ഇവിടെയെത്തിയാൽ ബഗ്ഗി കാറുകളില്‍ കാട്ടിലൂടെ പോകാം, ആമ പാര്‍ക്കിലിറങ്ങാം, പിന്നെ പക്ഷി നിരീക്ഷണവും
തേക്കടിയിലെ പുതിയ ഇക്കോടൂറിസം പരിപാടിയായിട്ടാണ് ബഗ്ഗികാറുകളിൽ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കിയത്.
ഇടുക്കി: തേക്കടിയിലെത്തുന്ന സഞ്ചാരികൾക്ക് കാനന ഭംഗി തൊട്ടറിഞ്ഞ് യാത്ര നടത്താൻ വനം വകുപ്പിന്‍റെ ബഗ്ഗി കാറുകൾ എത്തി. സ്വദേശ വിദേശ സഞ്ചാരികൾക്ക് വനം വകുപ്പിന്‍റെ ചെക്ക്‌പോസ്റ്റിൽ നിന്നും ബഗ്ഗി കാറിൽ കയറി വനത്തിലൂടെ തേക്കടി ബോട്ട് ലാൻറിംഗിലേക്ക് യാത്ര ചെയ്യാം.പെരിയാർ കടുവ സങ്കേതത്തിലെ വനത്തിനുള്ളിൽ നിന്നും പാർക്കിംഗ് പുറത്തേക്ക് മാറ്റിയതിനാൽ വനംവകുപ്പിന്‍റെ ബസ്സുകളിലും കാൽനടയായുമാണ് സഞ്ചാരികൾ തേക്കടിയിലിപ്പോഴെത്തുന്നത്. പുതിയ ഇക്കോടൂറിസം പരിപാടിയായിട്ടാണ് ബഗ്ഗികാറുകളിൽ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കിയത്.
തേക്കടി ചെക്ക് പോസ്റ്റ് മുതൽ ബോട്ട് ലാൻഡിങ് വരെയുള്ള വനത്തിലൂടെയാണ് ബഗ്ഗി കാറിൽ വനഭംഗി ആവോളം ആസ്വദിച്ചു യാത്ര ചെയ്യാൻ കഴിയുന്നത്. മൂന്നര കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയ്ക്കിടെ ആമ പാർക്കിലിറങ്ങി ചിത്രങ്ങൾ പകർത്തുകയും ചെയ്യാം. യാത്രക്കാർക്ക് പക്ഷി നിരീക്ഷണത്തിന് ബൈനോക്കുലറും ലഭിക്കും. തേക്കടി കാടിനേക്കുറിച്ച് ആഴത്തിലുള്ള വിവരങ്ങൾ നൽകാൻ പരിശീലനം ലഭിച്ച വനം വകുപ്പ് വാച്ചർ മാരായ ഗൈഡിൻറെ സേവനവുമുണ്ടാകും. ഒരു മണിക്കൂർ കൊണ്ട് പൂർത്തിയാകുന്ന യാത്രക്ക് ഒരാൾക്ക് ഇരുനൂറ് രൂപയാണ് ടിക്കറ്റ് നിരക്ക്.
അഞ്ചുപേർക്ക് സഞ്ചരിക്കാൻ കഴിയുന്ന രണ്ടു ബഗ്ഗികാറുകളാണെത്തിച്ചിരിക്കുന്നത്. ഏഴു ലക്ഷം രൂപയാണ് ഒരെണ്ണത്തിൻറെ വില. ബസിൽ കയാറാൻ ബുദ്ധിമുട്ടുള്ളവർക്കും നടക്കാൻ കഴിയാത്തവർക്കും വളരെ ഉപകാരപ്രദമാണിത്. ഇതോടൊപ്പം വനംവകുപ്പ് ജീവനക്കാർക്കുള്ള ബോട്ട് ഉപയോഗിച്ചുള്ള സവാരിയുൾപ്പെടെ രണ്ട് വിനോദ പരിപാടികൾ കൂടി ഉടൻ ആരംഭിക്കും. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബഗ്ഗികാർ ചാർജജ് ചെയ്യാൻ ചെക്ക്‌പോസ്റ്റിലും ബോട്ട് ലാൻഡിങിലും സൗകര്യം ഏർപ്പെടുത്തി. തദ്ദേശീയരായ ആദിവാസി വിഭാഗത്തിൽ പെട്ട രണ്ടു പേർക്ക് കാറിൽ ജോലിയും ലഭിക്കും.