പെട്ടന്ന് തെരുവ് നായ മുന്നിലേക്ക് ചാടി, ഓടിച്ചിട്ട് കടിച്ചു; മാന്നാറിൽ വിദ്യാർത്ഥിനിയടക്കം 4 പേർക്ക് പരിക്ക്
അടുത്തിടെ ക്ഷീര കർഷകനായ സജീവിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന 3 മാസം പ്രായമുള്ള പശുക്കിടാവിനെയാണ് നായ്ക്കൾ ആക്രമിച്ച് കടിച്ചുകീറിയത്.
മാന്നാര്‍: ആലപ്പുഴ ജില്ലയിൽ മാന്നാറില്‍ തെരുവ് നായ ആക്രമത്തിൽ വിദ്യാർഥിനിയുൾപ്പെടെ നാല് പേർക്ക് പരിക്ക്. കുട്ടമ്പേരൂർ കാട്ടിൽത്തറയിൽ വിപിന്റെ മകൾ വിദ്യാർത്ഥിനിയായ നിള, വാതല്ലൂർകാട്ടിൽ ശാന്ത കുമാരി, രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ എന്നിവർക്കാണ് നായ്ക്കളുടെ കടിയേറ്റത്. മാന്നാർ മുട്ടേൽ ഇംഗ്ഷന് സമീപത്തുവെച്ചാണ് ഇന്ന് രാവിലെ 10ന് അന്യ സംസ്ഥാന തൊഴിലാളികളെയും ഉച്ചക്ക് 1.30 നു വിദ്യാർത്ഥിനിക്കും വീട്ടമ്മക്കും നായയുടെ കടിയേറ്റത്.
നായയുടെ കടിയേറ്റവർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. അലഞ്ഞ് തിരഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കൾ അക്രമകാരികളായി മാറുന്നത് ജങ്ങളെ ഭീതിയിലാക്കുകയാണ്. പുറത്തിറങ്ങിയാൽ തലങ്ങും വിലങ്ങും ആക്രമിക്കുന്ന തെരുവുനായ്ക്കളെ പേടിച്ച് ഭയന്നിരിക്കുകയാണ് പ്രദേശവാസികൾ. അടുത്തിടെ മാന്നാർ ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിൽ കുട്ടംപേരൂർ പ്രശാന്തി വർഷിണിയിൽ ക്ഷീര കർഷകനായ സജീവിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന 3 മാസം പ്രായമുള്ള പശുക്കിടാവിനെയാണ് നായ്ക്കൾ ആക്രമിച്ച് കടിച്ചുകീറിയത്.
മാന്നാർ ടൗണിൽ മാർക്കറ്റ് ജംഗ്ഷൻ, പോസ്റ്റോഫീസ് ജംഗ്ഷൻ, പോലീസ് സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ തെരുവ് നായ് ശല്യം രൂക്ഷമാണ്. തൃക്കുരട്ടി അമ്പലത്തിനു കിഴക്കുവശം, തന്മടിക്കുളത്തിന്റെ കരകൾ, കുരട്ടിക്കാട് കോട്ടയ്ക്കൽ കടവ് പാലം, ആശുപത്രി ജംഗ്ഷന് പടിഞ്ഞാറ് ഭാഗം, കുറ്റിമുക്ക്, പഞ്ചായത്ത് ഓഫീസ് പരിസരം എന്നിവിടങ്ങളിലും പകലും രാത്രിയും തെരുവ് നായ്ക്കൂട്ടങ്ങളുടെ കേന്ദ്രങ്ങളാണ്. പ്രധാന റോഡുകൾക്കു പുറമെ ഇടറോഡുകളിലും ഇവ തമ്പടിച്ചിരിക്കുന്നതിനാൽ ഒറ്റയ്ക്കുള്ള സഞ്ചാരം അപകടകരമാണ്.
Read More : കൈ കഴുകാൻ തോട്ടിലിറങ്ങിയപ്പോൾ കണ്ടത് ഒരു കാലും തലയോട്ടിയും, ഉപ്പുതറയിൽ ആഴ്ചകൾ പഴക്കമുള്ള മനുഷ്യ ശരീര ഭാഗങ്ങൾ