ഇളകിയ പാറക്കല്ലുകളും അസാധാരണ നീരുറവകളും; പനങ്ങാട് നിവാസികൾ ഭീതിയിൽ
കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തമായതോടെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. വാഴോറമലയിലെ കുടുംബങ്ങളെ സംരക്ഷിക്കാന്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.
കോഴിക്കോട്: പനങ്ങാട്, കൂരാച്ചുണ്ട് പഞ്ചായത്തുകളിലെ കുടുംബങ്ങള്‍ ഭീതിയോടെയാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത്. പനങ്ങാട് പഞ്ചായത്തിലെ വാഴോറമലയിലുണ്ടായ അസാധാരണ നീരുറവകളും ഇളകി നില്‍ക്കുന്ന കൂറ്റന്‍ പാറക്കല്ലുകളുമാണ് ഇവരുടെ മനസ്സമാധാനം തകര്‍ക്കുന്നത്. മലയുടെ താഴ്വാരത്ത് നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്.
താഴേക്ക് പതിക്കാവുന്ന വിധത്തിലാണ് മലയുടെ മുകള്‍ ഭാഗത്ത് പാറക്കൂട്ടങ്ങള്‍ ഉള്ളത്. ഈ ഭാഗത്ത് തന്നെയാണ് ശക്തമായ ഉറവകളും പതിവില്ലാത്ത വിധത്തില്‍ രൂപപ്പെട്ടിട്ടുള്ളത്. പാറകള്‍ നില്‍ക്കുന്നയിടത്തെ മണ്ണ് ഒലിച്ചു പോയിട്ടുണ്ട്. നൂറിലധികം കുടുംബങ്ങള്‍ ഈ മേഖലയില്‍ താമസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തമായതോടെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. വാഴോറമലയിലെ കുടുംബങ്ങളെ സംരക്ഷിക്കാന്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. പനങ്ങാട്, കൂരാച്ചുണ്ട് പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന മണിച്ചേരി മേഖലയിലും മലയിടിച്ചില്‍, ഭൂമിയില്‍ വിള്ളല്‍ എന്നിവ തുടരുന്നു.
കഴിഞ്ഞ ദിവസമാണ് രണ്ട് പാറകള്‍ മണിച്ചേരിമല - എട്ടിയില്‍ താഴെ ചെരിയംപുറം റോഡില്‍ എട്ടിയില്‍ താഴെ ഭാഗത്ത് പതിച്ചത്. 2019 ല്‍ ഭൂമിക്ക് വിള്ളലുണ്ടായ മേഖല കൂടിയാണിത്. മണിച്ചേരി മലയുടെ താഴ്ഭാഗത്തെ പൂവത്തും ചോലപ്രദേശത്തുള്ള മുപ്പതോളം കുടുംബങ്ങള്‍ ഭീതിയിലാണ്. 1984ല്‍ മണിച്ചേരി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം