'മാസ്സാണ് തൃശ്ശൂർ', കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാൽ കിട്ടും പൊലീസ് വക ഓണക്കോടി!
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചതിന് തൃശൂർ സിറ്റി പൊലീസിന്റെ ഓണക്കോടി. നഗരത്തിലെ തിരക്കേറിയ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ തുണിത്തരങ്ങൾ തിരഞ്ഞെടുത്തശേഷം ബിൽ അടയ്ക്കാൻ കാത്തിരിക്കുകയായിരുന്നു ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശിയായ അരുൺ വിശ്വനാഥും ഭാര്യ പ്രെറ്റി രാധാകൃഷ്ണനും
തൃശ്ശൂർ: കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചതിന് തൃശൂർ സിറ്റി പൊലീസിന്റെ ഓണക്കോടി. നഗരത്തിലെ തിരക്കേറിയ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ തുണിത്തരങ്ങൾ തിരഞ്ഞെടുത്തശേഷം ബിൽ അടയ്ക്കാൻ കാത്തിരിക്കുകയായിരുന്നു ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശിയായ അരുൺ വിശ്വനാഥും ഭാര്യ പ്രെറ്റി രാധാകൃഷ്ണനും. പെട്ടെന്ന് രണ്ട് പോലീസുകാർ അവരുടെ അടുത്തേക്കെത്തി.
സാധാരണനിലയിൽ തുണിക്കടകൾക്കകത്ത് പോലീസുദ്യോഗസ്ഥർ പ്രവേശിക്കേണ്ട ആവശ്യമില്ല. എന്താണ് കാര്യമെന്നറിയാതെ അവർ പേടിച്ചു. തൃശൂർ ടൌൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സലീഷും സംഘവുമായിരുന്നു അത്. പോലീസുദ്യോഗസ്ഥർ ഒരു സമ്മാനപ്പൊതി അവർക്കു നേരെ നീട്ടി.
ഇത്തവണത്തെ ഓണക്കോടി പോലീസിന്റെ വക!
എന്തിനാണ് ഓണക്കോടി എന്നറിയേണ്ടേ ? കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചതിന്. മുഖത്ത് കൃത്യമായി മാസ്ക് ധരിച്ചിട്ടുണ്ട്, കയ്യുറകൾ ധരിച്ചിട്ടുണ്ട്, ഇടക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും ചെയ്യുന്നു. മാത്രവുമല്ല, തിക്കും തിരക്കും കൂട്ടാതെ അവരവരുടെ ഊഴം വരുന്നതുവരെ കാത്തിരുന്ന്, സാധനങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.
സാധാരണയായി ഓണക്കോടി വാങ്ങുന്നതിന് കുട്ടികളേയും പ്രായമായവരേയും കൂട്ടിയാണ് ആളുകൾ തുണിക്കടകളിലേക്ക് വരാറുള്ളത്. എന്നാൽ നിങ്ങൾ അങ്ങിനെയല്ല. കോവിഡ് വ്യാപനത്തിനെതിരെ ഉത്തരവാദിത്വത്തോടെ പങ്കാളികളാകുന്ന നിങ്ങൾക്ക് തൃശൂർ സിറ്റി പോലീസിന്റെ പ്രത്യേക അഭിനന്ദനങ്ങൾ - എന്ന് പ്രത്യേക അഭിനന്ദനവും കിട്ടി.
തൃശൂർ സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച മാസ്സാണ് തൃശൂർ, മാസ്കാണ് നമ്മുടെ ജീവൻ പ്രചാരണ പരിപാടിയുടെ ഭാഗമായി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും, ഷോപ്പിങ്ങ് മാളുകളിലും കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവരെ കണ്ടെത്താൻ മഫ്തി വേഷത്തിൽ പുരുഷ-വനിതാ പോലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
നിയമം ലംഘിക്കുന്നവരെ കയ്യോടെ പിടികൂടുക മാത്രമല്ല പോലീസ് ചെയ്യുന്നത്, നിയമം അനുസരിക്കുന്നവരെ അഭിനന്ദിക്കുക കൂടി ചെയ്യുന്നുണ്ട്.
സവിശേഷതകൾ
കേരളാ പോലീസിന്റെ ചരിത്രത്തിൽ ആദ്യമായി ഓഗ്മെന്റെഡ് റിയാലിറ്റി സംവിധാനത്തിൽ തയ്യാറാക്കിയ കൊവിഡ് പ്രതിരോധ പ്രചരണ പരിപാടികൾ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീൻ, കൃഷി വകുപ്പ് മന്ത്രി അഡ്വ. വിഎസ്. സുനിൽകുമാർ എന്നിവർ വെർച്വൽ സ്റ്റുഡിയോ സംവിധാനത്തിലൂടെ പരിപാടികളിൽ പങ്കുചേർന്നു.
ഓണക്കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൊവിഡ് മഹാമാരിയുടെ വ്യാപനം ചെറുക്കുന്നതിനുവേണ്ടി തൃശൂർ സിറ്റി പോലീസ് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ഇതിന്റെ ഭാഗമായി പത്ര – ദൃശ്യ – ശ്രവ്യ മാധ്യമങ്ങളിലൂടേയും ഇന്റർനെറ്റ് അധിഷ്ഠിത സമൂഹ മാധ്യമങ്ങളിലൂടേയും കൂടുതൽ സജീവമായ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തി.
മൾട്ടിമീഡിയ സംവിധാനമുള്ള പ്രചാരണ വാഹനങ്ങൾ നഗരത്തിലും പരിസര പ്രദേശങ്ങളിലും ബോധവൽക്കരണ പരിപാടികൾ നടത്തി. വ്യാപാരി സമൂഹത്തിന്റെ സഹകരണത്തോടെ നഗരത്തിലും പരിസര പ്രദേശങ്ങളിലും കൊവിഡ് പ്രതിരോധ അവബോധന ബോർഡുകൾ സ്ഥാപിച്ചു. ഓട്ടോറിക്ഷ - ടാക്സി ഡ്രൈവർമാർ എന്നിവരുടേയും പൊതുജനങ്ങളുമായി ഏറ്റവും കൂടുതൽ ഇടപഴകേണ്ടി വരുന്നവരുടേയും സഹകരണത്തോടെ ബഹുമുഖ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തി.
ഓണക്കാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിന് മഫ്ടിയിലും യൂണിഫോമിലും പ്രത്യേക പൊലീസ് പട്രോളിങ്ങ് സംഘം എത്തിയിരുന്നു. തുണിക്കടകൾക്കകത്തും, ഷോപ്പിങ്ങ് സമുച്ചയങ്ങളിലും മഫ്തി പോലീസ് സാന്നിധ്യം ഉറപ്പാക്കി. സാമൂഹ്യ അകലം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി ഉണ്ടാകും. അതേസമയം കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നവർക്ക് പാരിതോഷികവും.