എയ്ഡന് കൂട്ടായി അയിറ, അനുപമക്കും അജിത്തിനും പെൺകുഞ്ഞ് പിറന്നു!
സിപിഎമ്മിനെയും സര്‍ക്കാരിനെയും ശിശുക്ഷേമ സമിതിയെയും പ്രതിക്കൂട്ടിലാക്കിയ വിവാദമായിരുന്നു സംഭവം. ഇവരുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയെന്നായിരുന്നു ആരോപണം.
തിരുവനന്തപുരം: ദീർഘനാളത്തെ നിയമ പോരാട്ടത്തിലൂടെ സ്വന്തം കുഞ്ഞിനെ തിരികെ ലഭിച്ച അനുപമ -അജിത്ത് ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. അയിറ അനു അജിത് എന്നാണ് പേരിട്ടത്. എയ്ഡൻ എന്നായിരുന്നു മൂത്ത കുട്ടിയുടെ പേര്. ബന്ധുക്കളുടെ സമ്മർദ്ദം മൂലം അനുപമയ്ക്ക് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കേണ്ടി വന്നത് ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു റിപ്പോർട്ട് ചെയ്തത്. പിന്നാലെ അനുപമയും അജിത്തും നടത്തിയ പോരാട്ടത്തിനൊടുവിൽ കുഞ്ഞിനെ തിരികെ ലഭിക്കുകയായിരുന്നു.
കുഞ്ഞിന് വേണ്ടിയുള്ള അനുപമയുടെയും അജിത്തിന്റെയും പോരാട്ടം ഏറെ മാധ്യമ ശ്രദ്ധ നേടി ചർച്ചയായിരുന്നു. സിപിഎമ്മിനെയും സര്‍ക്കാരിനെയും ശിശുക്ഷേമ സമിതിയെയും പ്രതിക്കൂട്ടിലാക്കിയ വിവാദമായിരുന്നു സംഭവം. ഇവരുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയെന്നായിരുന്നു ആരോപണം.
നിയമപോരാട്ടത്തിനൊടുവില്‍ അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചു. അനുപമയുടെ മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ച കുഞ്ഞിനെ പിന്നീട് ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കുകയായിരുന്നു. സംഭവം വിവാദമായതോടെ ആന്ധ്രാ ദമ്പതികളില്‍ നിന്ന് കുഞ്ഞിനെ കോടതിവഴി അനുപമയ്ക്ക് കൈമാറി.