ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് ഭര്‍ത്താവിന്റെ പരാതി, വിപരീത വാദങ്ങളുമായി ഭാര്യയും, വിശദ അന്വേഷണത്തിന് പൊലീസ്
കഴിഞ്ഞ ദിവസം വീട്ടില്‍ നടന്ന അക്രമത്തിന്റെ മൊബൈല്‍ ദൃശ്യവും ഭാര്യയും ബന്ധുക്കളും പുറത്തുവിട്ടു.
കോഴിക്കോട്: എലത്തൂരിൽ ജനനേന്ദ്രിയം മുറിച്ചെന്ന ഭര്‍ത്താവിന്റെ പരാതിക്കെതിരെ ഭാര്യ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തന്നെയും സഹോദരപുത്രനെയും കത്തി കൊണ്ട് അപായപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് കേസില്‍ കുടുക്കാന്‍ ലിംഗത്തില്‍ സ്വയം മുറിവുണ്ടാക്കിയതാണെന്നും വര്‍ഷങ്ങളായി ഉപദ്രവം സഹിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം വീട്ടില്‍ നടന്ന അക്രമത്തിന്റെ മൊബൈല്‍ ദൃശ്യവും ഭാര്യയും ബന്ധുക്കളും പുറത്തുവിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് തലക്കുളത്തൂര്‍ കോളിയോട്ടും ഭാഗത്ത് താമസിക്കുന്ന അമ്പത്താറുകാരന്‍ ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് എലത്തൂര്‍ പൊലീസിനെ വിളിച്ചറിയിക്കുന്നത്. ഇവരുടെ വീട്ടില്‍ ബഹളം നടക്കുന്നെന്ന് അയല്‍വാസികളും പൊലീസിനെ അറിയിച്ചിരുന്നു.
പൊലീസെത്തിയപ്പോള്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ മധ്യവയസ്കന്‍ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടി. എന്നാല്‍ ഭര്‍ത്താവ് തനിക്കെതിരെ കള്ളപ്പരാതി നല്‍കുകയായിരുന്നെന്ന് ഭാര്യയും മകള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഭര്‍ത്താവ് കഴുത്തില്‍ കത്തി വെച്ച് അറുക്കുമെന്ന് ഭീഷണിപ്പെടുത്തി.
പരസ്ത്രീ ബന്ധങ്ങളും നിരന്തര ശാരീരിക ഉപദ്രവങ്ങളും ചോദ്യം ചെയ്തതും മറ്റുമാണ് പ്രകോപിപ്പിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിയോടി. ഇതിനിടെ സഹോദരന്റെ മകന്റെ കൈക്കും കത്തി കൊണ്ട് കുത്തി. പിന്നീട് ഭര്‍ത്താവ് വീട്ടിലെ മുറിയില്‍ കയറി സ്വയം ലിംഗം മുറിച്ചെന്നും കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യ പറയുന്നു. വര്‍ഷങ്ങളായി ഭര്‍ത്താവിന്റെ ഉപദ്രവം ഉണ്ടെന്നും പരപുരുഷന്‍മാരെ വീട്ടിലെത്തിച്ച് സഹകരിക്കാന്‍ പ്രേരിപ്പിച്ചെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. വിവാഹപ്രായമായ മകളുടെ ഭാവി ഓര്‍ത്താണ് ഇതൊന്നും പുറത്തുപറയാതിരുന്നത്.
കുടുംബ വഴക്കുമായി ബന്ധപ്പെട്ട് ഭാര്യ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലും ഇയാള്‍ക്തെതിരെ എലത്തൂര്‍ പൊലീസ് കേസെടുത്തിരുന്നു. ലിംഗം മുറിച്ചു മാറ്റിയെന്ന പരാതിയില്‍ നിലവില്‍ കേസെടുത്തിട്ടില്ല. ആശുപത്രിയില്‍ ഡിസ്ചാര്‍ജായ ശേഷം ഇയാള്‍ വീട്ടിലെത്തിയിട്ടില്ലെന്നും മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു. രണ്ട് പരാതികളിലും അന്വേഷണം നടക്കുകയാണ്.