രവർത്തകരെയും പൊലീസിനെയും വിവരം അറിയിച്ചു.
പൊലീസ് എത്തി യുവാവിനെ പിടിക്കൂടിയപ്പോഴാണ് തന്റെ അവസ്ഥ അവരോട് പറയുന്നത്. "കുഞ്ഞിന് മരുന്നു വാങ്ങാൻ അഞ്ചു പൈസ എൻ്റെ കയ്യിലില്ല. വീട്ടിലേയ്ക്ക് ഭക്ഷണം പോലും വാങ്ങാൻ കയ്യിൽ കാശില്ല. കുഞ്ഞുങ്ങളുടെ സങ്കടം കണ്ട് കടലിലിറങ്ങിയതാണ് സാറേ". .... എന്ന് വേദനിപ്പിക്കുന്ന വാക്കുകൾ കേട്ട പൊലീസുകാർ പരാതി പോലും എടുക്കാതെ നിറകണ്ണുകളോടെ തിരിച്ച് പോയി.
പള്ളിത്തോട് കേന്ദ്രീകരിച്ച് കൊവിഡ് വ്യാപനം വളരെ കൂടുതലായതുകൊണ്ട് പൊലീസ് നിയന്ത്രണം കടുപ്പിച്ചപ്പോൾ നിരവധി പേരുടെ വീടുകൾ പട്ടിണിയിലായി. ഇതാണ് തീരദേശത്തെ പല കുടുബങ്ങളുടെയും ഇപ്പോഴത്തെ അവസ്ഥ.