Asianet News MalayalamAsianet News Malayalam

'വീഡിയോകോളിലേ കണ്ടിട്ടുള്ളൂ'; ഹെലന്‍റെ 12 വർഷത്തെ കാത്തിരിപ്പ് വിഫലം, ഒടുവിലെത്തുന്നത് പപ്പയുടെ ചേതനയറ്റ ശരീരം

12 വർഷമായി നടത്തുന്ന നാടണയാനുള്ള പരിശ്രമം ഫലം കണ്ടു തുടങ്ങിയ ഘട്ടത്തിലാണ് ഷിജുവിന്‍റെ മരണം. 

Helen wait for her father more than 12 years in vain expat died in saudi arabia due to heart attack
Author
First Published May 13, 2024, 10:25 AM IST

ഹരിപ്പാട്: 12 വര്‍ഷത്തിലേറെയായി പപ്പയെ നേരില്‍ കാണുന്നതിനുള്ള 15 വയസുകാരി ഹെലന്‍റെ കാത്തിരിപ്പ് വിഫലം. രണ്ടര വയസ്സുള്ളപ്പോൾ ജോലിക്കായി സൗദി അറേബ്യയിലേക്ക് പോയ പപ്പയെ കണ്ട ഓർമ പോലും ഹെലനില്ല. ആദ്യം ഫോണിലൂടെയുള്ള ശബ്ദവും പിന്നീട് വീഡിയോ കോളിലൂടെയുള്ള രൂപവുമായിരുന്നു ഹെലന് തന്റെ പ്രിയപ്പെട്ട പപ്പ. എല്ലാ പ്രശ്നങ്ങളും പ്രയാസങ്ങളും മാറി അച്ഛൻ ഷിജു കൊച്ചുകുഞ്ഞ് നാട്ടിലേക്കെത്തുന്നുവെന്ന സന്തോഷത്തിലായിരുന്നു ഹെലന്‍. എന്നാൽ ഹൃദയാഘാതത്തിന്റെ രൂപത്തിൽ വിധി ഷിജുവിനെ ഹെലനിൽ നിന്ന് തട്ടിയെടുത്തു. 

പള്ളിപ്പാട് പുല്ലമ്പട തയ്യിൽ വീട്ടിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ മകൻ ഷിജു (49) സൗദിയിലെ ജുബൈലിലാണ് മരിച്ചത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം. മൃതദേഹം ജുബൈലിലെ ജനറൽ ആശുപത്രി മോർച്ചറിയിലാണ്. വർഷങ്ങള്‍ക്ക് മുൻപാണ് ജോലി തേടി ഷിജു സൗദിയിൽ പോയത്. സ്പോൺസറുടെ പെട്ടെന്നുള്ള മരണം ഷിജുവിന്റെ പ്രതീക്ഷകൾ തകർത്തു. രേഖകളെല്ലാം തിരികെ കിട്ടാൻ കാലതാമസമെടുത്തു. വിവിധ കമ്പനികളിൽ ജോലി ചെയ്തെങ്കിലും വർക്ക് പെർമിറ്റ് (ഇഖാമ) ലഭിക്കാത്തതിനാൽ നാട്ടിലേക്ക് വരാൻ കഴിഞ്ഞില്ല. 12 വർഷമായി നടത്തുന്ന നാടണയാനുള്ള പരിശ്രമം ഫലം കണ്ടു തുടങ്ങിയ ഘട്ടത്തിലാണ് മരണം. 

കുടുംബത്തോടൊപ്പം ചേരാനുള്ള അതിയായ ആഗ്രഹം ഓരോ വിളിയിലും പ്രകടമായിരുന്നെന്ന് ഭാര്യ ബിൻസി പറഞ്ഞു. പക്ഷാഘാതം വന്ന് കിടക്കുന്ന സഹോദരൻ രാജുവിനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുമായിരുന്നു. ഈ മാസം നാലിനാണ് ഷിജു അവസാനമായി വിളിച്ചത്. അന്ന് തന്നോട് പപ്പ പതിവിലധികം സമയം സംസാരിച്ചതായി ഹെലൻ പറഞ്ഞു. കേടായ സൈക്കിൾ ഇനി എടുക്കേണ്ടെന്നും പുതിയത് വാങ്ങിത്തരാമെന്നും പറഞ്ഞു. ഞായറാഴ്ചയും വിളിച്ചെങ്കിലും സാങ്കേതിക തകരാർ മൂലം സംസാരിക്കാൻ കഴിഞ്ഞില്ല. സുഹൃത്ത് സതീഷ് കുമാറാണ് ഷിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം വീട്ടുകാരെ അറിയിച്ചത്. പിന്നീട് കുടുംബത്തെ തീരാകണ്ണീരിലാഴ്ത്തി മരണ വാർത്തയെത്തി. കാൽ നൂറ്റാണ്ട് പ്രവാസ ജീവിതം നയിച്ചെങ്കിലും കുടുംബ വക വസ്തുവിൽ നിർമിച്ച വീട് മാത്രമാണ് ആകെ സമ്പാദ്യം.  മൃതദേഹം ഇന്ന് നാട്ടിലെത്തിക്കാൻ കഴിഞ്ഞേക്കും.

'എല്ലാ ആപത്തിലും കൂടെ നിന്നിട്ടുള്ളവനാ'; തെരുവുനായയുടെ ജന്മദിനമാഘോഷിച്ച് നാട്ടുകാർ, 100 ബിരിയാണി വിതരണം ചെയ്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios