Asianet News MalayalamAsianet News Malayalam

കെണിയൊരുക്കി വീണ്ടും ദേശീയപാത, സ്കൂട്ടര്‍ ചെളിക്കുണ്ടിൽ തെന്നിവീണ് പരിക്കേറ്റ ലോട്ടറിക്കട ജീവനക്കാരൻ മരിച്ചു

തളിക്കുളം കുമാർ ലോട്ടറി കടയിലെ ജീവനക്കാരനായ മനാഫ് കടയടച്ച് കണ്ടശാംകടവിലെ മറ്റൊരു ലോട്ടറി കടയിലേയ്ക്ക് പോകുമ്പോഴായിരുന്നു ദുരന്തം.

Lottery shop worker died after being injured after his scooter slipped in the mud pit on the national highway
Author
First Published Jul 6, 2024, 6:27 PM IST | Last Updated Jul 6, 2024, 6:27 PM IST

തൃശൂർ:  അപകടക്കെണിയൊരുക്കി വീണ്ടു ദേശീയപാത നിർമാണം. അപകടത്തിൽ ഒരു ജീവൻ കവർന്നു. വാടാനപ്പള്ളി ഗണേശമംഗലം പുതിയവീട്ടിൽ മനാഫ്(55) ആണ് ദേശീയപാത 66 ലെ അവസാനത്തെ ഇര. കഴിഞ്ഞ ജൂൺ 12 ന് രാത്രി വാടാനപ്പള്ളി പൊലീസ് സ്റ്റേഷന് കിഴക്ക് ദേശീയപാത ബൈപാസ് നിർമ്മാണ സ്ഥലത്തെ ചെളിക്കുണ്ടിൽ സ്കൂട്ടർ തെന്നിവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം വെള്ളിയാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു. 

തളിക്കുളം കുമാർ ലോട്ടറി കടയിലെ ജീവനക്കാരനായ മനാഫ് കടയടച്ച് കണ്ടശാംകടവിലെ മറ്റൊരു ലോട്ടറി കടയിലേയ്ക്ക് പോകുമ്പോഴായിരുന്നു ദുരന്തം. അപകടത്തിൽ മനാഫിന്റെ വാരിയെല്ലിലും തോളെല്ലിനും കാലിനും പൊട്ടലേറ്റിരുന്നു. ആദ്യം തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മനാഫിന്റെ പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. 

ഇതിനിടയിൽ ന്യൂമോണിയയും ബാധിച്ചു. റോഡിലെ ചെളിയിൽ ആറ് സ്കൂട്ടറുകൾ തെന്നിവീണ് അന്ന് മനാഫിനടക്കം അഞ്ചു പേർക്കാണ് പരിക്കേറ്റത്. തളിക്കുളം കാരം പറമ്പിൽ  റിഫാസ് (35), ഭാര്യ റംസീന ( 28 ) മകൻ സയാൻ (6) എടമുട്ടം മന്ത്ര വീട്ടിൽ സജിൻ (34) എന്നിവരാണ് പരിക്കേറ്റവർ. ഇവരെ മൂന്ന് ആംബുലൻസുകളിലായി വിവിധ ആശുപതികളിൽ പ്രവേശിപ്പിച്ചിരുന്നു.

മാസങ്ങൾക്ക് മുമ്പ് തളിക്കുളം കൊപ്രക്കളത്ത് ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പാതി പണിത കാനയിൽ വീണ് സൈക്കിൾ യാത്രികനായ ഇതര സംസ്ഥാന തൊഴിലാളിയും ചേറ്റുവയിൽ ദേശീയപാത നിർമ്മാണത്തിനുള്ള കോൺക്രീറ്റ് മിക്സിങ് ലോറി കയറി റോഡരികിൽ ഉറങ്ങിക്കിടന്നിരുന്നയാളും മരിച്ചത് വാർത്തയായിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് റോഡ് നിർമ്മാണ കമ്പനിയുടെ കെടുകാര്യസ്ഥതയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞത്. വാടാനപ്പള്ളി മുൻ ഗ്രാമ പഞ്ചായത്തംഗം ജുബൈരിയയാണ് മനാഫിന്റെ ഭാര്യ. മക്കൾ: സിബിൻ, മുബിൻ. സംസ്കാരം ഇന്ന് നടക്കും.

റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് ‌ശ്രമമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios