കൊല്ലംകാരുടെ സ്വന്തം 'കള്ളുസോഡ'; കള്ള് പേരിൽ മാത്രം, കുടിച്ചാൽ മത്താകില്ല, നല്ല സൊയമ്പൻ ഡ്രിങ്ക്
40 വർഷം മുമ്പ് കൊല്ലം സ്വദേശി രാജനും മക്കളും തുടങ്ങി വെച്ച ഈ രുചി വിപ്ലവത്തിന് ഇപ്പോഴും ആവശ്യക്കാർ ഏറെ
കൊല്ലം: കലോത്സവത്തിൽ മത്സരത്തിന്‍റെ ചൂട് കനക്കുമ്പോൾ തല തണുപ്പിക്കാൻ ഒരു പാനീയമുണ്ട്. കൊല്ലംകാരുടെ മാത്രം സ്വന്തമായ കള്ളു സോഡ. പേര് കേൾക്കുമ്പോൾ തന്നെ ലഹരിപിടിക്കുന്ന കള്ളു സോഡ കൊല്ലംകാർക്ക് ഒരു ലഹരിയാണ്.
ജനുവരി ആയപ്പോഴേക്കും സര്‍വത്ര ചൂട്. കൊല്ലത്തെത്തിയപ്പോൾ ഇവിടെ പന്തം കൊളുത്തി ചൂട്. ആ ചൂട് തണുപ്പിക്കാന്‍ പ്രത്യേക ടേസ്റ്റുള്ള പാനീയമുണ്ട് കൊല്ലംകാര്‍ക്ക്. കുടിച്ചാല്‍ മത്താകാത്ത കള്ളുസോഡ. ഇതിൽ പേരില്‍ മാത്രമേ കള്ളുള്ളൂ. രണ്ടു മുഴുവൻ ചെറുനാരങ്ങ, അതും പച്ച നാരങ്ങ ഉപയോഗിച്ചാണ് കള്ളു സോഡ ഉണ്ടാക്കുന്നത്.
വെയിലത്തൊക്കെ പോയിട്ട് വരുമ്പോള്‍ വളരെ റിഫ്രഷിംഗായ പാനീയമാണിത്. ആശ്രാമത്ത് മാത്രമേ ഇത് കിട്ടൂ. കേരളത്തില്‍ വേറെ എവിടെപ്പോയാലും കിട്ടില്ല. അടിപൊളി സാധനം- എന്നെല്ലാമാണ് കള്ളു സോഡ കുടിച്ചവരുടെ റിവ്യൂ.
40 വർഷം മുമ്പ് കൊല്ലം സ്വദേശി രാജനും മക്കളും തുടങ്ങി വെച്ച ഈ രുചി വിപ്ലവത്തിന് ഇപ്പോഴും ആവശ്യക്കാർ ഏറെ. ഒരു ഗ്ലാസ് കള്ള് സോഡയ്ക്ക് 30 രൂപയാണ് വില. സാധാരണ ദിവസങ്ങളിൽ രാവിലെ തുടങ്ങി രാത്രി 11.30നാണ് കച്ചവടം അവസാനിക്കുക. കലോത്സവ ദിവസങ്ങളിൽ അതും നടക്കില്ല. അൽപനേരം കിടന്നുറങ്ങാനെങ്കിലും കട പൂട്ടി വീട്ടിൽ പോകാനാകുമോ എന്ന ആശങ്കയിലാണ് ഇവർ. ഈ കള്ളു സോഡയ്ക്കൊരു കുഴപ്പമുണ്ട്. ഒരെണ്ണം കുടിച്ചാൽ ഇങ്ങനെ കുടിച്ചോണ്ടേയിരിക്കും.