നമ്പർ പ്ലേറ്റിന് പകരം 'ബൂമർ', രൂപമാറ്റം വരുത്തിയ പിങ്ക് കാർ പിടിച്ചെടുത്ത് എംവിഡി; പിന്നാലെ ഭീഷണി, വാക്കേറ്റം
മലപ്പുറം സ്വദേശിയുടെ പേരിലുള്ളതാണ് കാർ. കൊല്ലം സ്വദേശി കാർ വാങ്ങിയെങ്കിലും പേരുമാറ്റം നടത്തിയിരുന്നില്ല
കൊല്ലം:നമ്പർ പ്ലേറ്റ് ഇല്ലാതെയും രൂപഘടനയിൽ മാറ്റം വരുത്തിയും ഓടിയ കാർ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു.കൊല്ലം പത്തനാപുരത്താണ് സംഭവം. കാര്‍ കസ്റ്റഡിയിൽ എടുത്തതിന്‍റെ പേരിൽ ഒരു സംഘം ആളുകൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി.പത്തനാപുരം പൊലീസ് സ്റ്റേഷനിൽ വച്ചാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ സംഭവം ഉണ്ടായത്.
മലപ്പുറം സ്വദേശിയുടെ പേരിലുള്ളതാണ് കാർ. കൊല്ലം സ്വദേശി കാർ വാങ്ങിയെങ്കിലും പേരുമാറ്റം നടത്തിയിരുന്നില്ല. കാറിന്‍റെ നിറം മാറ്റുകയും ചെയ്തിട്ടുണ്ട്. പൂര്‍ണമായും പിങ്ക് നിറം അടിച്ചും നമ്പര്‍ പ്ലേറ്റിന്‍റെ ഭാഗത്ത് സ്റ്റിക്കറുകള്‍ പതിച്ചുമാണ് കാര്‍ ഉപയോഗിച്ചിരുന്നത്. കാറിന്‍റെ എക്സോസ്റ്റും മാറ്റിയിട്ടുണ്ട്. കാറിന്‍റെ പിന്നിലെ നമ്പര്‍ പ്ലേറ്റില്‍ നമ്പറിന് പകരം ബൂമര്‍ എന്നാണ് എഴുതിയിരിക്കുന്നത്. കാറിന്‍റെ ഗ്ലാസുകളില്‍ ഉള്‍ഭാഗം കാണാനാവാത്ത വിധം കൂളിങ് ഫിലിമുകളും പതിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത കാറിന്‍റെയും ഉദ്യോഗസ്ഥരുമായുള്ള വാക്കേറ്റത്തിന്‍റെയും വീഡിയോയും പുറത്തുവന്നു.
...