'മാഡ് മാക്സ്' പ്രൈവറ്റ് ഗ്രൂപ്പിൽ ഇടപാട്, ഡോർ ടു ഡോർ സാധനമെത്തും; എല്ലാം വെറൈറ്റി ഡ്രഗ്സ്, ഒടുവിൽ പിടി വീണു
സമൂഹ മാധ്യമങ്ങൾ വഴി 'മാഡ് മാക്സ് ' എന്ന പ്രത്യേക പ്രൈവറ്റ് ഗ്രൂപ്പുണ്ടാക്കി അതിലൂടെയായിരുന്നു പ്രതികൾ മയക്കുമരുന്ന് വിൽപ്പന നടത്തിയതെന്ന് എക്സൈസ് വ്യക്തമാക്കി.
കൊച്ചി:എറണാകുളത്ത് മയക്കുമരുന്ന് ഡോർ ഡെലിവറി നടത്തുന്ന സംഘത്തെ എക്സൈസ് പിടികൂടി. 'മാഡ് മാക്സ്' എന്നറിയപ്പെട്ടിരുന്ന രണ്ടംഗ സംഘത്തെയാണ് വ്യത്യസ്ത ഇനം മയക്ക് മരുന്നുകളുമായി എക്സൈസ് കസ്റ്റഡിയിലെടുത്തത്. കാസർഗോഡ് ബംബരാണ സ്വദേശി 'ഷേണായി' എന്ന് വിളിക്കുന്ന സക്കറിയ (32 ) ഇടുക്കി ഉടുമ്പൻ ചോല സ്വദേശി അമൽ വർഗ്ഗീസ് (26) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്, എറണാകുളം ഐ.ബി, എറണാകുളം ടൗൺ നോർത്ത് സർക്കിൾ എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.
പരിശോധനയിൽ ഇവരുടെ കൈയ്യിൽ നിന്നും താമസസ്ഥലത്തുനിന്നുമായി അത്യന്തം മാരകമായയ പൗഡർ രൂപത്തിലുള്ള 62.574 ഗ്രാമോളം വൈറ്റ് മെത്തും, മൈസൂർ മാംഗോ എന്ന വിളിപ്പേരുള്ള 3.3 കിലോയോളം മുന്തിയ ഇനം കഞ്ചാവും, മാനസിക വിഭ്രാന്തിയുള്ളവർക്ക് സമാശ്വാസത്തിനായി നൽകുന്ന അതിമാരകമായ മയക്കുമരുന്ന് ഗുളികകളും (14.818 ഗ്രാം) കണ്ടെടുത്തു. സമൂഹ മാധ്യമങ്ങൾ വഴി 'മാഡ് മാക്സ് ' എന്ന പ്രത്യേക പ്രൈവറ്റ് ഗ്രൂപ്പുണ്ടാക്കി അതിലൂടെയായിരുന്നു പ്രതികൾ മയക്കുമരുന്ന് വിൽപ്പന നടത്തിയതെന്ന് എക്സൈസ് വ്യക്തമാക്കി.
മുൻകൂട്ടിയുള്ള ഓർഡർ അനുസരിച്ച് ആവശ്യക്കാർക്ക് രാത്രി ആകുന്നതോടു കൂടി ഡോർ ഡെലിവറി നടത്തുകയാണ് പതിവ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇരുവരും കഴിഞ്ഞ മാസമാണ് ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങിയത്. തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എക്സൈസ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി മുൻ കേസുകളിൽ പ്രതിയായിട്ടുള്ളവരെയെല്ലാം സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ചീഫ് അസി.എക്സൈസ് കമ്മീഷണർ ടി. അനികുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നിരീക്ഷിച്ച് വരുകയായിരുന്നു.
വൈറ്റില ചക്കരപ്പറമ്പിന് സമീപം ആവശ്യക്കാരെ കാത്ത് ആഡംബര ബൈക്കിൽ ഇരിക്കുകയായിരുന്ന ഇരുവരേയും എക്സൈസ് സംഘം തന്ത്രപരമായി വളയുകയായിരുന്നു. പിടിയിലാകുമെന്ന് മനസ്സിലായ ഇരുവരും അക്രമാസക്തരായി അപകടകരമായ രീതിയിൽ ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മാഡ് മാക്സ് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകും.
പ്രതികളിൽ നിന്നും വ്യത്യസ്ത ഇനം മയക്ക് മരുന്നുകൾ തൂക്കുന്നതിനുള്ള റൗണ്ട് ടോപ്പ് വേയിങ് മെഷിൽ, നാനോ വേയിംഗ് മെഷിൻ, മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ്, രണ്ട് സ്മാർട്ട് ഫോണുകൾ, വ്യത്യസ്ത അളവിലെ സിപ് ലോക്ക് കവറുകൾ എന്നിവയും, 16500 രൂപയും, ഇവരുടെ ആഡംബര ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു.
എറണാകുളം സി.ഐ എം.എസ്.ജനീഷ് കുമാർ, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ എൻ.ഡി. ടോമി, ഐ.ബി പ്രിവൻ്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, എറണാകുളം സർക്കിളിലെ അസ്സി.ഇൻസ്പെക്ടർ എം.കെ. ഷാജി, സിവിൽ എക്സൈസ് ഓഫീസർ ശരത്ത് എസ്, ദീപക് വി.എം എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.