യുവതിയുടെ കാർ വാടകയ്ക്ക് എടുത്ത് മുങ്ങി, തിരികെ തരാമെന്ന് മറ്റൊരാൾ, പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്
വാടകയ്ക്ക് വാങ്ങിയ കാർ വ്യാജ രേഖകളുണ്ടാക്കി മറിച്ചുവിറ്റു. പണം നൽകിയാൽ തിരികെ നൽകാമെന്ന് വ്യക്തമാക്കി മറ്റൊരാൾ. സിനിയെ വെല്ലുന്ന ചേസിനും ട്വിസ്റ്റിനും ഒടുവിൽ ഒരാൾ പിടിയിൽ
തിരുവനന്തപുരം: കടയ്ക്കാവൂരിൽ കാർ വാടകയ്ക്ക് എടുത്ത് മറി ച്ചു വിൽക്കുന്ന സംഘത്തിലെ പ്രതി അറസ്റ്റിൽ. കടയ്ക്കാവൂർ ഗുരുവിഹാർ ഇർഫാൻ ഹൗസിൽ ഹണി എന്ന യുവതിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഒരാൾ അറസ്റ്റിലായത്. യുവതിയുടെ കയ്യിൽ നിന്ന് ജനുവരി മാസത്തിലാണ് കാർ വക്കം കായൽവാരത്തുള്ള അനസും അഞ്ചൽ സ്വദേശിയുമായ റിയാസ് ഖാനും ചേർന്ന് വാടകയ്ക്ക് എടുത്തത്. കരാർ കാലാവധി കഴിഞ്ഞ ശേഷം ഇവർ തിരികെ നൽകാതെ ഒളിവിൽ പോവുകയായിരുന്നു. യുവതിയുടെ പരാതിയിൽ കടയ്ക്കാവൂർ പൊലീസ് പ്രതികളെ തെരയുന്നതിന് ഇടയിലാണ് യുവതിയുടെ ഭർത്താവിന് ബീമാപ്പള്ളി സ്വദേശിയുടെ ഫോൺ വിളി എത്തുന്നത്.
KL 16 V 6320 രജിസ്ട്രേഷൻ നമ്പർ ഉള്ള നീല മാരുതി സ്വിഫ്റ്റ് കാർ തങ്ങളുടെ കയ്യിലുണ്ടെന്നും 240000 രൂപ തന്നാൽ കാർ തിരികെ നൽകാമെന്നായിരുന്നു അർഷാദും ഒപ്പമുണ്ടായിരുന്ന ജവാദ്ഖാനും യുവതിയുടെ ഭർത്താവിനെ അറിയിച്ചത്. യുവതി വിവരം പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസ് നിർദ്ദേശിച്ചത് അനുസരിച്ച് യുവതിയുെ ഭർത്താവും ഇവരോട് സംസാരിക്കുകയായിരുന്നു. ഇവരോട് തിരുവനന്തപുരം വിമാനത്താവളത്തിന് സമീപത്ത് സമീപം പണവുമായി എത്താൻ ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാർ പൊലീസ് നിർദ്ദേശം പിന്തുടർന്ന് തിരുവനന്തപുരത്തേക്ക് എത്തി. സ്വകാര്യ കാറിൽ പോയ ഇവരെ പൊലീസ് വിവിധ സംഘങ്ങളായി പിന്തുടരുകയായിരുന്നു.
വിമാനത്താവളത്തിന് സമീപത്ത് എത്താൻ പറ്റിയില്ലെന്നും ബീമാപള്ളിയിലും മറ്റ് പലയിടത്തും എത്താൻ യുവതിയോടും ഭർത്താവിനോടും സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണവുമായി ഇവിടേക്ക് എത്താൻ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ കാറുമായി പരുത്തിക്കുഴിയിലേക്ക് വരാൻ പൊലീസ് നിർദ്ദേശം യുവതി തട്ടിപ്പ് സംഘത്തോട് പറയുകയുമായിരുന്നു. പരുത്തിക്കുഴിയിൽ ബൈക്കിലെത്തിയ മുട്ടത്തറ ബീമാപള്ളി വള്ളക്കടവ് ഷിഫ മൻസിൽ ജവാദ് ഖാൻ ഇവരിൽ നിന്നും പണം വാങ്ങി. പണവുമായി ബൈക്കിൽ പോയ യുവാവിനെ പൊലീസ് പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിലാണ് കാർ വാടകയ്ക്ക് എടുത്ത ശേഷം വ്യാജ രേഖയുണ്ടാക്കി വിറ്റതായി മനസിലാവുന്നത്. 220000 രൂപയ്ക്കാണ് കാർ വാങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കടയ്ക്കാവൂർ എസ്എച്ച് ഓ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ജയപ്രസാദ്, ശ്രീകുമാർ ഷാഫി, വലിയതുറ സബ് ഇൻസ്പെക്ടർ, എസ്സിപിഒ മാരായ സുഗുണൻ, ജയശങ്കർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അനസ്,റിയാസ് ഖാൻ,അർഷാദ് എന്നിവരെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം