പൊലീസിനെതിരെ നിലപാട് കടുപ്പിച്ച് ഡിവൈഎഫ്ഐ; കോഴിക്കോട് കമ്മീഷണർക്കെതിരെ പരസ്യ പ്രതിഷേധം പ്രഖ്യാപിച്ചു
'നിരപരാധികളെ വേട്ടയാടുന്നു' എന്ന് ആരോപിച്ചാണ് ഡി വൈ എഫ് ഐ ഇന്ന് വൈകിട്ട് പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചത്
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിലെ പൊലീസ് നടപടികൾക്കെതിരെ നലപാട് കടുപ്പിച്ച് ഡി വൈ എഫ് ഐ രംഗത്ത്. സിറ്റി പൊലീസ് കമ്മീഷണർക്കെതിരെയാണ് പ്രധാനമായും ഡി വൈ എഫ് ഐയുടെ രോഷം. കമ്മീഷണർക്കെതിരെ പരസ്യ പ്രതിഷേധ പ്രകടനവും ഡി വൈ എഫ് ഐ പ്രഖ്യാപിച്ചിട്ടുണ്ട്. 'നിരപരാധികളെ വേട്ടയാടുന്നു' എന്ന് ആരോപിച്ചാണ് ഡി വൈ എഫ് ഐ ഇന്ന് വൈകിട്ട് പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചത്. മെഡിക്കൽ കോളേജ് പരിസരത്ത് ഡി വൈ എഫ് ഐ ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും പ്രതിഷേധ പ്രകടനം.
കോഴിക്കോട് മെഡി. കോളേജ് ആക്രമണ കേസ്; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ജനാധിപത്യ മഹിള അസോസിയേഷൻ
അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസ് ജീവനക്കാർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ജനാധിപത്യ മഹിള അസോസിയേഷനും രംഗത്തെത്തിയിരുന്നു. പ്രതികൾക്ക് വേണ്ടിയുളള തെരച്ചിലിന്‍റെ പേരിൽ ഡി വൈ എഫ് ഐ പ്രവർത്തകരുടെ വീട്ടിൽക്കയറി സ്ത്രീകൾക്കെതിരെ പൊലീസ് അതിക്രമം കാണിക്കുന്നെന്നതടക്കമുള്ള ആക്ഷേപമാണ് ജനാധിപത്യ മഹിള അസോസിയേഷൻ മുന്നോട്ടുവച്ചത്. ഇടത് സർക്കാരിന്‍റെ നയം പൊലീസ് അട്ടിമറിക്കുന്നെന്നും ആരോപിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ കോഴിക്കോട് നഗരത്തിൽ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. പൊലീസ് തെരച്ചിലിന്‍റെ ഭാഗമായി പൂർണ ഗർഭിണിയെ അടക്കം പരസ്യമായി അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും വ്യക്തമാക്കിയ സി പി എം സംസ്ഥാന സമിതി അംഗം കൂടിയായ മഹിള നേതാവ് കെ കെ ലതിക ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.
'സിപിഎം പ്രവര്‍ത്തകരെ വേട്ടയാടുന്നു': പൊലീസിനെതിരെ സിപിഎം കോഴിക്കോട് നേതൃത്വം
അതിനിടെ സിറ്റി പൊലീസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റും രംഗത്തെത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൻ്റെ പേരിൽ പ്രതികളായ പാർട്ടി പ്രവർത്തകരുടെ കുടുംബാംഗങ്ങളെ വേട്ടയാടുകയാണെന്നും സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായാണ് പൊലീസ് സേനയിലെ ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നും സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരേയും അതിരൂക്ഷ വിമര്‍ശനമാണ് സി പി എം ജില്ലാ നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്.