മൂന്നാറിൽ ലോറി തടഞ്ഞ് പടയപ്പ; ഒരു മണിക്കൂറിലേറെ നേരം ഗതാഗത തടസ്സം, തോട്ടം തൊഴിലാളികൾ ബഹളം വെച്ചപ്പോൾ പിന്മാറി
തല കൊണ്ട് ലോറിയിൽ ഇടിച്ച കാട്ടാന പിന്നീട് ലോറിക്ക് മുന്നിൽ റോഡിൽ നിലയുറപ്പിക്കുകയായിരുന്നു
ഇടുക്കി: മൂന്നാർ നയമക്കാട് എസ്റ്റേറ്റ് വഴിയിൽ സിമൻറ് കയറ്റി വന്ന ലോറി പടയപ്പ എന്ന് അറിയപ്പെടുന്ന കാട്ടാന തടഞ്ഞു. രാവിലെ എട്ടരയോടെയാണ് സംഭവം. ഇതേ തുടര്‍ന്ന് ഒരു മണിക്കൂർ നേരം ഈ റോഡിൽ ഗതാഗത തടസ്സം ഉണ്ടായി. തല കൊണ്ട് ലോറിയിൽ ഇടിച്ച കാട്ടാന പിന്നീട് ലോറിക്ക് മുന്നിൽ റോഡിൽ നിലയുറപ്പിക്കുകയായിരുന്നു. തോട്ടം തൊഴിലാളികൾ ബഹളം വച്ചതോടെയാണ് പിന്നീട് പടയപ്പ ജനവാസ മേഖലയിൽ നിന്നും മാറിയത്.
അതിനിടെ വയനാട് ജില്ലയിലെ മുള്ളൻകൊല്ലിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിലായി. നിരവധി വളർത്തു മൃഗങ്ങളെ പിടിച്ച കടുവയാണ് കൂട്ടിലായത്. ആദ്യം കുപ്പാടിയിലേക്ക് കടുവയെ മാറ്റാനാണ് തീരുമാനം. വടാനകവലയ്ക്ക് സമീപം വനമൂലികയിൽ സ്ഥാപിച്ചിരുന്ന കൂട്ടിലാണ് കടുവ കുടുങ്ങിയത്. പ്രദേശത്താകെ നാല് കൂടുകൾ സ്ഥാപിച്ചിരുന്നു. മൂന്നാമത് സ്ഥാപിച്ച കൂടിനോട് ചേര്‍ന്ന കെണിയിലാണ് കടുവ കുടുങ്ങിയത്.