Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് കുടിവെള്ളം മുട്ടിയപ്പോൾ പ്രൊഫൈൽ ചിത്രം മാറ്റി കലക്ടർ, കമന്റിൽ പരാതി പ്രളയം

നാലു ദിവസത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി തിരുവനന്തപുരത്ത് പമ്പിങ് ആരംഭിച്ചു. കോർപ്പറേഷൻ പരിധിയിലെ കുടിവെള്ള പ്രശ്നം പരിഹരിച്ചതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.

Collector changed his profile picture when drinking water crisis in Thiruvananthapuram
Author
First Published Sep 8, 2024, 10:43 PM IST | Last Updated Sep 8, 2024, 10:51 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ കുടിവെള്ള പ്രശ്നം രൂക്ഷമായ സമയത്ത് ഫേസ്ബുക്കിൽ പ്രൊഫൈൽ ചിത്രം പുതിയതാക്കി കലക്ടർ അനുകുമാരി. പിന്നാലെ പരാതി പ്രളയുമായി നാട്ടുകാരെത്തി. ബഹുമാനപ്പെട്ട മാഡം, ഞങ്ങൾക്ക് വെള്ളം നൽകി രക്ഷിക്കണം. രാത്രി ഉറക്കമൊഴിഞ്ഞ് വെള്ളത്തിനായി കാത്തിരിക്കുകയാണെന്ന് നാട്ടുകാർ കമന്റിട്ടു. ന​ഗരത്തിലെ 5 ലക്ഷത്തോളം ജനങ്ങൾ വെള്ളമില്ലാതെ പ്രയാസപ്പെടുകയാണെന്നും പലരും അഭിപ്രായപ്പെട്ടു. 

അതേസമയം, നാലു ദിവസത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി തിരുവനന്തപുരത്ത് പമ്പിങ് ആരംഭിച്ചു. കോർപ്പറേഷൻ പരിധിയിലെ കുടിവെള്ള പ്രശ്നം പരിഹരിച്ചതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. പമ്പിങ് തുടങ്ങിയതോടെ നഗരത്തിൽ ഉടൻ കുടിവെള്ളമെത്തും. ഒന്നര മണിക്കൂർ കൊണ്ട് താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം എത്തുമെന്നും മൂന്ന് മണിക്കൂർ കൊണ്ട് എല്ലായിടങ്ങളിലും കുടിവെള്ളം എത്തുമെന്നും മേയർ അറിയിച്ചു. ഇത്തരം വലിയ പ്രവർത്തികൾ നടത്തുമ്പോൾ നഗരസഭയെ അറിയിക്കണമെന്ന് ജല അതോറിറ്റിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണോ എന്നത് സർക്കാർ തീരുമാനിക്കണമെന്നും മേയർ മാധ്യമങ്ങളോട് പ്രതികരിച്ചു. 

Read More... തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്നം; കോൺഗ്രസ്-സിപിഎം ജനപ്രതിനിധികൾക്കെതിരെ വിമ‍ര്‍ശനവുമായി രാജിവ് ചന്ദ്രശേഖര്‍

നേരത്തെ, വെള്ള പ്രശ്നം വൈകുന്നേരത്തോടെ പരിഹരിക്കപ്പെടുമെന്ന് അറിയിച്ചെങ്കിലും രാത്രിയായിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. വീണ്ടും ഒന്നര മണിക്കൂർ വേണമെന്നാണ് വി ശിവൻകുട്ടി പറഞ്ഞത്. തിരുവനന്തപുരം- കന്യാകുമാരി റെയിൽവെ ലൈൻ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈൻ മാറ്റിയിടുന്നതിന് വാട്ടര്‍ അതോറിറ്റി തുടങ്ങിവച്ച പണിയാണ് നഗരവാസികളെ നെട്ടോട്ടമോടിച്ചത്. നാൽപ്പത്തെട്ട് മണിക്കൂര്‍ പറഞ്ഞ പണി നാല് ദിവസമായിട്ടും തീര്‍ന്നില്ല. തിരുവനന്തപുരം നഗരസഭയിലെ നാൽപ്പത്തിനാല് വാര്‍ഡുകളിൽ ഇത്രയും ദിവസമായി തുള്ളി വെള്ളം എത്തിയിരുന്നില്ല. കനത്ത പ്രതിഷേധങ്ങൾക്കിടെ രാവിലെ തുടങ്ങിയ പരീക്ഷണ പമ്പിംഗ് വാൽവിലെ ചോര്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തിവച്ചതോടെ അനിശ്ചിതത്വം കനക്കുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios