വെള്ളമില്ല, പാടം ഉഴുതുമറിച്ചിട്ടില്ല, മുളപ്പിച്ച ഞാറ് ഉണങ്ങിത്തുടങ്ങി, ദുരിതത്തിൽ കർഷകർ

സാധാരണ ഞാറു പറിച്ചുനടുന്ന ചിങ്ങമാസത്തിൽ പാടത്ത് കെട്ടിക്കിടക്കുന്ന വെള്ളം പുറത്തേക്ക് പമ്പ് ചെയ്യുന്ന കര്‍ഷകര്‍ ഇക്കുറി മഴ പെയ്യുന്നത് വരെ പിടിച്ചുനിൽക്കാൻ പാടത്തേക്ക് വെള്ളം പമ്പ് ചെയ്യുകയാണ്

no rain for long period farmers calendar went wrong terrible in this year etj

മാവൂര്‍: ചിങ്ങമായിട്ടും മഴ കനിയാത്തതോടെ ദുരിതത്തിലായി ഓണ പ്രതീക്ഷയിൽ കൃഷിയിറക്കിയ കർഷകർ. ഉണങ്ങിത്തുടങ്ങിയ മണ്ണ് ഉഴുതുമറിക്കാനാവാത്തത് കൊണ്ട് കോഴിക്കോട് മാവൂരിലെ നെൽകർഷകർ മുളപ്പിച്ച ഞാറ് ഉണങ്ങിത്തുടങ്ങിയ സ്ഥിതിയാണ്. മഴ പെയ്യുന്നത് വരെ പിടിച്ചുനിൽക്കാൻ പാടത്ത് വെള്ളം പമ്പ് ചെയ്യുകയാണ് കര്‍ഷകര്‍.

സാധാരണ ഞാറു പറിച്ചുനടുന്ന ചിങ്ങമാസത്തിൽ പാടത്ത് കെട്ടിക്കിടക്കുന്ന വെള്ളം പുറത്തേക്ക് പമ്പ് ചെയ്യാറാണ് കർഷകരുടെ പതിവ്. ഇത്തവണയിവർക്ക് മഴ കിട്ടിയിട്ട് 23 ദിവസമായി. ഉണങ്ങിത്തുടങ്ങിയ പാടത്ത് എത്ര പമ്പ് ചെയ്തിട്ടും വെള്ളം നിൽക്കുന്നുമില്ല. ചെളിയായി ഉഴുതുമറിക്കാതെ എങ്ങനെ ഞാറു നടുമെന്നാണ് കർഷകനായ രമേശൻ ചോദിക്കുന്നത്.

രണ്ടാഴ്ചയായി മുളപ്പിച്ച വിത്തുകൾ പറിച്ചുനടാത്തത് കൊണ്ട് ഉണങ്ങിത്തുടങ്ങി. ഇതോടൊപ്പം ഉണങ്ങുന്നത് കർഷകരുടെ പ്രതീക്ഷകളുമാണ്. കഴിഞ്ഞ തവണ വാഴക്കൃഷിയിൽ വന്ന നഷ്ടം തീർക്കാനാണ് പ്രഭാകരൻ പച്ചക്കറിയിൽ പ്രതീക്ഷ വെച്ചത്. വെള്ളമില്ലാത്തത് കൊണ്ട് മുരടിച്ച് നിൽക്കുന്ന കയ്പക്ക മുതൽ കൃഷിയിറക്കിയതൊന്നും ഇനി വിപണിയിലെത്തിക്കാനാവില്ലെന്നും പ്രഭാകരന്‍ പറയുന്നു.

നെല്ലും പച്ചക്കറിയും മാത്രമല്ല തെങ്ങും കവുങ്ങും വരെ ഉണങ്ങിത്തുടങ്ങി. അവകൂടി നനയ്ക്കാൻ മാത്രം വെള്ളം കിട്ടാനില്ല. ഒരാഴ്ചയ്ക്കുള്ളിൽ മഴയെത്തിയില്ലെങ്കിൽ സ്വന്തം വീട്ടിലുണ്ണാനുള്ളതിനുള്ള വകപോലുമിവർക്കീ വെള്ളം വറ്റിയ പാടത്ത് നിന്ന് കിട്ടില്ലെന്ന് ഉറപ്പാണ്. നേരത്തെ കാലവര്‍ഷം പകുതി പിന്നിട്ടിട്ടും പാലക്കാട് മഴ മാറി നില്‍ക്കുന്നത് കൃഷിയെയും ജലസേചന പദ്ധതികളേയും ബാധിച്ചിരുന്നു.

ഞാറ്റുവേല കലണ്ടര്‍ താളം തെറ്റിയതോടെ, കതിരിടും മുന്‍പ് പാലക്കാട്ടെ പാടശേഖരങ്ങള്‍ വരണ്ടുണങ്ങിയ സ്ഥിതിയാണ് പാലക്കാടുമുള്ളത്. തിരുവാതിര തിരി മുറിയാതെ എന്ന പഴഞ്ചാല്ല് അടുത്ത കാലം വരെ പാലക്കാട് യാഥാർത്ഥ്യമായിരുന്നു. ജൂണില്‍ തുടങ്ങി സെപ്തംബര്‍ വരെ മഴയുടെ സമൃദ്ധിയായിരുന്നു. എന്നാല്‍ ഇക്കുറി കണക്ക് പാളി. തിരുവാതിര ഞാറ്റുവേല കഴിഞ്ഞ് പൂയം എത്തിയിട്ടും മഴ മാത്രമില്ല. ഇങ്ങനെ പോയാല്‍, കതിരിടും മുമ്പേ നെല്‍ച്ചെടി കരിഞ്ഞുണങ്ങുമെന്നാണ് കര്‍ഷകര്‍ പ്രതികരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios