പെട്ടിമുടിയിൽ തിരച്ചിലിനെത്തിയവര്‍ക്ക് കൊവിഡ് പരിശോധന, ഇന്ന് ആര്‍ക്കും കൊവിഡ് ഇല്ലെന്ന് പരിശോധനാഫലം
തെരച്ചിലിനെത്തിയ ഫയർ ഫോഴ്സ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു ഇന്നത്തെ ആന്റിജൻ ടെസ്റ്റ്.
ഇടുക്കി: മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ മണ്ണിനടിയിലായവര്‍ക്കായി തെരച്ചിലിനെത്തിയവരിൽ ഇന്ന് നടത്തിയ പരിശോധനയിൽ ആർക്കും കൊവിഡ് ഇല്ല. എൻഡിആര്‍എഫ്, ഫയർ ഫോഴ്സ്, പൊലീസ് എന്നിവരിൽ റാൻഡമായി തെരഞ്ഞെടുത്ത10 പേരെയാണ് പരിശോധിച്ചത്. തെരച്ചിലിനെത്തിയ ഫയർ ഫോഴ്സ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു ഇന്നത്തെ ആന്റിജൻ ടെസ്റ്റ്.
പെട്ടിമുടി ദുരന്തത്തിൽ ആകെ മരണം 43 ആയി. ഇന്ന് മാത്രം 17 മൃതദേഹങ്ങളാണ് അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇനി 16 കുട്ടികളടക്കം 27 പേരെ കണ്ടെത്താനുണ്ട്. അവശേഷിക്കുന്നവരെ കണ്ടെത്താനായി കഠിന പരിശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ എല്ലാം സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും 57 പേരടങ്ങുന്ന രണ്ട് എൻഡിആർഎഫ് ടീമും, ഫയർ & റെസ്ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, പ്രത്യേക പരിശീലനം നേടിയ 50 അംഗ ടീമും, കോട്ടയത്തു നിന്ന് 24 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.