'ഓൺലൈൻ ജോലി, കോടികൾ ഉണ്ടാക്കാം, വേണ്ടതാകട്ടെ കുറച്ച് ലക്ഷങ്ങൾ'; യുവതി 10 ലക്ഷം കൊടുത്തു, തട്ടിപ്പിൽ അറസ്റ്റ്
ചില ഓൺലൈൻ ജോലികൾ ഏൽപ്പിച്ച് തുച്ഛമായ തുക പലപ്പോഴായി അയച്ചു നൽകി.
കൊല്ലം: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പിടിയിൽ. ബംഗളൂരു സ്വദേശി ശരത്തിനെയാണ് കൊല്ലം പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പരവൂർ സ്വദേശിനി റസീനയിൽ നിന്നും പത്ത് ലക്ഷത്തിലധികം രൂപയാണ് പ്രതി കൈക്കലാക്കിയത്. പരവൂർ സ്വദേശി റസീനയുമായി ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ബംഗളൂരു സ്വദേശി ശരത്ത് പരിചയം സ്ഥാപിച്ചു. ലക്ഷങ്ങൾ വരുമാനം ലഭിക്കുന്ന വൻ തൊഴിൽ സാധ്യതകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഉണ്ടെന്നും അതു തരപ്പെടുത്താൻ സഹായിക്കാമെന്നും പ്രതി യുവതിയോട് പറഞ്ഞു. ചില ഓൺലൈൻ ജോലികൾ ഏൽപ്പിച്ച് തുച്ഛമായ തുക പലപ്പോഴായി അയച്ചു നൽകി.
യുവതി പ്രതിയെ വിശ്വസിച്ച് തുടങ്ങിയെന്ന് മനസിലാക്കിയതോടെ വൻ തട്ടിപ്പ് നടപ്പിലാക്കി. വലിയ തൊഴിൽ സാധ്യത ഒത്തുവന്നിട്ടുണ്ടെന്നും കുറച്ച് അധികം പണം വേണമെന്നും പറഞ്ഞു. ഇതിനായി പലപ്പോഴായി 10 ലക്ഷത്തിലധികം രൂപ യുവതി അയച്ചു നൽകി. പണം ലഭിച്ചതോടെ പ്രതി സമൂഹ മാധ്യമ അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷനായി.
തട്ടിപ്പ് ബോധ്യപ്പെട്ട യുവതി നൽകിയ പരാതിയിൽ പരവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. സമാനമായ തട്ടിപ്പ് ആലപ്പുഴ ജില്ലയിലും നടന്നതായി കണ്ടെത്തി. ഈ കേസിൽ ആന്ധ്രാ സ്വദേശിയും ബംഗളൂരുവിൽ സ്ഥിര താമസക്കാരനുമായ ശ്രീധർ എന്നയാളെ ആലപ്പുഴ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ശരത്തിനെക്കുറിച്ച് വിവരം ലഭിച്ചത്. ഒരേ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണ് ഇരുവരും. തുടർന്ന് തന്ത്രപരമായ നീക്കങ്ങൾക്ക് ഒടുവിൽ പരവൂർ പൊലീസ് ശരത്തിനെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.