രഹസ്യ ഇടപാട്, അളക്കാൻ ഇലക്ട്രോണിക് ത്രാസ്; ചങ്ങനാശ്ശേരിയിൽ കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് പൊക്കി
അതിനിടെ ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് പാർട്ടി പറാൽ ഭാഗത്ത് നടത്തിയ റെയ്ഡിൽ ചാരായവും കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് കേസുകളിലായി കഞ്ചാവ് വിൽപ്പന നടത്തിയ രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇൻസ്‌പെക്ടർ ബിനു.ജെ.എസും പാർട്ടിയും ചേർന്നു നടത്തിയ പട്രോളിംഗിലാണ് യുവാക്കളെ കഞ്ചാവുമായി പൊക്കിയത്. വാകത്താനം സ്വദേശി ഷിജോ പി മാത്യു എന്നയാളെ 1.1 കിലോഗ്രാം കഞ്ചാവുമായും, പള്ളിക്കാട് സ്വദേശി റെനീഷ് കെ രാജ് എന്നയാളെ 1.124 കിലോഗ്രാം കഞ്ചാവുമായുമാണ് അറസ്റ്റ് ചെയ്തത്.
ആവശ്യക്കാർക്ക് അഥീവ രഹസ്യമായി കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു ഇവരെന്ന് എക്സൈസ് സംഘം പറഞ്ഞു. പരിശോധനയിൽ കഞ്ചാവ് തൂക്കി ചില്ലറ വിൽപന നടത്തുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും കണ്ടെത്തിയിട്ടുണ്ട്. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണന്‍.എ.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപകുമാർ പി ബി, അമൽദേവ്, കെ ഷിജു, സിവിൽ എക്സൈസ് ഓഫീസർ ഡ്രെവര്‍ റോഷി വര്‍ഗീസ് എന്നിവർ പങ്കെടുത്തു.
അതിനിടെ ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് പാർട്ടി പറാൽ ഭാഗത്ത് നടത്തിയ റെയ്ഡിൽ ചാരായവും കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പരിശോധനയിൽ 8.5 ലിറ്റർ ചാരായം, 90 ലിറ്റർ വാഷ് , ഗ്യാസ് സിലിണ്ടർ, അടുപ്പ്, മറ്റ് വാറ്റ് ഉപകരണങ്ങൾ എന്നിവ എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശി ശ്യാംകുമാർ എന്നയാളെ എക്സൈസ് അറസ്റ്റു ചെയ്തു. വാഴപ്പള്ളി സ്വദേശി സുരേഷ് എന്നയാളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
ചങ്ങനാശ്ശേരി റേഞ്ച് ഇൻസ്പക്ടർ ടിഎസ് പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റെയ്ഡിൽ അസി എക്സൈസ് ഇൻസ്പക്ടർ വിഎൻ പ്രദീപ്കുമാർ, പ്രിവന്‍റീവ് ആഫീസർ ആന്‍റണി മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് കെ നാണു, ലാലു തങ്കച്ചൻ, അച്ചു ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെഎം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മനീഷ്കുമാർ എന്നിവർ പങ്കെടുത്തു.