75 ലക്ഷം ലോട്ടറി, എന്നിട്ടും നിർത്തിയില്ല; പഠിച്ച കള്ളൻ, മോഷണത്തിന് പ്രത്യേകം പ്ലാൻ, എന്നിട്ടും ജോമോനെ പൊക്കി
സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും പരിശോധിച്ചതിൽ നിന്നും പ്രതിയെ കുറിച്ച് ഒരു സൂചനയും ആദ്യ ഘട്ടത്തിൽ പൊലീസിന് ലഭിച്ചിരുന്നില്ല
മാള: തൃശ്ശൂര്‍ മാള കോട്ടമുറിയിൽ വീട്ടി കയറി സ്വര്‍ണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. പാറപ്പുറം സ്വദേശി ജോമോനാണ് അറസ്റ്റിലായത്. തൃശ്ശൂര്‍ റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ 23 ന് പുലര്‍ച്ചെയാണ് മാള വലിയപറമ്പ് കോട്ടമുറിയിൽ വടക്കൻ ഇട്ടീരയുടെ വീട്ടിൽ മോഷണം നടന്ന കേസിലാണ് അറസ്റ്റ്.
നാലരപ്പവൻ സ്വര്‍ണാഭരണങ്ങളാണ് ജോമോൻ അടിച്ചെടുത്തത്. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും പരിശോധിച്ചതിൽ നിന്നും പ്രതിയെ കുറിച്ച് ഒരു സൂചനയും ആദ്യ ഘട്ടത്തിൽ പൊലീസിന് ലഭിച്ചിരുന്നില്ല. തുടർന്ന് സമാന മോഷണ കേസുകളിൽ പെട്ട പ്രതികളെ നിരീക്ഷിച്ചതിൽ നിന്നുമാണ് ജോമോനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.
മോഷണത്തിനിറങ്ങുമ്പോള്‍ ജോമോന് ഒരു പ്രത്യേക രീതിയാണെന്ന് പൊലീസ് പറയുന്നു. രാത്രി സമയങ്ങളിൽ കാൽനടയായി സഞ്ചരിച്ച് ജനലുകൾ തുറന്ന് കിടക്കുന്ന വീടുകൾ കണ്ടാൽ അവിടെ കയറുകയും, ജനലിലൂടെ കൈകടത്തി ആഭരണങ്ങൾ മോഷ്ടിക്കുകയും, ജനലിലൂടെ കൈ എത്തിച്ച് വാതിൽ തുറന്ന് അകത്തുകയറി മോഷണം നടത്തുകയുമാണ് ഇയാളുടെ രീതി. കൃത്യം ചെയ്യുന്ന ദിവസങ്ങളിൽ ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാറില്ലായിരുന്നു. ഇതോടെ ടവർ ലൊക്കേഷനും പൊലീസിന് കണ്ടെത്താനാവില്ല.
മാളയിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമായതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. തുടർന്ന് സമാന കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ടവരെ നിരന്തരം നിരീക്ഷിച്ചതിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. മോഷണ മുതലുകൾ പ്രതിയിൽ നിന്ന് കണ്ടെത്തി.
മോഷ്ടിച്ച പണം ലോട്ടറി ടിക്കറ്റ് എടുക്കുന്നതിന്നും ആർഭാട ജീവിതം നടത്തുന്നതിനും ആണ് പ്രതി ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. 4 വർഷം മുൻപ് 75 ലക്ഷം രൂപയുടെ ലോട്ടറി അടിച്ച ആളാണ് പ്രതി. ചാലക്കുടി, മാള പൊലീസ് സ്റ്റേഷനുകളിൽ സമാനമായ മറ്റ് കേസുകളിൽ പ്രതിയാണ് പിടിയിലായ ജോമോനെന്ന് അന്വേഷണ സംഘം പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം പിടികൂടിയ പ്രതിയെ മാള പൊലീസിന് കൈമാറി.
Read More : ഭാഷ വശമില്ലാത്തത് മുതലെടുത്തു, അതിഥി തൊഴിലാളികളുടെ മകളെ പീഡിപ്പിക്കാൻ ശ്രമം, 58കാരൻ പിടിയിൽ