കോഴിക്കോട് മീഞ്ചന്ത കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി

കൊവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 38  (മീഞ്ചന്ത ) കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു

kozhikode Meechantha  announced as  covid Containment Zone

കോഴിക്കോട്:  കൊവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 38  (മീഞ്ചന്ത ) കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ഈ വാര്‍ഡില്‍ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണം, അടിയന്തര വൈദ്യസഹായം എന്നിവക്കുള്ള വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല. 

കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്ത് പോകുന്നതും മറ്റുള്ളവര്‍ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും അനുവദനീയമല്ല. ഭക്ഷ്യവസ്തുക്കളും അവശ്യവസ്തുക്കളും കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ അഞ്ചു മണിവരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളു. 

മത്സ്യ-മാംസമാര്‍ക്കറ്റുകള്‍ക്കും നിരോധനം ബാധകമാണ്. വാര്‍ഡിനു പുറത്തുനിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായിവരുന്നപക്ഷം വാര്‍ഡ്തല ദ്രുതകര്‍മസേനയുടെ സഹായം തേടാം. വാര്‍ഡില്‍ താമസിക്കുന്നവര്‍ക്ക് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ഉറപ്പാക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു.   

പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംചേരുന്നതും വാണിജ്യ വ്യാപാര സ്ഥാപനങ്ങളില്‍ അഞ്ചിലധികം ആളുകള്‍ ഒരേസമയം എത്തിച്ചേരുന്നതും കര്‍ശനമായി നിരോധിച്ചു.  പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാപോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെ വാര്‍ഡിലൂടെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചു. അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രകള്‍ക്ക് ഇളവുണ്ടാവും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 188,269 വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ ഉത്തരവില്‍ അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios